കാസര്‍കോട് മെഡിക്കല്‍ കോളജ് കൊവിഡ് ആശുപത്രിയായി പ്രവര്‍ത്തനം തുടങ്ങി
കേരളത്തില്‍ കൊവിഡ് വ്യാപനം തടയാനായെന്നു മുഖ്യമന്ത്രി പറഞ്ഞു. വിവിധ രാജ്യങ്ങളില്‍ മരിച്ചത് 18 മലയാളികള്‍ ആണെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.
തിരുവനന്തപുരം: കാസര്‍കോട് മെഡിക്കല്‍ കോളജ് കൊവിഡ് ആശുപത്രിയായി പ്രവര്‍ത്തനം തുടങ്ങിയെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. നാല് ദിവസം കൊണ്ടാണ് കൊവിഡ് ചികിത്സാ കേന്ദ്രം വികസിപ്പിച്ചത്. ആദ്യഘട്ടത്തില്‍ കോവിഡ് രോഗികള്‍ക്കായി 200 ഓളം കിടക്കകളും 10 ഐസിയു കിടക്കകളുമാണ് തയാറാക്കിയത്. 100 കിടക്ക, 10 ഐസിയു കിടക്ക എന്നിവ കൂടി ലഭ്യമാക്കും. കൂടുതല്‍ സൗകര്യം ഒരുക്കുന്നതിന് കെഎസ്ഇബി 10 കോടി രൂപ വാഗ്ദാനം ചെയ്തു. 26 പേരുടെ വിദഗ്ധ സംഘം തിരുവനന്തപുരത്തുനിന്ന് കാസര്‍കോട് എത്തി. ഇവര്‍ കൊവിഡ് ആശുപത്രിയുടെ പ്രവര്‍ത്തനം ഏകോപിപ്പിക്കും. ജീവനക്കാര്‍ക്കു പരിശീലനം നല്‍കും.
കേരളത്തില്‍ കൊവിഡ് വ്യാപനം തടയാനായെന്നു മുഖ്യമന്ത്രി പറഞ്ഞു. വിവിധ രാജ്യങ്ങളില്‍ മരിച്ചത് 18 മലയാളികള്‍ ആണെന്നും മുഖ്യമന്ത്രി വ്യക്തമാക്കി. രോഗവ്യാപനം തടുത്തുനിര്‍ത്താന്‍ ഒരു പരിധിയോളം നമുക്ക് സാധിക്കുന്നുണ്ട്. പൊതുവില്‍ സമൂഹത്തില്‍ സ്വീകരിച്ച നടപടികള്‍ രോഗവ്യാപനം നിയന്ത്രിച്ചുനിര്‍ത്താന്‍ കാരണമായി. ലോകത്താകെയുള്ള സ്ഥിതിഗതികള്‍ നമ്മെയാകെ അസ്വസ്ഥരാക്കുന്നു. യുകെയില്‍ മരിച്ച മലയാളി ഉള്‍പ്പെടെ നമ്മള്‍ കേട്ടത് 18 മലയാളികള്‍ വിവിധ ഭാഗങ്ങളില്‍ മരിച്ചുവെന്നാണ്.
ഏതു സാഹചര്യവും നേരിടാന്‍ സര്‍ക്കാര്‍ സജ്ജമാണ്. ഒന്നേകാല്‍ ലക്ഷം ബെഡുകള്‍ സര്‍ക്കാര്‍, സ്വകാര്യ ആശുപത്രികളില്‍ തയാറാണ്. 1813 ഐസലേഷന്‍ ബെഡുകള്‍ ആശുപത്രികളില്‍ തയാറാണ്. ഇതിനു പുറമേ 517 കൊറോണ കെയര്‍ സെന്ററുകളില്‍ 17461 ഐസലേഷന്‍ ബെഡുകളും ഒരുക്കി. പ്രത്യേക കൊറോണ കെയര്‍ ആശുപത്രികള്‍ വേണമെന്ന് നേരത്തേ തീരുമാനിച്ചിരുന്നു. 38 കൊറോണ കെയര്‍ ആശുപത്രികള്‍ ഇപ്പോള്‍ പ്രവര്‍ത്തിക്കുന്നു. 81.45 ശതമാനത്തില്‍ അധികം പേര്‍ സൗജന്യ റേഷന്‍ വാങ്ങി. ചുരുങ്ങിയ ദിവസത്തില്‍ ഇത്രയും പേര്‍ക്ക് റേഷന്‍ നല്‍കുന്നത് ആദ്യ സംഭവമാണ്. ഇതിനു പിന്നില്‍ പ്രവര്‍ത്തിച്ചവരെയെല്ലാം അഭിനന്ദിക്കുന്നു. അപൂര്‍വമായി മാത്രമാണു പരാതികള്‍ ഉയര്‍ന്നത്.
