ഓക്‌സിജന്‍, വാക്‌സിന്‍ ക്ഷാമം; പ്രധാനമന്ത്രിയുടെ നേതൃത്വത്തില്‍ ഇന്ന് ഉന്നതതല യോഗങ്ങള്‍
ന്യൂഡല്‍ഹി: രാജ്യത്ത് കൊവിഡ് വാക്‌സിന്‍, ഓക്‌സിജന്‍ ക്ഷാമം രൂക്ഷമായ സാഹചര്യത്തില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നേതൃത്വത്തില്‍ ഇന്ന് ഉന്നതതല യോഗങ്ങള്‍ ചേരും. രാവിലെ 9 മണിക്ക് കൊവിഡ് പൊതു സാഹചര്യം വിലയിരുത്തുന്ന പ്രധാനമന്ത്രി, പത്ത് മണിക്ക് മുഖ്യമന്ത്രിമാരുമായി കൂടിക്കാഴ്ച്ച നടത്തും. വാക്‌സിന്‍ ക്ഷാമം പരിഹരിക്കുന്നതിനുള്ള നടപടികള്‍ക്കൊപ്പം തുടര്‍ വിതരണവും പ്രധാനമന്ത്രി വിലയിരുത്തും. 12 മണിക്ക് ഓക്‌സിജന്‍ നിര്‍മ്മാണ കമ്പനി മേധാവികളേയും മോദി കാണും.
ഓക്‌സിജന്‍ ക്ഷാമം പരിഹരിക്കാന്‍ കേന്ദ്ര ആഭ്യന്തര മന്ത്രാലയം നല്‍കിയ നിര്‍ദേശങ്ങള്‍ വിലയിരുത്തും. അതിനിടെ രാജ്യത്തെ പ്രതിദിന കൊവിഡ് ബാധിതരുടെ എണ്ണം ഇന്ന് 3.3 ലക്ഷമായി. തുടര്‍ച്ചയായ മൂന്നാം ദിവസവും മരണം രണ്ടായിരം കടക്കുമെന്നാണ് അനൗദ്യോഗിക കണക്കുകള്‍.
അതിനിടെ, രാജ്യത്തെ കൊവിഡ് പ്രതിസന്ധിയില്‍ സ്വമേധയ എടുത്ത കേസ് സുപ്രീം കോടതി ഇന്ന് പരിഗണിക്കും. ഓക്‌സിജന്‍ വിതരണം, വാക്‌സിന്‍ നയം, മരുന്നുകളുടെ വിതരണം, ലോക്ഡൗണ്‍ പ്രഖ്യാപിക്കാനുള്ള സംസ്ഥാനങ്ങളുടെ അധികാരം എന്നീ വിഷയങ്ങളിലാണ് കോടതി ഇന്നലെ സ്വമേധയ കേസെടുത്തത്. ഓക്‌സിജന്‍ വിതരണത്തിലേയും വാക്‌സിനേഷനിലെയും ദേശീയ രൂപരേഖ കേന്ദ്ര സര്‍ക്കാര്‍ ഇന്ന് കോടതിയില്‍ സമര്‍പ്പിക്കും. വിവിധ ഹൈക്കോടതികള്‍ ഇക്കാര്യങ്ങള്‍ പരിഗണിക്കുന്നത് ആശയക്കുഴപ്പം ഉണ്ടാക്കുന്നുണ്ടെന്നും എല്ലാ കേസുകളും സുപ്രീംകോടതിക്ക് വിടണമെന്നും കോടതി ഇന്നലെ ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ ഇതിനെതിരെ ബാര്‍ അസോസിയേഷന്‍ സുപ്രീം കോടതിയെ സമീപിച്ചിട്ടുണ്ട്.