മംഗളൂരു: മൈസൂരു നഞ്ചഗുഡിലെ പ്രമുഖ ഫാര്‍മസ്യൂട്ടിക്കല്‍ സ്ഥാപനത്തില്‍ 36 പേര്‍ക്ക് കൊവിഡ് ബാധ. ചൈനയില്‍ നിന്ന് ചെന്നൈ വഴി ശീതീകൃത കണ്ടയ്‌നറില്‍ കൊണ്ടുവന്ന മൂന്ന് ടണ്‍ ചരക്കുകള്‍ കൈപ്പറ്റിയ 35 കാരനില്‍ സ്ഥിരീകരിച്ച വൈറസ് മറ്റു ജീവനക്കാരിലും അതിവേഗം പകരുകയാണ് ചെയ്തത്. ചരക്ക് സ്വീകരിച്ച, സാധനങ്ങളുടെ ഗുണനിലവാരം ഉറപ്പുവരുത്തുന്ന വിഭാഗത്തിലെ ജീവനക്കാരനാണ് കഴിഞ്ഞ മാസം 26ന് കൊവിഡ് സ്ഥിരീകരിച്ചത്.
യുവാവുമായുള്ള സമ്പര്‍ക്കത്തിലൂടെ പോസിറ്റീവായ ജീവനക്കാരുടെ എണ്ണം 35 ആയി. ഇവര്‍ ആരും മൈസൂറിന് പുറത്ത് എവിടെയും യാത്ര ചെയ്തിട്ടില്ല. സ്ഥാപന മാനേജ്‌മെന്റ് അന്വേഷണവുമായി സഹകരിക്കുന്നില്ലെന്നും സഹകരിച്ചില്ലെങ്കില്‍ അറസ്റ്റ് ചെയ്യുമെന്നും പോലിസ് മേധാവി പറഞ്ഞു. മാര്‍ച്ച് 27ന് ജില്ലാ അധികൃതര്‍ സ്ഥാപനത്തിലെത്തി സംസാരിക്കുകയും യുവാവിനെ വിദഗ്ധ പരിശോധനയ്ക്ക് അയക്കാന്‍ നിര്‍ദേശിക്കുകയും ചെയ്തിരുന്നു. പൂനെയിലെ ദേശീയ വൈറോളജി ഇന്‍സ്റ്റിറ്റിയൂട്ടിലേക്ക് അയച്ചെങ്കിലും റിപോര്‍ട്ട് ഇതുവരെ ലഭ്യമായില്ലെന്നാണ് സ്ഥാപനം അവകാശപ്പെടുന്നത്. അന്താരാഷ്ട്ര യാത്രാ വിലക്കില്ലാതിരുന്ന ഫെബ്രുവരിയില്‍ ജപ്പാന്‍, ആസ്‌ട്രേലിയ എന്നിവിടങ്ങളില്‍ നിന്നെത്തി സ്ഥാപനം സന്ദര്‍ശിച്ചവരാവാം വൈറസ് വാഹകരെന്ന് സംശയിക്കുന്നതായി മാനേജ്‌മെന്റ് ജില്ലാ അധികൃതരെ അറിയിച്ചു.