കൊവിഡ് 19 രോഗികളുടെ വിശദാംശങ്ങളടങ്ങിയ ഡേറ്റ സ്പ്രിങ്ഗ്ലറില്‍ നിന്ന് സി ഡിറ്റിന്റെ ഉടമസ്ഥതയിലുള്ള ആമസോണ്‍ ക്ലൗഡിലേക്ക് മാറ്റി;ഹൈക്കോടതിയില്‍ സംസ്ഥാന സര്‍ക്കാറിന്റെ സത്യവാങ്മൂലം
രോഗികളുടെ വിവരവിശകലന ചുമതലയില്‍ നിന്ന് സ്പ്രിങ്ഗ്ലര്‍ കമ്പനിയെ ഒഴിവാക്കിയെന്നും സത്യവാങ്മൂലത്തില്‍ പറയുന്നു.
കൊച്ചി: കൊവിഡ് 19 രോഗികളുടെ വിശദാംശങ്ങളടങ്ങിയ ഡേറ്റ അമേരിക്കന്‍ കമ്പനിയായ സ്പ്രിങ്ഗ്ലറില്‍ നിന്നും തിരികെ വാങ്ങി സി ഡിറ്റിന്റെ ഉടമസ്ഥതയിലുള്ള ആമസോണ്‍ ക്ലൗഡിലേക്ക് മാറ്റിയതായി ഹൈക്കോടതിയില്‍ സംസ്ഥാന സര്‍ക്കാറിന്റെ സത്യവാങ്മൂലം. രോഗികളുടെ വിവരവിശകലന ചുമതലയില്‍ നിന്ന് സ്പ്രിങ്ഗ്ലര്‍ കമ്പനിയെ ഒഴിവാക്കിയെന്നും സത്യവാങ്മൂലത്തില്‍ പറയുന്നു.
ഇനി മുതല്‍ സര്‍ക്കാര്‍ വിവര വിശകലനം നടത്തി സര്‍ക്കാറിനു കീഴിലുള്ള സി ഡിറ്റില്‍ ഡേറ്റ സൂക്ഷിക്കും. സ്പ്രിങ്ഗ്ലര്‍ തയ്യാറാക്കിയ സോഫ്റ്റ് വെയര്‍ ഇനി പൂര്‍ണമായും സിഡിറ്റിന്റെ നിയന്ത്രണത്തിലായിരിക്കും. ഡാറ്റ സൂക്ഷിക്കുന്ന സിഡിറ്റ് അക്കൗണ്ടിലേക്ക് സ്പ്രിങ്ഗ്ലറിന് പ്രവേശനം അനുവദിക്കില്ല. നിലവിലുള്ള ആപ്ലിക്കേഷനില്‍ അപ്‌ഡേഷന്‍ ആവശ്യമുണ്ടങ്കില്‍ സ്പ്രിങ്ഗ്ലറിനെ സമീപിക്കും.
കൊവിഡ് രോഗികളുമായി ബന്ധപ്പെട്ട ഒരു വിവരവും സ്പ്രിങ്ഗ്ലറിന് കൈമാറില്ലെന്നും സര്‍ക്കാര്‍ സത്യവാങ്മൂലത്തില്‍ പറയുന്നു.സ്പ്രിങ്ഗ്ലര്‍ ശേഖരിച്ച ഡേറ്റകളെല്ലാം സി ഡിറ്റിന്റെ ആമസോണ്‍ അക്കൗണ്ടിലേക്ക് മാറ്റിയിട്ടുണ്ട്. ആദ്യ ഘട്ടത്തില്‍ ശേഖരിച്ച സ്പ്രിങ്ഗ്ലറിന്റെ കൈവശമുള്ള ഡേറ്റകള്‍ നശിപ്പിക്കാന്‍ നിര്‍ദേശം നല്‍കിയതായും സര്‍ക്കാര്‍ വ്യക്തമാക്കി. ഡേറ്റ സര്‍ക്കാരിനു കൈമാറിയാല്‍ സ്പ്രിങ്ഗ്ലറിന്റെ കൈവശമുള്ള ഡേറ്റ നശിപ്പിക്കണമെന്നു ഹൈക്കോടതി മുന്‍പ നിര്‍ദ്ദേശം നല്‍കിയിരുന്നു. സോഫ്റ്റ് വെയര്‍ അപ്‌ഡേഷന്‍ ഘട്ടത്തില്‍ സ്പ്രിങ്ഗ്ലറിന് അക്കൗണ്ടില്‍ പ്രവേശനം അനുവദിച്ചാലും ഡേറ്റയുടെ രഹസ്യാത്മകത ഉറപ്പാക്കും. വ്യക്തികളുടെ വിവരങ്ങള്‍ ശേഖരിക്കുന്നതു സംബന്ധിച്ചു അവരില്‍ നിന്നു അനുമതി വാങ്ങിയേ ചെയ്യുവെന്നും സ്ത്യവാങ്മൂലത്തില്‍ വ്യക്തമാക്കുന്നു. പൗരന്‍മാരുടെ സ്വകാര്യതയെ ബഹുമാനിക്കുന്നുവെന്നും സത്യവാങ്ൂലത്തിലുണ്ട്.
സ്പ്രിങ്ഗ്ലറിന് സമാനമായ സേവനങ്ങള്‍ ലഭ്യമാക്കാന്‍ കേന്ദ്രസര്‍ക്കാരിന് മൂന്നു തവണ കത്തു നല്‍കിയെങ്കിലും നടപടിയുണ്ടായില്ലെന്നു സത്യവാങ്മൂലത്തില്‍ പറയുന്നു. കൊവിഡ് രോഗികളുടെ സ്വകാര്യതയുമായി ബന്ധപ്പെട്ട് ഉയര്‍ത്തിയ ആരോപണങ്ങള്‍ കേട്ടുകേള്‍വിയുടെ അടിസ്ഥാനത്തിലുള്ളതാണെന്നും ഇരുവരുടെയും ഹരജികള്‍ നിലനില്‍ക്കില്ലെന്നും സര്‍ക്കാര്‍ കോടതിയെ അറിയിച്ചു. പൗരന്‍മാരുടെ വിവരങ്ങള്‍ കൈമാറുന്നതിലൂടെ മില്യണ്‍ കണക്കിനു ഡോളറാണ് ലഭിക്കുന്നതെന്ന ഹരജിക്കാരുടെ ആരോപണം അടിസ്ഥാനരഹിതമാണെന്നു സത്യവാങ്മൂലത്തില്‍ പറയുന്നു. കേസ് പിന്നീട് പരിഗണിക്കും.