തിരുവനന്തപുരം: സംസ്ഥാനത്ത് കൊവിഡ് വ്യാപനം അനിയന്ത്രിതമായി തുടരുന്ന സാഹചര്യത്തില്‍ നിയന്ത്രണ മാര്‍ഗങ്ങള്‍ കടുപ്പിക്കാനൊരുങ്ങി സര്‍ക്കാര്‍. രാജ്യത്ത് റിപ്പോര്‍ട്ട് ചെയ്യുന്നതില്‍ 70 ശതമാനത്തിലധികം കൊവിഡ് കേസുകള്‍ കേരളത്തിലാണ്. ഈ സാഹചര്യത്തിലാണ് വീണ്ടും നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തുന്നത്. കൊവിഡ് നിയന്ത്രണങ്ങളുടെ ഭാഗമായുള്ള രാത്രികാല കര്‍ഫ്യൂ ഇന്നാരംഭിക്കും. രാത്രി പത്ത് മണി മുതല്‍ രാവിലെ ആറ് വരെയാണ് കര്‍ഫ്യൂ ഏര്‍പ്പെടുത്തിയിരിക്കുന്നത്. രാത്രി പത്ത് മണി മുതല്‍ ആറ് വരെയുള്ള കര്‍ഫ്യൂവില്‍ അവശ്യ സര്‍വീസുകള്‍ക്ക് ഇളവുണ്ടാകും. ആശുപത്രി യാത്രക്കും രോഗികളുടെ കൂട്ടിരുപ്പുകാര്‍ക്കും രാത്രിയാത്ര അനുവദിക്കും.ചരക്ക് വാഹനഗതാഗതത്തിന് തടസമില്ല. ട്രെയിന്‍,വിമാനയാത്രക്കാര്‍ ടിക്കറ്റ് കാണിച്ചാല്‍ മതിയാകും.ഇവ കൂടാതെയുള്ള യാത്രകള്‍ക്ക് അടുത്തുള്ള പൊലീസ് സ്‌റ്റേഷനില്‍ നിന്ന് അനുമതി വാങ്ങണം.
ജനസംഖ്യാ അനൂപാതികമായി പ്രതിവാര രോഗനിരക്ക് ഏഴില്‍ കൂടുതലുള്ള പ്രദേശങ്ങളില്‍ ലോക്ഡൗണ്‍ ഏര്‍പ്പെടുത്തും. മെഡിക്കല്‍ കോളജുകളിലെ പ്രധാന ഡോക്ടര്‍മാര്‍, പ്രമുഖ വൈറോളജിസ്റ്റുകള്‍ ആരോഗ്യവിദഗ്ധര്‍ എന്നിവര്‍ യോഗത്തില്‍ പങ്കെടുക്കും. തദ്ദേശസ്ഥാപനങ്ങളിലെ പ്രസിഡന്റ്,സെക്രട്ടറി എന്നിവരുടെ യോഗം മൂന്നാം തീയതിയും വിളിച്ചിട്ടുണ്ട്.