കര്‍ശന പരിശോധനയുമായി തിരുവനന്തപുരം നഗരസഭ

Update: 2020-06-22 07:19 GMT

തിരുവനന്തപുരം: നഗരപ്രദേശത്ത് കൊവിഡ് 19 വീണ്ടും സ്ഥിരീകരിച്ച സാഹചര്യത്തില്‍ നിയന്ത്രണങ്ങളും കര്‍ശനമാക്കി. കണ്ടെയ്ന്‍മെന്റ് സോണുകളായി പ്രഖ്യാപിച്ച ആറ്റുകാല്‍, കാലടി, മണക്കാട് എന്നിവിടങ്ങളിലെ ഗതാഗത നിയന്ത്രണത്തിന്റെ ഭാഗമായി നഗരത്തിലെ അഞ്ച് റോഡുകള്‍ ഇന്നുമുതല്‍ അടച്ചിട്ടിരിക്കുകയാണ്. വിവിധ ഇടങ്ങളിലായി ഹോട്ട് സ്‌പോട്ട് പ്രഖ്യാപിച്ചിരിക്കുന്ന സാഹചര്യത്തില്‍ റെയ്ഡുകള്‍ തുടങ്ങി. തുറന്നു പ്രവര്‍ത്തിക്കുന്ന വ്യാപാര സ്ഥാപനങ്ങള്‍ കര്‍ശനമായി സുരക്ഷാ മാനദണ്ഡങ്ങള്‍ പാലിക്കണമെന്നു നിര്‍ദേശിച്ചാണ് റെയ്ഡ്.

    കടകളില്‍ സാധനങ്ങള്‍ വാങ്ങാനും മറ്റ് ആവശ്യങ്ങള്‍ക്കുമായി എത്തിച്ചേരുന്നവര്‍ കൃത്യമായും സാമൂഹിക അകലം പാലിക്കേണ്ടതാണെന്ന് ആരോഗ്യ സ്റ്റാന്റിങ് കമ്മിറ്റി ചെയര്‍മാന്‍ ഐ പി ബിനു അവശ്യപ്പെട്ടു. കടകളിലും മറ്റും സാമൂഹിക അകലം പാലിച്ചുമാത്രമേ ഏത് പ്രവര്‍ത്തിയും പാടുള്ളൂ. ഹാന്‍ഡ് വാഷ്, സാനിറ്റൈസര്‍ എന്നിവ കടയുടമകള്‍ കരുതിവയ്ക്കണം. കടയിലേക്ക് പ്രവേശിപ്പിക്കുമ്പോള്‍ കൊവിഡ് 19 നിയന്ത്രണ പ്രോട്ടോകോള്‍ കൃത്യമായും പാലിക്കപ്പെടേണ്ടതുണ്ട്. എല്ലാ ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ ഓഫിസുകളും എല്ലാ കടയുടമകളും കൊവിഡ് 19 പ്രോട്ടോകോള്‍ പാലിക്കുന്നുണ്ടെന്ന് ഉറപ്പുവരുത്തണം. നഗരസഭയുടെ 9496434517 എന്ന സ്‌ക്വാഡ് ഫോണ്‍ നമ്പറിലേക്ക് വരുന്ന പരാതികള്‍ അടിയന്തരമായി പരിഹരിക്കാനുള്ള നടപടികളും ഉണ്ടാവണം. കൊവിഡ് 19 പ്രോട്ടോക്കോള്‍ ലംഘിക്കുന്നവര്‍ക്കെതിരേ കര്‍ശന നടപടികള്‍ സ്വീകരിക്കുമെന്നും ഐ പി ബിനു വ്യക്തമാക്കി. തിരുവനന്തപുരത്ത് ഇന്ന് മുതല്‍ ഏര്‍പ്പെടുത്തിയിരിക്കുന്നത് കര്‍ശന നിയന്ത്രണങ്ങള്‍. ജില്ലയില്‍ കഴിഞ്ഞദിവസം കൊറോണ സ്ഥിരീകരിച്ച ഓട്ടോ ഡ്രൈവറുമായി സമ്പര്‍ക്കമുണ്ടായിരുന്നവരുടെ സ്രവ പരിശോധന ഇന്ന് തുടങ്ങും. സമ്പര്‍ക്കപ്പട്ടിക അന്തിമമാക്കുന്ന പ്രവര്‍ത്തനങ്ങളും പൂര്‍ത്തിയായിവരികയാണ്.

Thiruvananthapuram Corporation with strict inspection






Tags:    

Similar News