കൊവിഡ് 19: സൗദിയില്‍ മരിച്ചത് മലപ്പുറം, കണ്ണൂര്‍ സ്വദേശികള്‍

ലേബര്‍ ക്യാംപുകളില്‍ കഴിയുന്ന ഇന്ത്യക്കാര്‍ക്ക് മരുന്നുംഭക്ഷണവും എത്തിക്കാന്‍ ഇന്ത്യന്‍ എംബസിയുടെ ഹെല്‍പ് ലൈന്‍ പ്രവര്‍ത്തിക്കുന്നു.

Update: 2020-04-15 14:15 GMT

ദമ്മാം: സൗദിയില്‍ കൊവിഡ് ബാധിതരില്‍ 186 ഇന്ത്യക്കാരുണ്ടെന്നും മരിച്ചവര്‍ രണ്ടുപേരും മലയാളികളാണെന്നും സൗദിയിലെ ഇന്ത്യന്‍ സ്ഥാനപതി ഡോ. ഔസാഫ് സഈദ് അറിയിച്ചു. കൊവിഡ് 19 വ്യാപന പാശ്ചാത്തലത്തില്‍ ഇന്ത്യന്‍ സമൂഹം കൈക്കൊള്ളേണ്ട ജാഗ്രതയെക്കുറിച്ചും എംബസി സ്വീകരിച്ച മുന്‍കരുതല്‍  നടപടികളെക്കുറിച്ചും അറിയിക്കുന്നതിന് വിളിച്ചു ചേര്‍ത്ത വാര്‍ത്താസമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. അസുഖബാധിതയായ ഇന്ത്യക്കാരില്‍ ഭൂരിഭാഗം പേരുടെയും നില തൃപ്തികരമാണെന്ന് അദ്ദേഹം അറിയിച്ചു.

റിയാദില്‍ മരിച്ചമലപ്പുറം തിരൂരങ്ങാടി ചെമ്മാട് സ്വദേശി നടമ്മല്‍ പുതിയകത്ത് സഫ്വാനും മദീനയില്‍ മരിച്ച പാനൂര്‍ കാട്ടി മുക്കിലെ ഷബ്‌നാസുമാണ് കൊവിഡ് ബാധിച്ച് മരിച്ച രണ്ടു മലയാളികള്‍.

സൗദിയില്‍ 26 ലക്ഷം ഇന്ത്യക്കാരാണുള്ളത്. ഇവരില്‍ 13 ലക്ഷവും മലയാളികളാണ്.ലേബര്‍ ക്യാംപുകളില്‍ കഴിയുന്ന ഇന്ത്യക്കാര്‍ക്ക് മരുന്നുംഭക്ഷണവും എത്തിക്കാന്‍ ഇന്ത്യന്‍ എംബസിയുടെ ഹെല്‍പ് ലൈന്‍ പ്രവര്‍ത്തിക്കുന്നു. ഹെല്‍പ് ലൈനില്‍വിളിച്ചാല്‍ ഭക്ഷണം ക്യാംപുകളില്‍ എത്തിക്കാനുള്ള സൗകര്യം ഒരുക്കിയിട്ടുണ്ട്.ഹെല്‍പ് ലൈനില്‍ ബന്ധപ്പെടുന്ന മുറക്ക് ആംബുലന്‍സ് അടക്കമുള്ള സഹായങ്ങള്‍ ലഭിക്കും.

എംബസി നേരിട്ട് ഭക്ഷണം എത്തിക്കുന്നതിന് പകരം സൂപര്‍മാര്‍ക്കറ്റുകളുടെ ഡെലിവറി സംവിധാനം ഉപയോഗിക്കാനാണ് ആലോചിക്കുന്നത്.

സാമൂഹ്യ സന്നദ്ധ സംഘടനകളുടെയും ഡോക്ടര്‍മാരുടെയും പ്രത്യേക വാട്‌സാപ് ഗ്രൂപ്പുകള്‍ തയ്യാറാക്കിയിട്ടുണ്ട്. ഹെല്‍പ് ലൈനില്‍ വിളിക്കുന്നവര്‍ക്ക് ഡോക്ടര്‍മാരുമായി ബന്ധപ്പെട്ട് മാര്‍ഗനിര്‍ദേശങ്ങള്‍ സ്വീകരിക്കാം. സ്വകാര്യ ക്ലിനിക്കുകളുടെയും ഹജിന് ഉപയോഗിക്കുന്ന മെഡിക്കല്‍ ടീമിന്റെയും ആംബുലന്‍സുകളുടെ സേവനം ലഭിക്കാനാവശ്യമായ ശ്രമങ്ങള്‍ തുടരുന്നുണ്ട്. ഇതിന് സൗദി അധികൃതരില്‍ നിന്ന് അനുമതി ലഭിക്കേണ്ടതുണ്ട്. നിലവില്‍ സൗദിയില്‍ 232 ഇന്ത്യന്‍ ഉംറ തീര്‍ഥാടകരാണ് കുടുങ്ങിക്കിടക്കുന്നത്. സ്‌കൂള്‍ ഫീസ് പുനരാലോചന ഉന്നതതല യോഗത്തില്‍ ചര്‍ച്ച ചെയ്യും. 

Tags:    

Similar News