കണ്ണൂരില്‍ നിയന്ത്രണങ്ങള്‍ കടുപ്പിച്ചു; അനാവശ്യമായി പുറത്തിറങ്ങുന്നവരെ ക്വാറന്റൈന്‍ ചെയ്യും
ജില്ല അതിര്‍ത്തി സീല്‍ ചെയ്തതായും ഐജി അറിയിച്ചു. അത്യാവശ മരുന്നുകള്‍ക്കായി ആളുകള്‍ക്ക് തദ്ദേശ സ്ഥാപനങ്ങളെ ബന്ധപ്പെടാം.
കണ്ണൂര്‍: കൊവിഡ് കേസുകള്‍ തുടര്‍ച്ചയായി റിപ്പോര്‍ട്ട് ചെയ്യുന്ന സാഹചര്യത്തില്‍ കണ്ണൂരില്‍ ഇന്ന് മുതല്‍ കര്‍ശന നിയന്ത്രണം. ജില്ലയിലെ എല്ലാ ഗ്രാമങ്ങളും ഇന്ന് മുതല്‍ അടയ്ക്കും. ഒന്നിടവിട്ട ദിവസങ്ങളില്‍ മാത്രമേ അവശ്യ സാധനങ്ങള്‍ വില്‍ക്കുന്ന കടകള്‍ തുറക്കാന്‍ അനുവദിക്കു. അനാവശ്യമായി പുറത്തിറങ്ങുന്നവരെ പിടികൂടി ക്വാറന്റൈന്‍ ചെയ്യുമെന്ന് പോലിസ് വ്യക്തമാക്കിയിട്ടുണ്ട്.
അനാവശ്യമായി പുറത്തിറങ്ങുന്നവരുടെ വാഹനങ്ങള്‍ പിടിച്ചെടുക്കുമെന്ന് അറിയിച്ചിട്ടും ഇന്ന് രാവിലെ മുതല്‍ റോഡില്‍ വാഹനങ്ങളുടെ നീണ്ട നിരയായിരുന്നു. കാസര്‍കോഡ് മാതൃകയില്‍ ട്രിപ്പിള്‍ ലോക്ക് സംവിധാനത്തില്‍ എല്ലാ പോലിസ് സ്‌റ്റേഷന്‍ പരിധിയിലും കര്‍ശന പരിശോധനയാണ് നടക്കുന്നത്. ഐജി അശോക് യാദവിന്റെ മേല്‍ നോട്ടത്തില്‍ മൂന്ന് എസ്പി മാര്‍ക്കാണ് നിരീക്ഷണ ചുമതല.
ആളുകള്‍ അനാവശ്യമായി പുറത്തിറങ്ങുകയാണെന്നും അറസ്റ്റ് ഉള്‍പ്പടെയുള്ള നടപടികള്‍ സ്വീകരിക്കുമെന്നും ഐ ജി അശോക് യാദവ് പറഞ്ഞു. കൂടുതല്‍ കൊവിഡ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തതോടെ ജില്ലയിലെ സ്ഥിതി അതീവ ഗുരുതരമാണ്. ജില്ല അതിര്‍ത്തി സീല്‍ ചെയ്തതായും ഐജി അറിയിച്ചു. അത്യാവശ മരുന്നുകള്‍ക്കായി ആളുകള്‍ക്ക് തദ്ദേശ സ്ഥാപനങ്ങളെ ബന്ധപ്പെടാം.
സംസ്ഥാനത്ത ഇന്നലെ റിപ്പോര്‍ട്ട് ചെയ്ത ആറ് കേസുകളും കണ്ണൂര്‍ ജില്ലയിലായിരുന്നു. വിദേശത്ത് നിന്നെത്തിയ അഞ്ചുപേര്‍ക്കും സമ്പര്‍ക്കത്തിലൂടെ ഒരാള്‍ക്കുമാണ് ഇന്നലെ കൊവിഡ് സ്ഥിരീകരിച്ചിത്. ഹൈറിസ്‌ക് കാറ്റഗറിയിലുള്ളവര്‍ 28 ദിവസം വരെ വീട്ടില്‍ നിരീക്ഷണത്തില്‍ കഴിഞ്ഞാല്‍ മതിയായിരുന്നു. എന്നാല്‍ വിദേശത്ത് നിന്നെത്തി ഒരു രോഗലക്ഷണങ്ങളും ഇല്ലാതെ 29 ദിവസം പിന്നിട്ടവര്‍ക്കും കൊവിഡ് സ്ഥിരീകരിച്ചത് ആശങ്ക ഉണ്ടാക്കിയിട്ടുണ്ട്.
കണ്ണൂരില്‍ പതിനെട്ട് കൊവിഡ് ഹോട്ട്‌സ്‌പോട്ടുകളാണുള്ളത്. കണ്ണൂര്‍ കോര്‍പ്പറേഷന്‍,കൂത്തുപറമ്പ്, തലശ്ശേരി, പാനൂര്‍, ഇരിട്ടി നരസഭകള്‍, പാട്യം, മൊകേരി, ചൊക്‌ളി, കോട്ടയം മലബാര്‍, ഏരുവേശ്ശി, കടന്നപ്പള്ളി പാണപ്പുഴ, മാട്ടൂല്‍, മാടായി, നടുവില്‍, കോളയാട്, ചിറ്റാരിപ്പറമ്പ് ,പെരളശ്ശേരി എന്നീ പഞ്ചായത്തുകളാണ് പട്ടികയില്‍ ഉള്‍പ്പെട്ടിരിക്കുന്നത്.