കൊവിഡ് 19 ആന്റിബോഡി പരിശോധന സ്വകാര്യ മേഖലയില്‍ നടത്താന്‍ അനുമതിയായി -പരിശോധനാ മാര്‍ഗനിര്‍ദ്ദേശങ്ങളും നല്‍കി
ആന്റിബോഡി പരിശോധനയ്ക്കുള്ള ഫീസ് സ്വീകരിക്കുന്നത് സംബന്ധിച്ച് സുപ്രീം കോടതി നല്‍കിയിട്ടുള്ള നിര്‍ദ്ദേശം പാലിക്കാന്‍ ആവശ്യപ്പെട്ടിട്ടുണ്ട്. 800 രൂപയാവും പരിശോധന ഫീസ്.
തിരുവനന്തപുരം: കൊവിഡ് 19 ആന്റിബോഡി പരിശോധന (ഐജിജി, ഐജിഎം) സ്വകാര്യ മേഖലയില്‍ നടത്താന്‍ അനുമതി നല്‍കി സര്‍ക്കാര്‍ ഉത്തരവായി. പരിശോധന നടത്തുന്നതിന് ലബോറട്ടറികളെ തിരഞ്ഞെടുക്കുന്നത്, ആന്റിബോഡി ടെസ്റ്റ് കിറ്റ്, പരിശോധന നടത്തേണ്ടവരെ തിരഞ്ഞെടുക്കുന്നത്, പരിശോധന നടത്തേണ്ടതെപ്പോള്‍, സാമ്പിള്‍ ശേഖരണം, പരിശോധന ഫലം അറിയിക്കുന്നത് തുടങ്ങിയവ സംബന്ധിച്ച മാനദണ്ഡങ്ങളും നിശ്ചയിച്ചു.
ശരീരശ്രവ പരിശോധനയില്‍ എന്‍എബിഎല്‍ അക്രഡിറ്റേഷനുള്ള ലാബുകള്‍ക്ക് പരിശോധിക്കാന്‍ അനുമതി നല്‍കും. ലാബുകള്‍ക്ക് കൊവിഡ് 19 ആന്റിബോഡി പരിശോധനയ്ക്ക് ഐസിഎംആറിന്റെ അംഗീകാരം ഉണ്ടായിരിക്കണം. ഐസിഎംആറും സംസ്ഥാന സര്‍ക്കാരും ഇതിനായി രൂപീകരിച്ചിട്ടുള്ള പോര്‍ട്ടലില്‍ ലാബുകള്‍ രജിസ്റ്റര്‍ ചെയ്തിരിക്കണം. കേരള സര്‍ക്കാരിന്റെ രജിസ്‌ട്രേഷന് covidpnsodedme@gmail.com എന്ന മെയില്‍ ഐ. ഡിയില്‍ ആവശ്യമായ രേഖകള്‍ അയയ്ക്കണം. പരിശോധനാ ഫലങ്ങള്‍ ലാബുകള്‍ സംസ്ഥാന ആരോഗ്യ വകുപ്പിന് ഓണ്‍ലൈന്‍ പോര്‍ട്ടല്‍ മുഖേന കൈമാറണം.
രജിസ്റ്റര്‍ ചെയ്ത ലാബുകള്‍ക്ക് ഓണ്‍ലൈന്‍ പോര്‍ട്ടലിന്റെ ലിങ്ക് നല്‍കും. ലാബുകള്‍ വിവരങ്ങള്‍ വെളിപ്പെടുത്തില്ലെന്ന കരാര്‍ ഒപ്പുവയ്ക്കണം. കമ്മ്യൂണിക്കേഷന്‍ പ്രോട്ടോകോള്‍ കരാറും ഉണ്ടാവും. കരാര്‍ പകര്‍പ്പ് അയയ്ക്കുന്ന ലാബുകളുടെ രജിസ്‌ട്രേഷന്‍ മാത്രമേ അംഗീകരിക്കൂയെന്ന് മാനദണ്ഡത്തില്‍ വ്യക്തമാക്കിയിട്ടുണ്ട്.
