തബ്‌ലീഗിനെതിരായ സംഘപരിവാര്‍ പ്രചാരണം പൊളിയുന്നു; തമിഴ്‌നാട്ടില്‍ 961 പേര്‍ക്കും ബംഗളൂരുവില്‍ 147 പേര്‍ക്കും കൊവിഡ് രോഗമില്ല

രോഗവ്യാപനത്തെ വര്‍ഗീയവത്കരിക്കുന്നത് ശരിയല്ലെന്നും കൊവിഡ് രോഗികളില്‍ തബ്‌ലീഗ് സമ്മേളനത്തില്‍ പങ്കെടുത്തവരെ ഇനി മുതല്‍ പ്രത്യേകമായി എടുത്ത് പറയില്ലെന്നും തമിഴ്‌നാട് സര്‍ക്കാര്‍ അറിയിച്ചു.

Update: 2020-04-10 16:50 GMT

ബംഗളൂരു: കൊവിഡ് 19 പടര്‍ത്തിയെന്ന് ആരോപിച്ച് സംഘപരിവാരവും ദേശീയ മാധ്യമങ്ങളും തബ് ലീഗ് ജമാഅത്തിന് എതിരേ വ്യാപകമായി നടത്തിയ പ്രചാരണങ്ങള്‍ പൊളിയുന്നു. നിസാമുദ്ദീനില്‍ തബ് ലീഗ് സമ്മേളനമാണ് രാജ്യത്തെ കൊവിഡിന്റെ പ്രഭവ കേന്ദ്രമെന്ന തരത്തില്‍ സംഘപരിവാര്‍ വര്‍ഗീയ പ്രചാരണം അഴിച്ചുവിട്ടത്. എന്നാല്‍ തബ്‌ലീഗ് സമ്മേളനത്തില്‍ പങ്കെടുത്തവരില്‍ ഭൂരിപക്ഷം പേര്‍ക്കും കൊവിഡ് 19 ഇല്ലെന്നുള്ള റിപ്പോര്‍ട്ടാണ് ഇപ്പോള്‍ പുറത്ത് വരുന്നത്.

തമിഴ് നാട്ടില്‍ നിസാമുദ്ദീനില്‍ നിന്നെത്തിയ 961 പേര്‍ക്കും കൊവിഡ് ബാധയില്ലെന്ന് സ്ഥിരീകരിച്ചു. 1630 പേരുടെ പരിശോധനയ്ക്ക് അയച്ചതില്‍ ഇനി 33 പേരുടെ ഫലം മാത്രമാണ് വരാനുള്ളതെന്ന് അധികൃതര്‍ അറിയിച്ചു.

അതേസമയം, രോഗവ്യാപനത്തെ വര്‍ഗീയവത്കരിക്കുന്നത് ശരിയല്ലെന്നും കൊവിഡ് രോഗികളില്‍ തബ്‌ലീഗ് സമ്മേളനത്തില്‍ പങ്കെടുത്തവരെ ഇനി മുതല്‍ പ്രത്യേകമായി എടുത്ത് പറയില്ലെന്നും തമിഴ്‌നാട് സര്‍ക്കാര്‍ അറിയിച്ചു.

സാമൂഹികമാധ്യമങ്ങളിലൂടെ വര്‍ഗീയ പ്രചാരണങ്ങള്‍ വ്യാപകമാകുന്ന സാഹചര്യത്തിലാണ് തമിഴ്‌നാട് സര്‍ക്കാര്‍ ഈ നിലപാട് എടുത്തിരിക്കുന്നത്.

ബംഗളൂരുവില്‍ നിന്ന് തബ് ലീഗ് സമ്മേളനത്തില്‍ പങ്കെടുത്ത 147 പേര്‍ക്കും രോഗബാധയില്ലെന്ന് സ്ഥിരീകരിച്ചു. തബ് ലീഗ് സമ്മേളനത്തില്‍ പങ്കെടുത്ത് മടങ്ങിയെത്തിയ 150 പേര്‍ ബാംഗളൂരു ഹജ്ജ് ഭവനില്‍ ക്വാറന്റൈനില്‍ കഴിഞ്ഞിരുന്നു. ഇവിരില്‍ 147 പേര്‍ക്കാണ് രോഗബാധയില്ലെന്ന് സ്ഥിരീകരിച്ചത്. ഇതില്‍ 114 പേരെ വീടുകളിലേക്ക് അയച്ചു.


Tags:    

Similar News