കണ്ണൂര്‍: കൊവിഡ് 19 ബാധിച്ച് മരണപ്പെട്ട മാഹി ചെറുകല്ലായി ടെലിഫോണ്‍ എക്‌സ്‌ചേഞ്ചിനു സമീപം അല്‍മിനാറില്‍ മഹ്‌റൂഫി(71)ന്റെ മൃതദേഹം പ്രോട്ടോക്കോള്‍ പാലിച്ച് ഖബറടക്കി. കൊവിഡ് 19 അസുഖത്തിന് മുമ്പുതന്നെ ഇദ്ദേഹത്തിനു വൃക്ക രോഗം, ബിപി, ഹൃദയസംബന്ധമായ രോഗങ്ങള്‍ക്ക് ചികില്‍സയിലായിരുന്നു. മൃതദേഹം വൈകീട്ട് 5.25 ഓടെ പരിയാരം കോരന്‍പീടിക ജുമസ്ജിദിന് കീഴിലുളള ദാറുല്‍ ഹുദാ ഇംഗ്ലിഷ് മീഡിയം സ്‌കൂളിനു സമീപത്തെ ഖബര്‍സ്ഥാനിലെത്തിച്ച് 5.50ഓടെയാണ് ഖബറടക്കിയത്.
മൃതദേഹത്തെ ഒരു ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍, ആര്‍എംഒ എന്നിവര്‍ പിപി കിറ്റ് ധരിച്ച്, ബ്ലീച്ചിങ് സൊല്യൂഷനോട് കൂടി ആംബുലന്‍സില്‍ അനുഗമിച്ചിരുന്നു. 10 അടി താഴ്ചയുള്ള കുഴിയില്‍ എല്ലാ സുരക്ഷയോടു കൂടിയാണ് മൃതദേഹം അടക്കം ചെയ്തത്. സ്ഥലത്ത് മാഹിയില്‍ നിന്ന് രണ്ടു ഡോക്ടര്‍മാരും പരിയാരം ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍, പരിയാരം ജെഎച്ച്‌ഐ എന്നീ ആരോഗ്യ പ്രവര്‍ത്തകരും തളിപ്പറമ്പ്, പയ്യന്നൂര്‍ തഹസില്‍ദാര്‍മാര്‍, തളിപ്പറമ്പ് ഡെപ്യൂട്ടി തഹസില്‍ദാര്‍, തളിപ്പറമ്പ് നഗരസഭാ ചെയര്‍മാന്‍, പരിയാരം ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റ്, വാര്‍ഡ് മെംബര്‍ എന്നിവരും മാഹി പോലിസ് സൂപ്രണ്ട്, മാഹി സ്‌പെഷ്യല്‍ വിങ് പോലിസ് സൂപ്രണ്ട്, തളിപ്പറമ്പ് ഡി വൈഎസ്പി, പരിയാരം സിഐ, പരിയാരം എസ് ഐ എന്നിവര്‍ സാമൂഹിക അകലം പാലിച്ച് സ്ഥലത്തുണ്ടായിരുന്നു. നിലവിലുള്ള പ്രോട്ടോകോള്‍ കര്‍ശനമായി പാലിച്ചാണ് മൃതദേഹം ഖബറടക്കിയതെന്ന് അധികൃതര്‍ അറിയിച്ചു.