തിരുവനന്തപുരം: കൊവിഡ് 19 ബാധിച്ച് അതീവ ഗുരുതരാവസ്ഥയിലായവര്‍ ഉള്‍പ്പെടെ എട്ട് വിദേശികള്‍ സംസ്ഥാനത്ത് രോഗമുക്തരായതായി മുഖ്യമന്ത്രി പിണറായി വിജയന്‍ അറിയിച്ചു. ജീവന്‍ രക്ഷിച്ച് അവരെ പൂര്‍ണ ആരോഗ്യത്തിലേക്ക് തിരിച്ചെത്തിക്കാന്‍ കഴിഞ്ഞു. ഇറ്റലിയില്‍ നിന്നുള്ള റോബര്‍ട്ടോ ടൊണോസൊ, യുകെയില്‍ നിന്നുള്ള ലാന്‍സണ്‍, എലിസബത്ത് ലാന്‍സ്, ബ്രയാന്‍ നെയില്‍, ജാനറ്റ് ലൈ, സ്റ്റീവന്‍ ഹാന്‍കോക്ക്, ആനി വില്‍സണ്‍, ജാന്‍ ജാക്‌സണ്‍ എന്നിവരാണ് രോഗമുക്തി നേടിയത്. 83, 76 വയസ്സുള്ളവര്‍ ഉള്‍പ്പെടെ കേരളം ചികില്‍സിച്ച് ഭേദമാക്കിയിരിക്കുന്നു. ഇതില്‍ ഒരാള്‍ക്ക് തിരുവനന്തപുരം മെഡിക്കല്‍ കോളജിലും ഏഴുപേര്‍ക്ക് എറണാകുളം മെഡിക്കല്‍ കോളജിലുമാണ് ചികില്‍സ നല്‍കിയത്. മാര്‍ച്ച് 13ന് വര്‍ക്കലയിലാണ് സംസ്ഥാനത്ത് ഒരു വിദേശിക്ക് ആദ്യമായി രോഗം സ്ഥിരീകരിച്ചത്. അദ്ദേഹത്തെ തിരുവനന്തപുരത്ത് ചികിത്സിച്ചു. മൂന്നാറില്‍ നിരീക്ഷണത്തില്‍ കഴിയവെ അനുവാദമില്ലാതെ മാര്‍ച്ച് 15ന് വിമാനത്തില്‍ കയറി നാട്ടിലേക്ക് പോവാന്‍ ശ്രമിച്ചപ്പോഴാണ് ബ്രയാന്‍ നെയിലിനെയും സംഘാംഗങ്ങളെയും തടഞ്ഞുവച്ച് പരിശോധനയ്ക്കും ചികില്‍സയ്ക്കും അയച്ചത്. നെയില്‍ ഗുരുതരാവസ്ഥയിലായിരുന്നു. പ്രത്യേക ചികില്‍സ നല്‍കിയാണ് രക്ഷപ്പെടുത്തിയത്. ചികിത്സ കഴിഞ്ഞ് പുറത്തിറങ്ങുന്ന എല്ലാവരും നമ്മുടെ നാടിനെയും ആരോഗ്യസംവിധാനത്തെയും അഭിനന്ദിക്കുകയാണെന്നും മുഖ്യമന്ത്രി പറഞ്ഞു.