കൊവിഡ് 19: മരണപ്പെട്ട പ്രവാസികളുടെ കുടുംബങ്ങളെ സര്‍ക്കാര്‍ ഏറ്റെടുക്കണം: എസ് ഡി പി ഐ
തിരുവനന്തപുരം: കൊവിഡ് മൂലം മരണപ്പെട്ട പ്രവാസി കുടുംബങ്ങളെ സര്‍ക്കാര്‍ ഏറ്റെടുക്കാന്‍ തയ്യാറാവണമെന്ന് എസ് ഡി പി ഐ സംസ്ഥാന സെക്രട്ടേറിയറ്റ് യോഗം ആവശ്യപ്പെട്ടു. മരണപ്പെട്ട പ്രവാസികളുടെ വിഷയത്തില്‍ വാചക കസര്‍ത്തുകള്‍ക്കപ്പുറം അനുഭാവപൂര്‍ണമായ നിലപാട് സ്വീകരിക്കാന്‍ സര്‍ക്കാര്‍ തയ്യാറാവണം. കുടുംബങ്ങളുടെ അത്താണിയായിരുന്ന പ്രവാസികള്‍ മരണപ്പെട്ടതോടെ കുടുംബത്തിന്റെ ഏകവരുമാന മാര്‍ഗമാണ് നഷ്ടപ്പെട്ടിട്ടുള്ളത്. ഇത്തരം കുടുംബങ്ങളെ ചേര്‍ത്തുപിടിക്കുക എന്നുള്ളത് ഒരു ക്ഷേമ സര്‍ക്കാരിന്റെ ബാധ്യതയാണ്. കേരളം പ്രതിസന്ധി നേരിട്ട ഘട്ടങ്ങളിലെല്ലാം സംസ്ഥാനത്തിന്റെ താല്പര്യങ്ങള്ക്കനുസരിച്ച് നിലകൊള്ളുകയും സഹായങ്ങള്‍ എത്തിക്കുകയും ചെയ്യുന്നതില്‍ പ്രവാസികള്‍ മുമ്പിലായിരുന്നുവെന്നത് നിഷേധിക്കാനാവാത്ത വസ്തുതയാണ്. ചെലവ് ചുരുക്കിയും ധൂര്ത്തുകളൊഴിവാക്കിയും മരണപ്പെട്ട പ്രവാസികള്‍ക്ക് സഹായം നല്കാന് സര്‍ക്കാര്‍ മുന്നോട്ടുവരണം. ഓണ്‍ലൈന്‍ വഴി നടന്ന സെക്രട്ടേറിയറ്റ് യോഗത്തില്‍ സംസ്ഥാന പ്രസിഡന്റ് പി അബ്ദുല്‍ മജീദ് ഫൈസി അധ്യക്ഷത വഹിച്ചു.