രണ്ട് ദിവസം കൊണ്ട് 5000ത്തോളം കേസുകള്‍; രാജ്യത്ത് മരണസംഖ്യയിലും കുതിച്ചുചാട്ടം

ലോക്ക് ഡൗണ്‍ രണ്ടാംഘട്ടത്തില്‍ കൊവിഡ് കേസുകളുടെ എണ്ണം മൂന്നിരട്ടിയില്‍ അധികമായി എന്നതാണ് കണക്കുകള്‍ കാണിക്കുന്നത്.

Update: 2020-05-04 04:29 GMT

ന്യൂഡല്‍ഹി: രാജ്യത്ത് ലോക്ക് ഡൗണ്‍ നിയന്ത്രണങ്ങള്‍ തുടരുമ്പോഴും കൊവിഡ് രോഗികളുടെ എണ്ണം വര്‍ദ്ധിക്കുന്നത് ആശങ്ക പടര്‍ത്തുന്നു. മരണ സംഖ്യയിലും വലിയ വര്‍ദ്ധനയാണ് കഴിഞ്ഞ ദിവസങ്ങളില്‍ റിപ്പോര്‍ട്ട് ചെയ്തത്.

48 മണിക്കൂറില്‍ അയ്യായിരത്തോളം പുതിയ കേസുകളാണ് രാജ്യത്ത് റിപ്പോര്‍ട്ട് ചെയ്തത്. വെള്ളിയാഴ്ച വൈകിട്ട് മുതല്‍ ഞായറാഴ്ച വൈകിട്ട് വരെ, 4898 രോഗികളുണ്ടായെന്ന് കേന്ദ്ര ആരോഗ്യമന്ത്രാലയത്തിന്റെ കണക്കുകള്‍ പറയുന്നു. 48 മണിക്കൂറില്‍ 155 മരണങ്ങള്‍ (വെള്ളി മുതല്‍ ശനി വരെ 83 മരണങ്ങള്‍, ശനിയാഴ്ച വൈകിട്ട് മുതല്‍ ഞായറാഴ്ച വൈകിട്ട് വരെ 72 മരണം) ഉണ്ടായതും കേന്ദ്രസര്‍ക്കാരിന് മുന്നില്‍ വലിയ പ്രതിസന്ധി തന്നെയാണ് സൃഷ്ടിക്കുന്നത്.

ലോക്ക് ഡൗണ്‍ രണ്ടാംഘട്ടത്തില്‍ കൊവിഡ് കേസുകളുടെ എണ്ണം മൂന്നിരട്ടിയില്‍ അധികമായി എന്നതാണ് കണക്കുകള്‍ കാണിക്കുന്നത്. രണ്ടാം ലോക്ക്ഡൗണ്‍ തുടങ്ങിയ ഏപ്രില്‍ 14ന് രാജ്യത്ത് ആകെ 10,815 രോഗബാധിതരും, 353 മരണവുമാണ് റിപ്പോര്‍ട്ട് ചെയ്തതെങ്കില്‍, ഈ ഘട്ടം അവസാനിച്ച മെയ് 3ന് ശേഷം, മെയ് 4ന് (ഇന്ന്) രാവിലെ പുറത്തുവന്ന ഏറ്റവുമൊടുവിലത്തെ കണക്ക് പ്രകാരം രോഗബാധിതരുടെ എണ്ണം 42,532 ആയി കൂടിയെന്നതും മരണസംഖ്യ 1373 ആയതും ആശങ്കാജനകമാണ്. ഗുജറാത്ത് പോലുള്ള സംസ്ഥാനങ്ങളില്‍ കേസുകളുടെ എണ്ണം ഏഴ് മടങ്ങ് കൂടിയെന്നതും ആശങ്കപ്പെടുത്തുന്നതാണ്.

ഇന്ന് രാവിലെ എട്ട് മണി വരേയുള്ള കണക്ക് പ്രകാരം, നിലവില്‍ രോഗം സ്ഥിരീകരിച്ചത് 29,453 പേര്‍ക്കാണ്. 11,706 പേര്‍ക്ക് രോഗം ഭേദമായി, മരണസംഖ്യ ആകെ 1373. 

Tags:    

Similar News