രാജ്യത്ത് കൊവിഡ് വ്യാപനം തുടരുന്നു; 24 മണിക്കൂറില്‍ 9851 പുതിയ കേസുകള്‍

രാജ്യത്തെ ആകെ കൊവിഡ് കേസുകളുടെ എണ്ണം 2,26,770 ആയി ഉയര്‍ന്നു. 1,10,960 പേരാണ് നിലവില്‍ കൊവിഡ് ബാധിതരായി ചികിത്സയിലുള്ളതെന്ന് കേന്ദ്ര ആരോഗ്യമന്ത്രാലയം അറിയിച്ചു.

Update: 2020-06-05 07:17 GMT

ന്യൂഡല്‍ഹി: രാജ്യം അഞ്ചാം ലോക്ക് ഡൗണില്‍ എത്തിയിട്ടും കൊവിഡ് വ്യാപനം അനിയന്ത്രിതമായി തുടരുന്നു. കഴിഞ്ഞ 24 മണിക്കൂറില്‍ രാജ്യത്ത് 9851 പുതിയ കൊവിഡ് കേസുകളാണ് റിപ്പോര്‍ട്ട് ചെയ്തത്. 273 പേര്‍ കൊവിഡ് ബാധിച്ചു മരിക്കുകയും ചെയ്തു.

രാജ്യത്തെ ആകെ കൊവിഡ് കേസുകളുടെ എണ്ണം 2,26,770 ആയി ഉയര്‍ന്നു. 1,10,960 പേരാണ് നിലവില്‍ കൊവിഡ് ബാധിതരായി ചികിത്സയിലുള്ളതെന്ന് കേന്ദ്ര ആരോഗ്യമന്ത്രാലയം അറിയിച്ചു. 6348 പേര്‍ ഇതുവരെ കൊവിഡ് ബാധിതരായി മരണപ്പെട്ടു.

കഴിഞ്ഞ 24 മണിക്കൂറില്‍ 1,43,661 പേരുടെ സാംപിളുകള്‍ പരിശോധിച്ചു. ഇതുവരെ രാജ്യത്ത് 43 ലക്ഷം (43,86,379) പേരുടെ കൊവിഡ് പരിശോധന നടത്തിയെന്നും ആരോഗ്യമന്ത്രാലയം അറിയിച്ചു. രാജ്യത്തെ ആകെ കൊവിഡ് രോഗികളുടെ 65 ശതമാനവും മഹാരാഷ്ട്ര, ഡല്‍ഹി, തമിഴ്‌നാട്, ഗുജറാത്ത് എന്നീ നാല് സംസ്ഥാനങ്ങളില്‍ നിന്നാണ്.

നിലവിലെ രോഗവ്യാപനത്തിന്റെ തോത് പരിശോധിക്കുമ്പോള്‍ അടുത്ത ദിവസം തന്നെ കൊവിഡ് കേസുകളുടെ എണ്ണത്തില്‍ ഇന്ത്യ ഇറ്റലിയെ മറികടക്കാനാണ് സാധ്യത. അമേരിക്കയും ബ്രിട്ടണും കഴിഞ്ഞാല്‍ ഏറ്റവും കൂടുതല്‍ കൊവിഡ് കേസുകളും മരണങ്ങളും റിപ്പോര്‍ട്ട് ചെയ്തിരുന്നത് ഇറ്റലിയിലായിരുന്നു. 2.33 ലക്ഷം കൊവിഡ് കേസുകളാണ് ഇറ്റലിയില്‍ ഇതുവരെ റിപ്പോര്‍ട്ട് ചെയ്തത്. 

Tags:    

Similar News