കുവൈത്ത്-കണ്ണൂര്‍ വിമാനം പുറപ്പെട്ടു; 188 യാത്രക്കാര്‍
പൊതുമാപ്പ് കേന്ദ്രങ്ങളില്‍ കഴിയുന്ന 7000 ഓളം ഇന്ത്യക്കാരുടെ തിരിച്ചു പോക്ക് അനിശ്ചിതമായി നീളുകയാണ്.
കുവൈത്ത് സിറ്റി: കേന്ദ്ര സര്‍ക്കാരിന്റെ വന്ദേ ഭാരത് മിഷന്‍ രണ്ടാം ഘട്ടത്തിലെ കുവൈത്തില്‍ നിന്നുള്ള ആദ്യ വിമാന സര്‍വീസ് ഇന്ന് ഉച്ചയോടെ കണ്ണൂരിലേക്ക് പുറപ്പെട്ടു. കുവൈത്ത് സമയം ഉച്ചയ്ക്ക് 2:40ന് യാത്രയായ വിമാനം രാത്രി ഒന്‍പതരയോടെ കണ്ണൂര്‍ വിമാനത്താവളത്തില്‍ എത്തും. എയര്‍ ഇന്ത്യ എക്‌സ്പ്രസിന്റെ ഐഎക്‌സ് 790 വിമാനമാണ് പത്ത് കുട്ടികള്‍ അടക്കം 188 യാത്രക്കാരുമായി കുവൈത്ത് അന്താരാഷ്ട്ര വിമാനത്താവളത്തിലെ രണ്ടാം ടെര്‍മിനിലില്‍ നിന്ന് യാത്ര തിരിച്ചത്. രണ്ടാംഘട്ടത്തില്‍ 3 വിമാനങ്ങളാണ് കുവൈത്തില്‍ നിന്നും ഇന്ത്യയിലേക്ക് ഷെഡ്യൂള്‍ ചെയ്തത്. 19 നു കണ്ണൂരേക്കും 20 നു തിരുവനന്തപുരത്തേക്കും 21 നു ഹൈദരബാദിലേക്കുമാണിത്. നാളെ തിരുവനന്തപുരം വിമാനം കുവൈത്തില്‍ നിന്നും ഉച്ചക്ക് 1.45 നു പുറപ്പെട്ട് രാത്രി 9.25 നു തിരുവനന്തപുരത്ത് എത്തും .
21 നാണ് ഹൈദരബാദിലേക്കുള്ള വിമാനം. കുവൈത്തില്‍ വിവിധ ക്യാംപുകളില്‍ കഴിയുന്ന 7000 ഓളം ഇന്ത്യക്കാരായ പൊതുമാപ്പ് യാത്രക്കാരെ സ്വീകരിക്കുന്നതിനു ഇന്ത്യ ഇത് വരെ അനുമതി നല്‍കിയിട്ടില്ല. ഇക്കാരണത്താല്‍ വന്ദേ ഭാരത് ദൗത്യത്തിന്റെ ആദ്യ ഘട്ടത്തില്‍ കുവൈത്തില്‍ നിന്നും പുറപ്പെടുന്ന വിമാനങ്ങള്‍ക്ക് കുവൈത്ത് അനുമതി നിഷേധിച്ചിരുന്നു. ഇതേതുടര്‍ന്ന് മെയ് 7 നു പുറപ്പെടേണ്ടിയിരുന്ന ആദ്യ വിമാനം റദ്ദാക്കിയിരുന്നു.
പൊതുമാപ്പ് യാത്രക്കാരുടെ വിഷയത്തില്‍ ഉടന്‍ തന്നെ തീരുമാനം കൈകൊള്ളുമെന്ന ഇന്ത്യയുടെ ഉറപ്പിലാണ് പിറ്റേ ദിവസം കുവൈത്ത് അനുമതി നല്‍കിയത്. ഇക്കാരണത്താല്‍ ഒരു ദിവസം വൈകിയാണു ദൗത്യം ആരംഭിച്ചത്. എന്നാല്‍ ഇത് സംബന്ധിച്ച് ഇന്ത്യയുടെ ഭാഗത്തു നിന്നും പിന്നീട് യാതൊരു നടപടികളും ഉണ്ടായില്ല. ഇതേ തുടര്‍ന്നാണു കുവൈത്ത് വ്യോമയാന അധികൃതര്‍ രണ്ടാം ഘട്ട ദൗത്യത്തിനു അനുമതി ലഭിക്കാന്‍ വിസമ്മതിച്ചത്.
എന്നാല്‍ പൊതുമാപ്പ് യാത്രക്കാരെ കൊണ്ടു പോകുന്നതിനു യാതൊരു ഉറപ്പും ഇന്ത്യയില്‍ നിന്നു കുവൈത്തിനു ലഭിച്ചിട്ടില്ല. പകരം വിവിധ ജയിലുകളില്‍ കഴിയുന്ന 700 ഓളം ഇന്ത്യന്‍ തടവുകാരെ കൂടി ഇന്ത്യ സ്വീകരിക്കാമെന്ന ധാരണയിലാണ് രണ്ടാംഘട്ട വന്ദേ ഭാരത് ദൗത്യത്തിനു കുവൈത്ത് ഇപ്പോള്‍ അനുമതി നല്‍കിയിരിക്കുന്നത് എന്നാണ് അറിയുന്നത്. ഈ തടവുകാരെ ഈ ആഴ്ച കുവൈത്തിന്റെ ചെലവില്‍ ഇന്ത്യയിലേക്ക് തിരിച്ചയക്കും. അതേസമയം, പൊതുമാപ്പ് കേന്ദ്രങ്ങളില്‍ കഴിയുന്ന 7000 ഓളം ഇന്ത്യക്കാരുടെ തിരിച്ചു പോക്ക് വീണ്ടും അനിശ്ചിതമായി നീളുകയാണ്.