കൊവിഡ് 19: ദോഹയില്‍ നിന്ന് 183 പ്രവാസികള്‍ കൂടി കരിപ്പൂരെത്തി

Update: 2020-05-19 00:56 GMT

കരിപ്പൂര്‍: കൊവിഡിന്റെ പശ്ചാത്തലത്തില്‍ ദോഹയില്‍ നിന്നുള്ള ഐ എക്‌സ് 374 എയര്‍ ഇന്ത്യ എക്‌സ്പ്രസ് വിമാനം 183 യാത്രക്കാരുമായി കരിപ്പൂരിലെ കോഴിക്കോട് അന്താരാഷ്ട്ര വിമാനത്താവളത്തിലെത്തി. രാത്രി 10.30 നാണ് വിമാനം കരിപ്പൂര്‍ വിമാനത്താവളത്തിലെ റണ്‍വേയില്‍ ഇറങ്ങിയത്. ഒമ്പത് ജില്ലകളില്‍ നിന്നായി 181 പേരും രണ്ട് തമിഴ്‌നാട് സ്വദേശികളുമാണ് വിമാനത്തിലുണ്ടായിരുന്നത്. 65 വയസ്സിന് മുകളില്‍ പ്രായമുള്ള 15 പേര്‍, 10 വയസ്സിനു താഴെ പ്രായമുള്ള 44 കുട്ടികള്‍, 61 ഗര്‍ഭിണികള്‍ എന്നിവരും സംഘത്തിലുണ്ടായിരുന്നു.

    കൊവിഡ് ജാഗ്രതാ നിര്‍ദേശങ്ങള്‍ പൂര്‍ണമായും പാലിച്ച് ജില്ലാ പോലിസ് മേധാവി യു അബ്ദുല്‍ കരീം, അസി. കലക്ടര്‍ രാജീവ് കുമാര്‍ ചൗധരി, ജില്ലാ മെഡിക്കല്‍ ഓഫിസര്‍ ഡോ. കെ സക്കീന, ഡെപ്യൂട്ടി കലക്ടര്‍ ഡോ. ജെ ഒ അരുണ്‍, കൊവിഡ് ലെയ്‌സണ്‍ ഓഫിസര്‍ ഡോ. എം പി ഷാഹുല്‍ ഹമീദ്, വിമാനത്താവള ഡയറക്ടര്‍ കെ ശ്രീനിവാസറാവു തുടങ്ങിയവര്‍ യാത്രക്കാരെ സ്വീകരിച്ചു.

    മലപ്പുറം-44, ആലപ്പുഴ-ഒന്ന്, എറണാകുളം-ഒന്ന്, കണ്ണൂര്‍-24, കാസര്‍കോഡ്-17, കോഴിക്കോട്-73, പാലക്കാട്-17, തൃശൂര്‍-രണ്ട്, വയനാട്-രണ്ട്്, രണ്ട് തമിഴ്‌നാട് സ്വദേശികള്‍ എന്നിങ്ങനെയാണ് സംഘത്തിലുണ്ടായിരുന്നത്. നാലുപേരെ വിവിധ ആരോഗ്യ പ്രശ്‌നങ്ങളാല്‍ ആശുപത്രികളില്‍ പ്രവേശിപ്പിച്ചു. ഇതില്‍ കണ്ണൂര്‍ സ്വദേശിക്കു മാത്രമാണ് കൊവിഡ് ലക്ഷണങ്ങള്‍ കണ്ടത്. ഇയാളെ കോഴിക്കോട് ഗവ. മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. വിവിധ ആരോഗ്യ പ്രശനങ്ങളുള്ള രണ്ട് കോഴിക്കോട് സ്വദേശികളെ മഞ്ചേരി ഗവ. മെഡിക്കല്‍ കോളജ് ആശുപത്രിയിലും ഗര്‍ഭിണിയായ മലപ്പുറം സ്വദേശിനിയെ കോഴിക്കോട് ഗവ. മെഡിക്കല്‍ കോളജ് ആശുപത്രിയിലും പ്രവേശിപ്പിച്ചു. 35 പേര്‍ കൊവിഡ് കെയര്‍ സെന്ററുകളിലും 144 പേര്‍ സ്വന്തം വീടുകളിലും ആരോഗ്യ വകുപ്പിന്റെ കര്‍ശന നിരീക്ഷണത്തിലാണ്.


Tags:    

Similar News