രാജ്യത്ത് മുപ്പത്തഞ്ച് പേരുടെ ജീവനെടുത്ത് കൊറോണ
രോഗത്തെ അതിജീവിക്കുന്നവരുടെ നിരക്ക് 76 ശതമാനമാണ്. 1117 വൈറസ് ബാധിതർ ചികിൽസയിൽ കഴിയുന്നുണ്ടെങ്കിലും ആരുടേയും നില ഗുരുതരമല്ല.
ന്യൂഡൽഹി: രാജ്യത്ത് കൊവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം മുപ്പത്തഞ്ചായി ഉയർന്നു. മഹാരാഷ്ട്രയിൽ, ഗുജറാത്ത്, ബംഗാൾ, പഞ്ചാബ് എന്നിവിടങ്ങളിൽ നിന്നായി അഞ്ചുപേരാണ് ഇന്നലെ മരണപ്പെട്ടത്. 1252 പേർക്കാണ് ഇതുവരെ രോഗം സ്ഥിരീകരിച്ചത്. ഇതിൽ 102 പേർ കൊറോണയെ അതിജീവിച്ചു.
മധ്യപ്രദേശിലെ ഉജ്ജയ്‌നിയിൽ വെള്ളിയാഴ്‌ച മരിച്ച മുപ്പത്തെട്ടുകാരന് കൊവിഡ് സ്ഥിരീകരിച്ചു. ഇതോടെയാണ് രാജ്യത്ത് മരണം 35 ആയി ഉയർന്നത്. പുനയിൽ അമ്പത്തിരണ്ടുകാരനും മുംബൈയിൽ എൺപതുകാരനുമാണ് മരിച്ചത്. മഹാരാഷ്ട്രയിൽ മരണം പത്തായി. പഞ്ചാബിലെ ലുധിയാനയിൽ 42കാരിയാണ് മരിച്ചത്. സംസ്ഥാനത്തെ മൂന്നാമത്തെ മരണമാണിത്. ഗുജറാത്തിൽ ചികിത്സയിലുണ്ടായിരുന്ന നാൽപ്പത്തഞ്ചുകാരനും പശ്ചിമ ബംഗാളിൽ കാളിംപോങിൽ നാൽപ്പത്തിനാലുകാരിയുമാണ് മരിച്ചത്.
രോഗത്തെ അതിജീവിക്കുന്നവരുടെ നിരക്ക് 76 ശതമാനമാണ്. 1117 വൈറസ് ബാധിതർ ചികിൽസയിൽ കഴിയുന്നുണ്ടെങ്കിലും ആരുടേയും നില ഗുരുതരമല്ല. രോഗം സ്ഥിരീകരിക്കുന്നവരുടെ എണ്ണത്തിൽ വലിയ വർധനയാണ് ഇന്നലെ ഉണ്ടായിട്ടുള്ളത്. 227 പേർക്കാണ് ഇന്നലെ മാത്രം സ്ഥിരീകരിച്ചത്. ഏറ്റവും കൂടുതല്‍ കേസുകള്‍ പുതുതായി റിപോര്‍ട്ട് ചെയ്യപ്പെട്ടത് ഡല്‍ഹിയിലാണ്. ഇതോടെ ഡല്‍ഹിയില്‍ രോഗം സ്ഥിരീകരിച്ചവരുടെ എണ്ണം 97ആയി. രണ്ട് പേരാണ് ഡല്‍ഹിയിലിതുവരെ മരിച്ചത്.
സമൂഹവ്യാപന ഘട്ടത്തിലേക്ക് ഇതുവരെ എത്തിയിട്ടില്ലെന്നാണ് സര്‍ക്കാര്‍ വൃത്തങ്ങള്‍ അറിയിക്കുന്നത്. ലോക്ക് ഡൗണ്‍ 21 ദിവസം കഴിഞ്ഞും നീട്ടുമെന്ന ഊഹാപോഹങ്ങളെയും സർക്കാർ തള്ളി. അടുത്ത മാസം രാജ്യത്ത് അടിയന്തരാവസ്ഥ പ്രഖ്യാപിക്കുമെന്ന തരത്തില്‍ പ്രചരിച്ച സാമൂഹിക മാധ്യമ സന്ദേശം വ്യാജമാണെന്ന് ഇന്ത്യന്‍ സൈന്യവും അറിയിച്ചു.
മറ്റ് രാജ്യങ്ങളുമായി താരതമ്യം ചെയ്യുമ്പോള്‍ ഇന്ത്യയില്‍ കൊവിഡ് ഇപ്പോഴും സമൂഹവ്യാപന ഘട്ടത്തിലേക്ക് എത്തിയിട്ടില്ല. രോഗം സ്ഥിരീകരിച്ചവരുടെ എണ്ണം 100ല്‍ നിന്ന് 1000ത്തിലേക്കെത്താന്‍ 12 ദിവസമെടുത്തു. മറ്റ് രാജ്യങ്ങളില്‍ ഈ വര്‍ധന അതിവേഗം സംഭവിച്ചിരുന്നു. രാജ്യത്ത് ഇതുവരെ 38,442പേരെ കൊറോണ ടെസ്റ്റിന് വിധേയമാക്കി. ഇതില്‍ 3,501 ടെസ്റ്റുകളും ഞായറാഴ്ചയാണ് നടത്തിയത്.47 സ്വകാര്യലാബുകള്‍ക്കും ടെസ്റ്റ് ചെയ്യാനുള്ള അനുമതി നല്‍കിയിട്ടുണ്ട്. 1,334 ടെസ്റ്റുകള്‍ സ്വകാര്യ ലാബുകളിലും നടത്തി.