ആര്‍ടിപിസിആര്‍ നെഗറ്റീവായ കൊവിഡ് 19 സംശയിക്കുന്നവരിലും രോഗലക്ഷണമുള്ള ഹൈറിസ്‌ക് കോണ്ടാക്ട് വിഭാഗങ്ങളിലും ആന്റിബോഡി പരിശോധന നടത്താന്‍ നിശ്ചയിച്ചിട്ടുണ്ട്. കൊവിഡ് 19 രോഗികളെ ചികിത്സിക്കുന്ന ആരോഗ്യ പ്രവര്‍ത്തകരെയും അതികഠിനമായ ശ്വസനസംബന്ധ രോഗമുള്ളവരുടെ ക്ലസ്റ്ററുകളില്‍ ഉള്‍പ്പെടുന്നവരെയും പരിശോധനയ്ക്ക് വിധേയമാക്കും. രോഗനിര്‍ണയം നടത്തുന്നതിന് മുമ്പ് ശ്വസനസംബന്ധ രോഗം മാറിയവരിലും ആന്റിബോഡി പരിശോധന നടത്താമെന്ന് ഉത്തരവില്‍ വ്യക്തമാക്കിയിട്ടുണ്ട്. രോഗം സ്ഥിരീകരിച്ചവരുടെ ഹൈറിസ്‌ക് െ്രെപമറി, സെക്കന്‍ഡറി കോണ്ടാക്ടുകളിലും പരിശോധന നടത്തും.
ജനക്കൂട്ടത്തിനിടയില്‍ പോയവര്‍, കഴിഞ്ഞ 14 ദിവസത്തിനുള്ളില്‍ മരണാനന്തര ചടങ്ങുകള്‍, ഉത്സവങ്ങള്‍ എന്നിവയില്‍ പങ്കെടുത്ത രോഗലക്ഷണം കാട്ടിയവരിലും പരിശോധന നടത്താന്‍ നിര്‍ദ്ദേശിച്ചിട്ടുണ്ട്. കഴിഞ്ഞ 14 ദിവസത്തിനുള്ളില്‍ കൂടുതല്‍ രോഗം റിപ്പോര്‍ട്ട് ചെയ്ത പ്രദേശത്തുള്ളവരെയും പരിശോധിക്കാമെന്ന് മാനദണ്ഡത്തില്‍ പറയുന്നു.
രോഗലക്ഷണം ഉണ്ടായശേഷം ഏഴു ദിവസത്തിനകം ആന്റിബോഡി ടെസ്റ്റ് നടത്തണം. രോഗലക്ഷണമില്ലാത്ത ക്വാന്റൈനില്‍ കഴിയുന്നവര്‍ക്ക് 14 ദിവസം പൂര്‍ത്തിയാനാകുമ്പോള്‍ പരിശോധന നടത്താം. കൊവിഡ് 19 പരിശോധനയിലും പരിചരണത്തിലും ഏര്‍പ്പെട്ടിരിക്കുന്ന ആരോഗ്യപ്രവര്‍ത്തകര്‍ക്ക് നിശ്ചയിച്ചിട്ടുള്ള ക്വാറന്റൈന്‍ കാലാവധിക്ക് ശേഷം പരിശോധന നടത്തണമെന്ന് നിശ്ചയിച്ചിട്ടുണ്ട്. ഹൈറിസ്‌ക് വിഭാഗത്തില്‍ പെട്ടവര്‍ക്ക് രോഗിയുമായി നേരിട്ട് ബന്ധമുണ്ടായതിന്റെ ഏഴു മുതല്‍ 10 ദിവസത്തിനകം പരിശോധന നടത്തണം. ജനക്കൂട്ടത്തില്‍ പോയവര്‍, ഉത്സവങ്ങള്‍, മരണാനന്തരചടങ്ങുകള്‍, മറ്റു ചടങ്ങുകള്‍ എന്നിവയില്‍ പങ്കെടുത്തവരില്‍ ഏഴു മുതല്‍ 14 ദിവസത്തിനകം പരിശോധന നടത്താം.
ഐസിഎംആര്‍ നിര്‍ദ്ദേശിക്കുന്ന പരിശോധനാ കിറ്റുകളാണ് ഉപയോഗിക്കേണ്ടത്. https:/www.icmr.nic.in/content/covid-19 വെബ്‌സൈറ്റില്‍ അംഗീകാരമുള്ള കിറ്റുകളുടെ വിവരം ലഭ്യമാണ്. ലാബുകളില്‍ ഉപയോഗിക്കുന്ന കിറ്റുകള്‍ സംസ്ഥാന ഡ്രഗ്‌സ് കണ്‍ട്രോളര്‍ പരിശോധിക്കണമെന്നും നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.
ആശുപത്രികള്‍, ലബോറട്ടറികള്‍ എന്നിവിടങ്ങളില്‍ കൊവിഡ് 19 പരിശോധന സാമ്പിള്‍ ശേഖരിക്കാനുള്ള സംവിധാനം വേണം. നല്ല വായുസഞ്ചാരമുള്ള മുറികള്‍ വേണം ഇതിനായി തിരഞ്ഞെടുക്കേണ്ടത്. എസി മുറികള്‍ ഉപയോഗിക്കരുത്. സാമ്പിള്‍ ശേഖരിക്കുന്നയിടങ്ങളില്‍ സമൂഹിക അകലവും സുരക്ഷാ മുന്‍കരുതലും സ്വീകരിക്കണം. ലബോറട്ടറിയില്‍ കൊവിഡ് 19 പരിശോധനാ മേഖലയില്‍ എത്തുന്നവര്‍ക്ക് ആരോഗ്യവിദ്യാഭ്യാസം നല്‍കണം. കൈകഴുകാനും സാനിറ്റൈസ് ചെയ്യാനുമുള്ള സൗകര്യം ഇവിടങ്ങളില്‍ ഒരുക്കണം.
