ബംഗളൂരുവില്‍ ഇന്ന് രാത്രി മുതല്‍ സമ്പൂര്‍ണ ലോക്ക് ഡൗണ്‍
നാടുകളിലേക്ക് മടങ്ങാന്‍ ആഗ്രഹിക്കുന്നവര്‍ തിങ്കളാഴ്ചതന്നെ മടങ്ങണമെന്നും ബംഗളൂരുവില്‍ ലോക്ഡൗണ്‍ കര്‍ശനമായിരിക്കുമെന്നും റവന്യൂ മന്ത്രി ആര്‍ അശോക മുന്നറിയിപ്പ് നല്‍കിയിരുന്നു.
ബംഗളൂരു: കൊവിഡ് വ്യാപനത്തെ തുടര്‍ന്ന് ബംഗളൂരുവില്‍ ചൊവ്വാഴ്ച രാത്രി എട്ടു മുതല്‍ ജൂലൈ 22ന് പുലര്‍ച്ചെ അഞ്ചുവരെ ഏര്‍പ്പെടുത്തിയ സമ്പൂര്‍ണ ലോക്ക് ഡൗണ്‍. ഇതോടെ നഗരത്തില്‍നിന്ന് കൂട്ട പലായനം. ബംഗളൂരു അര്‍ബന്‍, റൂറല്‍ ജില്ലകളിലാണ് സമ്പൂര്‍ണ ലോക്ക്ഡൗണ്‍ ഏര്‍പ്പെടുത്തുന്നത്. ഇതേ തുടര്‍ന്ന് മറ്റു ജില്ലകളില്‍നിന്നുള്ളവരും മറ്റു സംസ്ഥാനങ്ങളില്‍നിന്നുള്ളവരും തിങ്കളാഴ്ച രാവിലെ മുതല്‍ നഗരത്തില്‍നിന്ന് തിരിച്ചുപോവാന്‍ തുടങ്ങി.
ലോക്ക്ഡൗണിനെ തുടര്‍ന്ന് ജോലിയില്ലാതാകുന്നതും കൊവിഡ് വ്യാപനവും കണക്കിലെടുത്താണ് കൂടുതല്‍ പേരും നാടുകളിലേക്ക് മടങ്ങുന്നത്. ബംഗളൂരുവിന് പുറത്തുള്ള അത്തിബലെ ചെക്ക്‌പോസ്റ്റില്‍ ഉള്‍പ്പെടെ തിങ്കളാഴ്ച രാവിലെ മുതല്‍ വന്‍ തിരക്കാണ് അനുഭവപ്പെട്ടത്. ബംഗളൂരുവില്‍നിന്ന് മടങ്ങുന്നവരെക്കൊണ്ട് വയനാട് അതിര്‍ത്തിയിലെ കര്‍ണാടക ചെക്ക്‌പോസ്റ്റായ മൂലഹോളെയിലും കേരള അതിര്‍ത്തിയായ വാളയാറിലും വാഹനങ്ങളുടെ നീണ്ട നിരയാണ് അനുഭവപ്പെട്ടത്.
കര്‍ണാടകയുടെ മറ്റു ജില്ലകളില്‍നിന്നുള്ളവരാണ് ബംഗളൂരുവില്‍നിന്ന് കൂടുതലായി മടങ്ങുന്നത്. നാടുകളിലേക്ക് മടങ്ങാന്‍ ആഗ്രഹിക്കുന്നവര്‍ തിങ്കളാഴ്ചതന്നെ മടങ്ങണമെന്നും ബംഗളൂരുവില്‍ ലോക്ഡൗണ്‍ കര്‍ശനമായിരിക്കുമെന്നും റവന്യൂ മന്ത്രി ആര്‍ അശോക മുന്നറിയിപ്പ് നല്‍കിയിരുന്നു. ഇതോടെ, ചൊവ്വാഴ്ച വൈകീട്ട് മുതല്‍ നഗരത്തില്‍ കര്‍ശന നിയന്ത്രണം നടപ്പാക്കുമെന്ന് ഉറപ്പായതോടെ തിങ്കളാഴ്ച തന്നെ ആളുകള്‍ പല വാഹനങ്ങളിലായി നഗരാതിര്‍ത്തി കടന്നു.
കൊവിഡ് വ്യാപനം തടയാന്‍ ലോക്ഡൗണ്‍ കര്‍ശനമാക്കുമെന്നും ആളുകള്‍ക്ക് നാടുകളിലേക്ക് മടങ്ങാനാണ് രണ്ടുദിവസത്തെ സമയം നല്‍കിയതെന്നും ആര്‍ അശോക പറഞ്ഞു.