ജോലി നഷ്ടവും രോഗവും; പ്രവാസി മലയാളിയെ നാട്ടിലെത്താന്‍ സഹായിച്ച് ഇന്ത്യന്‍ സോഷ്യല്‍ ഫോറം പ്രവര്‍ത്തകര്‍
കൊവിഡ് പ്രതിസന്ധിയെ തുടര്‍ന്ന് സോഷ്യല്‍ ഫോറം നടത്തിയ ഭക്ഷണ കിറ്റ് വിതരണത്തിന്റെ വാര്‍ത്ത ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്തിരുന്നു. ഫേസ്ബുക്ക് പോസ്റ്റിന്റെ താഴെ 'എന്നെ ഒന്നു വിളിക്കുമോ' എന്ന് സുലൈമാന്‍ കമന്റ് ഇടുകയായിരുന്നു.
മനാമ: ജോലി നഷ്ടപ്പെട്ടതോടെ ബഹ്‌റൈനില്‍ കുടുങ്ങിയ പ്രവാസി മലയാളിക്ക് നാടണയാന്‍ ഇന്ത്യന്‍ സോഷ്യല്‍ ഫോറം തുണയായി. കൊവിഡ് 19 പ്രതിസന്ധിയെ തുടര്‍ന്ന് ജോലി നഷ്ടപ്പെട്ട് സാമ്പത്തികമായി ദുരിതത്തിലായ സുലൈമാന്‍ എന്നയാള്‍ക്കാണ് സോഷ്യല്‍ ഫോറം പ്രവര്‍ത്തകര്‍ സഹായം എത്തിച്ചത്. കുടുംബത്തിന്റെ ഏക ആശ്രയമായ സുലൈമാന്‍ ജോലി നഷ്ടപ്പെട്ടതോടെ നാട്ടിലെത്താനുള്ള ശ്രമത്തിലായിരുന്നു. സഹായത്തിനായി പലരേയും സമീപിച്ചെങ്കിലും നിരാശയായിരുന്നു ഫലം.
കൊവിഡ് പ്രതിസന്ധിയെ തുടര്‍ന്ന് സോഷ്യല്‍ ഫോറം നടത്തിയ ഭക്ഷണ കിറ്റ് വിതരണത്തിന്റെ വാര്‍ത്ത ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്തിരുന്നു. ഫേസ്ബുക്ക് പോസ്റ്റിന്റെ താഴെ 'എന്നെ ഒന്നു വിളിക്കുമോ' എന്ന് സുലൈമാന്‍ കമന്റ് ഇടുകയായിരുന്നു. കമന്റ് ശ്രദ്ധയില്‍പ്പെട്ട സോഷ്യല്‍ ഫോറം മുഹറഖ് ബ്രാഞ്ച് പ്രസിഡന്റ് അസീര്‍ അദ്ദേഹവുമായി ബന്ധപ്പെടുകയായിരുന്നു.
തയ്യല്‍ ജോലിക്കാരനായ സുലൈമാന്‍ പ്രമേഹ രോഗവും പക്ഷാഘാതവും മൂലം ദുരിതം അനുഭവിക്കുന്ന അവസ്ഥയിലായിരുന്നു. അദ്ദേഹത്തിന്റെ പ്രയാസം മനസ്സിലാക്കിയ ഇന്ത്യന്‍ സോഷ്യല്‍ ഫോറം പ്രവര്‍ത്തകര്‍ ഉടനെ തന്നെ അദ്ദേഹത്തിനാവശ്യമായ ഭക്ഷണ സാധങ്ങള്‍ നല്‍കുകയും അദ്ദേഹത്തിന്റെ യാത്രക്ക് വേണ്ടി എംബസിയില്‍ പേര് രജിസ്റ്റര്‍ ചെയ്യിക്കുകയും ചെയ്തു. ടിക്കറ്റിനുള്ള പണവും സോഷ്യല്‍ ഫോറം പ്രവര്‍ത്തകര്‍ സമാഹരിച്ച് നല്‍കിയതോടെ സുലൈമാന് നാട്ടിലേക്കുള്ള യാത്ര സാധ്യമാകുകയായിരുന്നു.
മുഹറഖ് ബ്രാഞ്ച് പ്രസിഡന്റ് അസീര്‍ പാപ്പിനിശ്ശേരി, സെക്രട്ടറി മൊയ്ദീന്‍ ടിഎംസി, സൂഖിലെ സോഷ്യല്‍ ഫോറം നേതാക്കളായ മുസ്തഫ, റഷീദ് മാഹി, മജീദ്, അസീസ് അബ്ബാസ്, അര്‍ശിദ് പാപ്പിനിശ്ശേരി എന്നിവരുടെ നേതൃത്വത്തിലാണ് സഹായം എത്തിച്ചത്.