പ്രവാസി മലയാളികളുടെ സുരക്ഷ: പ്രായോഗിക മാര്‍ഗങ്ങള്‍ സ്വീകരിക്കണമെന്ന് ഇ ടി മുഹമ്മദ് ബഷീര്‍ എം പി

യുഎഇയില്‍ ഉള്‍പ്പെടെ വിവിധ സ്ഥലങ്ങളില്‍ നല്ല സൗകര്യങ്ങള്‍ ഉള്ള കേരള സര്‍ക്കാറിന്റെ അംഗീകാരമുള്ള സ്‌കൂളുകളുണ്ട്. സര്‍ക്കാര്‍ നിര്‍ദ്ദേശം കൊടുക്കുകയാണെങ്കില്‍ ഈ സ്‌കൂളുകളില്‍ ക്വാറന്റയിന്‍ സൗകര്യം ഏര്‍പ്പെടുത്താന്‍ പ്രയാസമുണ്ടാവില്ലെന്നും ഇ ടി കത്തില്‍ ചൂണ്ടിക്കാട്ടി.

Update: 2020-04-09 14:05 GMT

കോഴിക്കോട്: കൊവിഡ് 19 ന്റെ ഭീതിയുടെ സാഹചര്യത്തില്‍ രോഗികളായിട്ടുള്ളവരും നാട്ടിലേക്ക് മടങ്ങാന്‍ ആഗ്രഹിക്കുന്നവരുമായിട്ടുള്ള പ്രവാസി മലയാളികളെ നാട്ടിലെത്തിക്കുന്നതിനുളള പ്രായോഗിക മാര്‍ഗങ്ങള്‍ സ്വീകരിക്കണമെന്നു മുസ്‌ലിംലീഗ് ദേശീയ ഓര്‍ഗനൈസിംഗ് സെക്രട്ടറി ഇ ടി മുഹമ്മദ് ബഷീര്‍ എംപി.

ഈ മേഖലയിലുള്ള വിദഗ്ദ്ധരുമായി സംസാരിച്ച് നടപടികള്‍ വേഗത്തിലാക്കണമെന്ന് ആവശ്യപ്പെട്ട് മുഖ്യമന്ത്രി പിണറായി വിജയന് ഇ ടി കത്ത് നല്‍കി.

നമ്മുടെ നാടിനെ അപേക്ഷിച്ച് മെഡിക്കല്‍ സംവിധാനങ്ങള്‍ പരിമിതമായതിനാല്‍ ഇപ്പോള്‍ രോഗം പോസിറ്റിവായി കണ്ടെത്തിയവരും അല്ലാത്തവരും ഒരേ മുറിയില്‍ തന്നെ തങ്ങുന്ന സ്ഥിതിവിശേഷം പലയിടത്തുമുണ്ട്. ഇക്കാര്യത്തില്‍ അടിയന്തരമായി ഒന്നും ചെയ്തില്ലെങ്കില്‍ യുറോപ്പിലും മറ്റും ഉണ്ടായതുപോലുള്ള കാര്യങ്ങള്‍ ഗള്‍ഫിലും സംഭവിക്കാനിടയുണ്ട്. ഈ വിഷയം ഗൗരവമായി കണക്കിലെടുത്ത് പ്രധാനമന്ത്രിയുമായി നടക്കുന്ന വീഡിയോ കോണ്‍ഫറന്‍സില്‍ പ്രവാസി മലയാളികളുടെ ആശങ്കകള്‍ക്ക് പരിഹാരം കാണണം.

കേന്ദ്രസര്‍ക്കാറിന്റെ അനുമതി ലഭിച്ച് വിമാന സര്‍വ്വീസ് പുനരാരംഭിക്കുകയാണെങ്കില്‍ അത് വലിയ അനുഗ്രഹമായിരിക്കും. ഗള്‍ഫില്‍ നിന്നും ആളുകള്‍ വരുന്ന സമയത്ത് അവരെ എയര്‍പോര്‍ട്ടില്‍ വെച്ച് തന്നെ ടെസ്റ്റ് ചെയ്യുന്നതിനും ക്വാറന്റയിന്‍, ഐസലോഷനിലേക്ക് മാറ്റുന്നതിനുമുള്ള സജ്ജീകരണങ്ങള്‍ സര്‍ക്കാര്‍ ഉറപ്പ് വരുത്തണം. കേരളത്തിലെ സാഹചര്യം വെച്ച് നോക്കുമ്പോള്‍ വിമാനത്താവളങ്ങളോടനുബന്ധിച്ച് ഈ സംവിധാനങ്ങള്‍ ഏര്‍പ്പെടുത്താന്‍ ധാരളം സൗകര്യങ്ങളുമുണ്ട്.

യുഎഇയില്‍ ഉള്‍പ്പെടെ വിവിധ സ്ഥലങ്ങളില്‍ നല്ല സൗകര്യങ്ങള്‍ ഉള്ള കേരള സര്‍ക്കാറിന്റെ അംഗീകാരമുള്ള സ്‌കൂളുകളുണ്ട്. സര്‍ക്കാര്‍ നിര്‍ദ്ദേശം കൊടുക്കുകയാണെങ്കില്‍ ഈ സ്‌കൂളുകളില്‍ ക്വാറന്റയിന്‍ സൗകര്യം ഏര്‍പ്പെടുത്താന്‍ പ്രയാസമുണ്ടാവില്ലെന്നും ഇ ടി കത്തില്‍ ചൂണ്ടിക്കാട്ടി.

പ്രവാസികളുടെ ആശങ്കകള്‍ പരിഹരിക്കുന്നതിനും ദുരിത കാലത്ത് അവര്‍ക്ക് മെച്ചപ്പെട്ട സൗകര്യങ്ങള്‍ ഒരുക്കുന്നതിനുമായി വിദേശ കാര്യ മന്ത്രായലയവുമായും വിവിധ രാജ്യങ്ങളിലെ അംബാസഡമാരെയും ഇമെയില്‍ മുഖേനെയും ഫോണ്‍ മുഖേനെയും നിരന്തരം ബന്ധപ്പെടുന്നുണ്ടെന്നും ഇ ടി മുഹമ്മദ് ബഷീര്‍ പറഞ്ഞു. 

Tags:    

Similar News