സൗദിയില്‍ കര്‍ഫ്യൂ ഇളവ്; പള്ളികളും ഓഫിസുകളും തുറക്കും
മക്ക ഒഴികെ പള്ളികളില്‍ നിസ്‌കാരം പുന:സ്ഥാപിക്കും. പ്രവിശ്യകളിലേക്കു യാത്ര വിലക്ക് നീക്കും. ആഭ്യന്തര വിമാന സര്‍വീസ് പുനസ്ഥാപിക്കും.
ദമ്മാം: കൊവിഡ് 19 പ്രതിരോധത്തിന്റെ ഭാഗമായി ഏര്‍പ്പെടുത്തിയ കര്‍ഫ്യൂ നിയന്ത്രണങ്ങളില്‍ സൗദി സര്‍ക്കാര്‍ കുടുതല്‍ ഇളവുകള്‍ വരുത്തിക്കൊണ്ട് ഉത്തരവ് പുറപ്പെടുവിച്ചു.
ഇളവുകള്‍
മെയ് 28 മുതല്‍ മെയ് 30 വരെ മക്ക ഒഴികെ എല്ലാ പ്രദേശങ്ങളിലും കര്‍ഫ്യൂ സമയത്തില്‍ കാലത്ത് 6 മണി മുതല്‍ വൈകുന്നേരം മൂന്ന് മണി വരെ ഇളവുണ്ടാവും. പ്രവിശ്യകള്‍ക്കിടയില്‍ യാത്ര വിലക്ക് നീക്കും. ചെറിയ കാറുകളില്‍ യാത്ര ചെയ്യാം. ആഭ്യന്തര വിമാന സര്‍വീസുകള്‍ക്കുള്ള നിയന്ത്രണം നീക്കും.
കര്‍ഫ്യൂ ഘട്ടത്തില്‍ തുറന്നു പ്രവര്‍ത്തിക്കാന്‍ ഇളവുകള്‍ നല്‍കിയ സ്ഥാപനങ്ങള്‍ക്കു പുറമെ മൊത്ത, ചില്ലറ വിഭാഗങ്ങള്‍ക്കും മാളുകള്‍ക്കും തുറന്നു പ്രവര്‍ത്തിക്കാം. എന്നാല്‍ സിനിമാശാലകള്‍, ബാര്‍ബര്‍ ഷോപ്പുകള്‍ ബ്യൂട്ടി പാര്‍ലറുകള്‍ എന്നിവക്ക് അനുമതിയുണ്ടാവില്ല.
മെയ് 31 മുതല്‍ ജൂണ്‍ 20 വരെ കൂടുതല്‍ ഇളവുകള്‍
കര്‍ഫ്യൂ ഇളവ് കാലത്ത് 6 മുതല്‍ രാത്രി എട്ട് വരെയായി ദീര്‍ഘിപ്പിക്കും. കൂടാതെ നേരത്തെ ഇളവുകള്‍ക്കു പുറമെ മക്ക ഒഴികെയുള്ള സ്ഥലങ്ങളില്‍ പള്ളികളില്‍ ജുമഅ, ജമാഅത്തു നിസ്‌കാരം നടത്താന്‍ അനുമതിയുണ്ടാവും. എന്നാല്‍, ആരോഗ്യ വകുപ്പ് നിര്‍ദേശങ്ങള്‍ കര്‍ശനമായി പാലിക്കണം.
മസ്ജിദുല്‍ ഹറാമിലും മസ്ജിദുന്നബവിയിലും ഇപ്പോള്‍ തുടരുന്ന നിയന്ത്രണങ്ങള്‍ അുസരിച്ച് ജുമഅ, ജമാഅത്ത് നിസ്്കാരം നടത്തും.
ആരോഗ്യ മന്ത്രാലയത്തിന്റെ നിര്‍ദേശങ്ങള്‍ക്ക് വിധേയമായി സര്‍ക്കാര്‍ സ്ഥാപനങ്ങളും മറ്റു സ്വകാര്യസ്ഥാപനങ്ങള്‍ക്കും പ്രവര്‍ത്തിക്കാവുന്നതാണ്.
സുരക്ഷാ നിയന്ത്രണങ്ങള്‍ പാലിച്ചു കൊണ്ട് മറ്റു വാഹനങ്ങളിലും പ്രവിശ്യകള്‍ക്കിടയില്‍ യാത്ര ചെയ്യാം. ഹോട്ടലുകള്‍, കോഫി ഷോപ്പുകള്‍ക്ക് നിയന്ത്രണങ്ങള്‍ക്കു വിധേയമായി തുറന്നു പ്രവര്‍ത്തിക്കാം. സിനിമാശാല പോലുള്ള വിഭാഗങ്ങള്‍ക്ക് നിയന്ത്രണങ്ങള്‍ തുടരും.
ജുണ്‍ 21 മുതല്‍ കര്‍ഫ്യൂ പൂര്‍ണമായു പിന്‍ വലിക്കുകയും കര്‍ഫ്യൂ പ്രഖ്യപിക്കുന്നതിനു മുമ്പുള്ള അവസ്ഥ പുനസ്ഥാപിക്കും.
എന്നാല്‍ സമ്പര്‍ക്കം പുലര്‍ത്തുന്നത് ഒഴിവാക്കാന്‍ കൊവിഡ് 19 പടരാതിരിക്കാനുള്ള മുന്‍ കരുതല്‍ നടപടികള്‍ സ്വീകരിക്കല്‍ നിര്‍ബന്ധമാണ്. പ്രായമായവരും നിത്യ രോഗികളും മറ്റു പുറത്തിറങ്ങുന്നത് ഒഴിവാക്കണം.
ഉംറ, സിയാറത്തിനുള്ള ഇപ്പോഴുള്ള വിലക്ക് തുടരും. കൂടാതെ മറ്റൊരു അറിയിപ്പുണ്ടാവുന്നത് വരെ അന്താരാഷ്ട്ര വിമാന സര്‍വീസുകളും ഉണ്ടാവുന്നതല്ല. കര്‍ഫ്യൂ സമയങ്ങളില്‍ സഞ്ചരിക്കുന്നതിന് പാസ് നേടിയിരിക്കണമെന്ന് മന്ത്രാലയം വ്യക്തമാക്കി.