മോള്‍ഡോവയിലെ 381 ഇന്ത്യന്‍ വിദ്യാര്‍ഥികളും സുരക്ഷിതര്‍; 250 പേര്‍ മലയാളികള്‍
മോള്‍ഡോവയിലെ ഇന്ത്യന്‍ വിദ്യാര്‍ത്ഥികളുടെ സുരക്ഷിതത്വം ഉറപ്പുവരുത്തി ഇവരെ തിരികെയെത്തിക്കാനുള്ള നടപടികള്‍ എടുക്കണമെന്നാവശ്യപ്പെട്ടു കെ കെ രാഗേഷ് എം പി വിദേശകാര്യ മന്ത്രി ഡോ. എസ്സ് ജയ്ശങ്കറിനും റുമാനിയയിലെ ഇന്ത്യന്‍ സ്ഥാനപതിക്കും കത്തുനല്‍കിയിരുന്നു.
ന്യൂഡല്‍ഹി: മോള്‍ഡോവയിലെ നിക്കോളായ് ടെസ്റ്റിമേറ്റാണു സ്‌റ്റേറ്റ് യൂണിവേഴ്‌സിറ്റി ഓഫ് മെഡിസിന്‍ ആന്‍ഡ് ഫാര്‍മസി (Nicolae Testemitanu State Universtiy of Medicine and Pharmacy) യില്‍ പഠിക്കുന്ന 381 ഇന്ത്യന്‍ വിദ്യാര്‍ഥികളും സുരക്ഷിതരെന്ന് റുമാനിയയിലെ ഇന്ത്യന്‍ എംബസിയില്‍നിന്നു അറിയിച്ചു. ഇതില്‍ 250 പേര്‍ മലയാളികളാണ്.
മോള്‍ഡോവയിലെ ഇന്ത്യന്‍ വിദ്യാര്‍ത്ഥികളുടെ സുരക്ഷിതത്വം ഉറപ്പുവരുത്തി ഇവരെ തിരികെയെത്തിക്കാനുള്ള നടപടികള്‍ എടുക്കണമെന്നാവശ്യപ്പെട്ടു കെ കെ രാഗേഷ് എം പി വിദേശകാര്യ മന്ത്രി ഡോ. എസ്സ് ജയ്ശങ്കറിനും റുമാനിയയിലെ ഇന്ത്യന്‍ സ്ഥാനപതിക്കും കത്തുനല്‍കിയിരുന്നു. ഈ കത്തിന് റുമാനിയയിലെ ഇന്ത്യന്‍ സ്ഥാനപതി താങ്‌ലുറ ഡാര്‍ലോങ് നല്‍കിയ മറുപടിയില്‍ ആണ് ഇതുസംബന്ധിച്ച വിശദീകരണം ലഭിച്ചത്.
മോള്‍ഡോവയില്‍ ഇന്ത്യന്‍ നയതന്ത്ര കാര്യാലയം ഇല്ലാത്തതിനാല്‍ റുമാനിയയിലെ ബുക്കാറെസ്റ്റില്‍ പ്രവര്‍ത്തിക്കുന്ന ഇന്ത്യന്‍ സ്ഥാനപതി കാര്യാലയത്തിലൂടെയാണ് മോള്‍ഡോവയുമായി ഔദ്യോഗികമായി ബന്ധപ്പെടുന്നത്. നിലവില്‍ യാത്രമാര്‍ഗ്ഗങ്ങള്‍ നിലച്ചതിനാല്‍ വിദ്യാര്‍ത്ഥികളെ മടക്കികൊണ്ടുവരുന്നത് പ്രായോഗികമല്ലെന്നും വ്യോമഗതാഗതം പുനഃസ്ഥാപിക്കുന്ന മുറയ്ക്ക് നാട്ടിലേക്കു മടങ്ങാന്‍ താത്പര്യം ഉള്ളവര്‍ക്ക് ആവശ്യമായ സഹായം നല്‍കാമെന്നും മറുപടിയില്‍ ഉറപ്പു നല്‍കി.
മോള്‍ഡോവിന്‍ സര്‍ക്കാരും യൂണിവേഴ്‌സിറ്റി അധഃകൃതരും വിദ്യാര്‍ത്ഥികള്‍ക്ക് സാധ്യമായ എല്ലാ പിന്തുണയും നല്കുന്നുണ്ടെന്നും ഇന്ത്യന്‍ നയതന്ത്ര കാര്യാലയം ഇവരുമായി നിരന്തരം ബന്ധപെടുന്നുണ്ടെന്നും കത്തില്‍ അറിയിച്ചു. ഓണ്‍ലൈന്‍ അധ്യയനം ഏപ്രില്‍ 6 മുതല്‍ ആരംഭിച്ചതായും വിദ്യാര്‍ത്ഥികള്‍ക്ക് അവശ്യ വസ്തുക്കള്‍ ലഭ്യമാക്കുവാന്‍ ഒരു പ്രമുഖ ഓണ്‍ലൈന്‍ വ്യാപാരസ്ഥാപനവുമായി ധാരണ ഉണ്ടാക്കിയിട്ടുണ്ടെന്നും യൂണിവേഴ്‌സിറ്റി അധികൃതര്‍ അറിയിച്ചിട്ടുണ്ട്. വിദ്യാര്‍ത്ഥികളും ഇതില്‍ സംതൃപ്തരാണെന്നു അവരുമായി ബന്ധപ്പെട്ടപ്പോള്‍ അറിഞ്ഞുവെന്നും കത്തില്‍ അറിയിച്ചു.
മോള്‍ഡോവയിലെ ഇന്ത്യന്‍ സമൂഹവുമായി നിരന്തരം ബന്ധപ്പെട്ടു അവിടുത്തെ സ്ഥിതിഗതികള്‍ പ്രത്യകിച്ചും രോഗവ്യാപനത്തിന്റെ തോത്, അവശ്യസാധനങ്ങളുടെ ലഭ്യത എന്നിവയെ പ്പറ്റി വിവരങ്ങള്‍ ശേഖരിക്കുന്നുണ്ട്.നിലവില്‍ അവശ്യസാധനങ്ങള്‍ വില്‍ക്കുന്ന കടകള്‍ തുറന്നു പ്രവര്‍ത്തിക്കുന്നുണ്ടെന്നും എ ടി എം അടക്കമുള്ള സൗകര്യങ്ങള്‍ പ്രവര്‍ത്തിക്കുന്നുണ്ടെന്നും ഇന്ത്യന്‍ നയതന്ത്ര കാര്യാലയം കെ കെ രാഗേഷ് എം പിക്ക് നല്‍കിയ മറുപടിയില്‍ അറിയിച്ചു.