മുഖാവരണം ധരിച്ചില്ലെങ്കില്‍ 5,000 രൂപ പിഴ; വയനാട്ടിലെ പോലിസ് നടപടി വിവാദമാവുന്നു

നിലവില്‍ കൊവിഡ് മുക്തമായ ജില്ലകളില്‍ ഒന്നാണ് വയനാട്. തീവ്ര കൊവിഡ് ബാധിത മേഖലകളില്‍ പോലും മാസ്‌ക് ധരിച്ചില്ലെങ്കില്‍ 200 രൂപയാണ് പിഴ ഈടാക്കുന്നത്.

Update: 2020-04-29 07:20 GMT

പിസി അബ്ദുല്ല

കല്‍പ്പറ്റ: കൊവിഡ് വ്യാപനം തടയുന്നതിനുളള പ്രതിരോധ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി വയനാട്ടില്‍ പോലിസ് നിയന്ത്രണങ്ങള്‍ അതിരു കടക്കുന്നതായി ആക്ഷേപം. രാജ്യത്ത് റെഡ് സോണുകളിലും ഹോട്ട് സ്‌പോട്ടുകളിലും ഇതുവരെ നടപ്പാക്കാത്ത ശിക്ഷാ നടപടികളും നിയന്ത്രണങ്ങളുമാണ് പോലിസ് വയനാട്ടില്‍ അടിച്ചേല്‍പിക്കുന്നത്.

മുഖാവരണം ധരിക്കാതെ പൊതു സ്ഥലത്ത് ഇറങ്ങുന്നവര്‍ക്ക് കനത്ത പിഴ ചുമത്താനാണ് ജില്ലാ ഭരണകൂടത്തിന്റെ പുതിയ തീരുമാനം. മുഖാവരണം ധരിക്കാതെ പുറത്തിറങ്ങുന്നവരില്‍ നിന്ന് 5000 രൂപ പിഴയായി ഈടാക്കാനാണ് തീരുമാനം. കയ്യോടെ പിഴയൊടുക്കാതെ കോടതിയിലെത്തിയാല്‍ 10,000 രൂപ പിഴയും മൂന്നു വര്‍ഷം തടവും ഉറപ്പാക്കും വിധം നടപടി സ്വീകരിക്കുമെന്നും ജില്ലാ പോലിസ് ചീഫ് ഇന്ന് അറിയിച്ചു.

കടകളില്‍ സാനിറ്റൈസര്‍ ഇല്ലെങ്കില്‍ അതിനും പിഴ ഈടാക്കും. കടയുടമയില്‍ നിന്ന് ആയിരം രൂപ പിഴയായി ഈടാക്കാനാണ് ജില്ലാ ഭരണകൂടം തീരുമാനിച്ചത്.

നിലവില്‍ കൊവിഡ് മുക്തമായ ജില്ലകളില്‍ ഒന്നാണ് വയനാട്. തീവ്ര കൊവിഡ് ബാധിത മേഖലകളില്‍ പോലും മാസ്‌ക് ധരിച്ചില്ലെങ്കില്‍ 200 രൂപയാണ് പിഴ ഈടാക്കുന്നത്.പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ശക്തമാക്കുന്നതിന്റെ ഭാഗമായാണ് മുഖാവരണം ധരിക്കാതെ പുറത്തിറങ്ങുന്നവര്‍ക്ക് കനത്ത പിഴ ചുമത്താന്‍ തീരുമാനിച്ചതെന്നാണ് ഔദ്യോഗിക വിശദീകരണം.

സംസ്ഥാനത്ത് മുഖാവരണം നിര്‍ബന്ധമാക്കിയിരിക്കുകയാണ്. കഴിഞ്ഞ ദിവസം വാര്‍ത്താസമ്മേളനത്തില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ പൊതുസ്ഥലത്ത് ഇറങ്ങുന്നവര്‍ നിര്‍ബന്ധമായി മുഖാവരണം ധരിക്കണമെന്ന് വ്യക്തമാക്കിയിരുന്നു. അല്ലാത്തപക്ഷം പോലിസ് നടപടികള്‍ സ്വീകരിക്കുമെന്നും അദ്ദേഹം മുന്നറിയിപ്പ് നല്‍കിയിരുന്നു. ഇതിന് പിന്നാലെയാണ് കനത്ത പിഴ ചുമത്താന്‍ വയനാട് ജില്ലാ ഭരണകൂടം തീരുമാനിച്ചത്.

2011 കേരള പോലിസ് ആക്ടിലെ 2020 ല്‍ നിലവില്‍ വന്ന ചട്ടം 118 (ഇ) പ്രകാരമാണ് 5000 രൂപ പിഴയടക്കുകയെന്നാണ് മുന്നറിയിപ്പ്. കേസില്‍ പെടുന്ന വ്യക്തി പിഴ അടയ്ക്കാന്‍ തയ്യാറല്ലെങ്കില്‍ കേസ് കോടതിയിലേക്ക് പോകും . കോടതിയില്‍ എത്തിയാല്‍ മൂന്ന് വര്‍ഷം തടവും 10,000 രൂപ പിഴയും ശിക്ഷ ലഭിക്കും.

Tags:    

Similar News