വീടുകളില്‍ നിന്നും സാമ്പിളുകള്‍ ശേഖരിക്കുന്നതിന് പരിശീലനം ലഭിച്ച ഒരു സംഘത്തെ ലാബുകള്‍ക്ക് നിയോഗിക്കാം. സംഘം എത്തുന്നതിന് മുമ്പ് വിവരം വീട്ടിലുള്ളവരെ അറിയിച്ചിരിക്കണം. മാസ്‌ക്കും പിപിഇയുമുള്‍പ്പെടെയുള്ള സുരക്ഷാ മുന്‍കരുതലുകള്‍ സ്വീകരിക്കണം. മെഡിക്കല്‍ മാലിന്യ പ്രോട്ടോക്കോളും ഉറപ്പാക്കണം.
പരിശോധന നടത്തുന്ന വ്യക്തിയില്‍ നിന്ന് ആവശ്യമായ മുഴുവന്‍ വിവരവും ശേഖരിച്ചുവെന്ന് ലാബിന്റെ നോഡല്‍ ഓഫിസര്‍ ഉറപ്പാക്കണം. സ്വകാര്യ ലാബിലെ മൈക്രോബയോളജിസ്‌റ്റോ ലാബ് ഇന്‍ ചാര്‍ജോ ആന്റിബോഡി പരിശോധന ഫലം അന്തിമമായി ഉറപ്പാക്കണം. ആരോഗ്യവകുപ്പിന്റെ പോര്‍ട്ടലില്‍ ലാബുകള്‍ ഫലം അപ്ലോഡ് ചെയ്യണം. ലാബുകള്‍ രോഗികളെ നേരിട്ട് ഫലം അറിയിക്കരുത്. ഇതിനുള്ള ചുമതല ആരോഗ്യവകുപ്പിനാണ്. ആരോഗ്യവകുപ്പിന്റെ അംഗീകാരം ലഭിച്ച ശേഷം മാത്രമേ പരിശോധിക്കുന്ന ഡോക്ടറെ ഫലം അറിയിക്കൂ.
ആന്റിബോഡി പരിശോധനയ്ക്കുള്ള ഫീസ് സ്വീകരിക്കുന്നത് സംബന്ധിച്ച് സുപ്രീം കോടതി നല്‍കിയിട്ടുള്ള നിര്‍ദ്ദേശം പാലിക്കാന്‍ ആവശ്യപ്പെട്ടിട്ടുണ്ട്. ആയുഷ്മാന്‍ ഭാരത് പ്രധാനമന്ത്രി ജന്‍ ആരോഗ്യ യോജനയില്‍ യോഗ്യതയുള്ളവര്‍ക്ക് പരിശോധന സൗജന്യമാക്കാന്‍ സുപ്രീം കോടതി നിര്‍ദ്ദേശിച്ചിട്ടുണ്ട്. സര്‍ക്കാര്‍ നിര്‍ദ്ദേശിക്കുന്ന മറ്റ് ദുര്‍ബല വിഭാഗങ്ങള്‍ക്കും സൗജന്യമായി പരിശോധന നടത്തും. അല്ലാതെയുള്ളവര്‍ക്ക് 800 രൂപയാവും പരിശോധന ഫീസ്. കാരുണ്യ ആരോഗ്യ സുരക്ഷാ പദ്ധതിയിലുള്ള ബിപിഎല്‍ രോഗികള്‍ക്ക് പരിശോധന സൗജന്യമായിരിക്കും. ലാബുകള്‍ക്ക് ഈ തുക കാരുണ്യ ആരോഗ്യ സുരക്ഷാ പദ്ധതിയില്‍ നിന്ന് തിരിച്ചുനല്‍കും. സുപ്രീംകോടതി, ഐസിഎംആര്‍, കേന്ദ്ര, സംസ്ഥാന സര്‍ക്കാരുകള്‍ എന്നിവരുടെ ഫീസ് സംബന്ധിച്ചുള്ള മാര്‍ഗനിര്‍ദ്ദേശങ്ങള്‍ കര്‍ശനമായി പാലിക്കാനും ആവശ്യപ്പെട്ടിട്ടുണ്ട്.