ചിലര്‍ റേഷന്‍ മോശമാണെന്ന് ബോധപൂര്‍വം പറഞ്ഞു. അത്തരം പ്രചാരണങ്ങള്‍ തെറ്റാണെന്ന് മറ്റുള്ളവര്‍ അഭിപ്രായ പ്രകടനം നടത്തി. നടന്‍ മണിയന്‍പിള്ള രാജു നടത്തിയ അഭിപ്രായ പ്രകടനം തന്നെ ഇതിന് ഉദാഹരണം. റേഷന്‍ കടകളില്‍ ആവശ്യമായ എല്ലാം ഉറപ്പാക്കാന്‍ ശ്രമിക്കുന്നുണ്ട്. ജില്ല മാറി റേഷന്‍ ലഭിക്കുന്നില്ല എന്നതായിരുന്നു ഒരു പരാതി. ഇതു പരിഹരിക്കാന്‍ നിര്‍ദേശം നല്‍കി. എംഎല്‍എമാരുമായി വിഡിയോ കോണ്‍ഫറന്‍സ് നടത്തി. എംഎല്‍എമാര്‍ ജില്ലാ കലക്ടറേറ്റിലെത്തി പങ്കെടുത്തു. സ്പീക്കര്‍, പ്രതിപക്ഷ നേതാവ് ഉള്‍പ്പെടെയുള്ളവര്‍ ഇതില്‍ പങ്കെടുത്തു. ഇപ്പോഴത്തെ ഇടപെടലില്‍ എല്ലാവരും സംതൃപ്തി രേഖപ്പെടുത്തി.
പ്രവാസ ലോകത്തെക്കുറിച്ച് എല്ലാവരും ഉത്കണ്ഠയിലാണ്. മലയാളികള്‍ ലോകമാകെ വ്യാപിച്ചു കിടക്കുന്നവരാണ്. പ്രതിസന്ധി ഘട്ടത്തെ എങ്ങനെ തരണം ചെയ്യുന്നുവെന്നറിയുന്നതിനും സഹായിക്കാനും എല്ലാവരും തയാറാണ്. പ്രവാസി സമൂഹത്തിലെ പ്രധാന വ്യക്തികളുമായി കഴിഞ്ഞ ദിവസം വിഡിയോ കോണ്‍ഫറന്‍സ് നടത്തി. 22 രാജ്യങ്ങളില്‍നിന്നുള്ളവര്‍ സംസാരിച്ചു. ഓരോ മേഖലയിലും വ്യത്യസ്ത വിഷയങ്ങളാണ്. യാത്രാ വിലക്ക് പ്രവാസ ജീവിതത്തെ മാറ്റിമറിച്ചിട്ടുണ്ട്. ഇക്കാര്യങ്ങളെല്ലാം വിശദമായി പ്രതിപാദിച്ചു. കേന്ദ്രസര്‍ക്കാര്‍ ശ്രദ്ധയില്‍ വരേണ്ടതും എംബസി വഴി ചെയ്യേണ്ടതുമായ കാര്യങ്ങള്‍ പ്രവാസികള്‍ ചൂണ്ടിക്കാട്ടിയെന്നും മുഖ്യമന്ത്രി പറഞ്ഞു.