കുവൈത്തില്‍ വിദേശികള്‍ പാര്‍ക്കുന്ന സ്ഥലങ്ങളില്‍ ലോക്ക് ഡൗണ്‍ തുടരും; മങ്ങുന്നത് ലക്ഷക്കണക്കിന് പ്രവാസികളുടെ പ്രതീക്ഷകള്‍
മലയാളികളുടെ ജന വാസം കൂടുതലുള്ള മറ്റു പ്രദേശങ്ങള്‍ വീണ്ടും ലോക്ക് ഡൗണ്‍ പരിധിയില്‍ പെട്ടു എന്ന വാര്‍ത്ത മലയാളികള്‍ക്കിടയില്‍ കടുത്ത നിരാശയാണ് സൃഷ്ടിച്ചത്.
കുവൈത്ത് സിറ്റി: കുവൈത്തില്‍ മഹബൂല, ജിലീബ്, ഫര്‍വ്വാനിയ തുടങ്ങിയ പ്രദേശങ്ങളില്‍ ലോക്ക് ഡൗണ്‍തുടരാന്‍ ഇന്നലെ ചേര്‍ന്ന മന്ത്രി സഭാ യോഗ തീരുമാനം മലയാളികള്‍ അടക്കമുള്ള ആയിര കണക്കിനു പ്രവാസികളുടെ പ്രതീക്ഷകളാണു തകര്‍ത്തു കളഞ്ഞത്. നേരത്തെ നിശ്ചയിച്ചത് പ്രകാരം രാജ്യത്തെ ജന ജീവിതം പതുക്കെ സാധാരണ നിലയിലേക്ക് കൊണ്ട് വരുന്നതിനു സര്‍ക്കാര്‍ പ്രഖ്യാപിച്ച രണ്ടാംഘട്ട പദ്ധതി ഈ മാസം 21 നു ആരംഭിക്കാനിരിക്കുകയായിരുന്നു. ഇത് പ്രകാരം രാജ്യത്തെ നിലവില്‍ ലോക്ക് ഡൗണ്‍ ഏര്‍പ്പെടുത്തിയ പ്രദേശങ്ങളായ മഹബൂല , ഫര്‍വ്വാനിയ , ജിലീബ് , ഖൈത്താന്‍ , ഹവല്ലി , മൈദാന്‍ ഹവല്ലു മുതലായ പ്രദേശങ്ങളില്‍ ലോക്ക് ഡൗണ്‍ പിന്‍ വലിക്കുവാനായിരുന്നു സര്‍ക്കാര്‍ പദ്ധതി തയ്യാറാക്കിയിരുന്നത്. ഈ പ്രദേശങ്ങളില്‍ മാസങ്ങളായി കുടുങ്ങി കഴിയുന്നവര്‍ ഏറെ പ്രതീക്ഷയിലായിരുന്നു. എന്നാല്‍ ഹവല്ലിയിലും ഖൈത്താനിലും മാത്രമാണു ലോക്ക് ഡൗണ്‍ പിന്‍ വലിച്ചത്. മലയാളികളുടെ ജന വാസം കൂടുതലുള്ള മറ്റു പ്രദേശങ്ങള്‍ വീണ്ടും ലോക്ക് ഡൗണ്‍ പരിധിയില്‍ പെട്ടു എന്ന വാര്‍ത്ത മലയാളികള്‍ക്കിടയില്‍ കടുത്ത നിരാശയാണ് സൃഷ്ടിച്ചത്.
കൊറോണ വൈറസ് ബാധ നേരിടുന്നതിന്റെ ഭാഗമായി കഴിഞ്ഞ മാര്‍ച്ച് മുതല്‍ രാജ്യത്ത് ഏര്‍പ്പെടുത്തിയ വിവിധ നിയന്ത്രണങ്ങളെ തുടര്‍ന്ന് ഏറ്റവും അധികം വില കൊടുക്കേണ്ടി വന്നവരാണു ജിലീബിലെയും മഹബൂലയിലെയും താമസക്കാര്‍. മാസങ്ങളായി ജോലിക്ക് പോകാന്‍ കഴിയാത്തവര്‍, ശമ്പളമോ മറ്റു വരുമാന മാര്‍ഗ്ഗങ്ങളോ നഷ്ടമായവര്‍, ചെറുകിട ബിസ്‌നസ് സ്ഥാപനങ്ങള്‍ തുറന്ന് പ്രവര്‍ത്തിപ്പിക്കാന്‍ സാധിക്കാത്തവര്‍ മുതലായ നിരവധി വിഭാഗങ്ങളാണ് മന്ത്രി സഭാ യോഗത്തില്‍ അനുകൂല തീരുമാനം പ്രതീക്ഷിച്ച് കാത്തിരുന്നത്. വൈകുന്നേരത്തോടെ ഹവല്ലിയില്‍ ലോക്ക് ഡൗണ്‍ പിന്‍ വലിക്കുമെന്ന വാര്‍ത്തകള്‍ പുറത്തു വന്നപ്പോഴും മറ്റിടങ്ങളിലെ താമസക്കാര്‍ പ്രതീക്ഷ കൈവെടിയാതെ കാത്തിരുന്നു. ഒടുവില്‍ 9 മണിയോടെയാണു ഏറെ നിരാശാ ജനകമായ വാര്‍ത്ത പുറത്ത് വന്നത്.
ലോക്ക് ഡൗണ്‍ കാലം ഇനിയും എത്ര നാള്‍ നീണ്ടു നില്‍ക്കും എന്നതും പ്രവചനാതീനമാണെന്നാണു ഉന്നതങ്ങളില്‍ നിന്നും ലഭിക്കുന്ന സൂചന.കഴിഞ്ഞ മാസങ്ങളില്‍ ഈ പ്രദേശങ്ങളില്‍ നിന്നാണു ഏറ്റവും അധികം കൊവിഡ് മൂലം അല്ലാത്ത മരണങ്ങളും റിപ്പോര്‍ട്ട് ചെയ്യപ്പെട്ടത്. കടുത്ത മാനസിക സംഘര്‍ഷങ്ങളില്‍ പെട്ടാണു പലരും ഈ പ്രദേശങ്ങളില്‍ കഴിയുന്നത്. നേരത്തെ പല ജീവ കാരുണ്യ പ്രവര്‍ത്തകരില്‍ നിന്നും ലഭിച്ചു കൊണ്ടിരുന്ന സഹായങ്ങള്‍ വഴിയാണു പലരും ജീവിതം മുന്നോട്ട് നയിച്ചത്. എന്നാല്‍ സഹായങ്ങളുമായി മുന്നില്‍ നടന്ന പല സംഘടനകളുടെയും കയ്യില്‍ സഹായിക്കാന്‍ കാശില്ലാത്ത അവസ്ഥയാണ്. തല്‍ക്കാലത്തേക്ക് നാട്ടിലേക്ക് പോകുക എന്ന അവസാന വഴിയും സംസ്ഥാന സര്‍ക്കാരിന്റെ പുതിയ നയം കാരണം അടഞ്ഞിരിക്കുകയാണു. ഈ പ്രദേശങ്ങള്‍ കേന്ദ്രീകരിച്ച് മാനസിക ആരോഗ്യ സേവനങ്ങളില്‍ കൂടുതല്‍ ശ്രദ്ധ കേന്ദ്രീകരിക്കുക എന്നതാകും സന്നദ്ധ പ്രവര്‍ത്തകരുടെ മുന്നിലുള്ള പ്രധാന ദൗത്യം.