തൃശൂര്‍ പൂരം: പ്രത്യേക മാര്‍ഗനിര്‍ദേശമിറക്കണമെന്ന് ജില്ലാ കലക്ടര്‍; ആശങ്ക വേണ്ടെന്ന് സുനില്‍കുമാര്‍
തൃശൂര്‍: കൊവിഡ് വ്യാപിക്കുന്ന സാഹചര്യത്തില്‍ പൂരം നടത്തിപ്പില്‍ ആളുകളെ നിയന്ത്രിക്കുന്നതുള്‍പ്പെടെ മാര്‍ഗനിര്‍ദേശമിറക്കണമെന്ന് ജില്ലാ കലക്ടര്‍. ഇക്കാര്യമാവശ്യപ്പെട്ട് കലക്ടര്‍ ചീഫ് സെക്രട്ടറിക്ക് കത്തയച്ചു. ജനങ്ങളെ നിയന്ത്രിച്ച് പൂരം നടത്താനാകുമെന്ന് പാറമേക്കാവ് തിരുവമ്പാടി ദേവസ്വംബോര്‍ഡുകള്‍ അറിയിച്ചു.
കൊവിഡ് വ്യാപനം രൂക്ഷമായ സാഹചര്യത്തില്‍ പൂരം നടത്തുന്നത് രോഗം പടരാന്‍ കാരണമാകുമെന്ന് ആരോഗ്യ വകുപ്പ് വിലയിരുത്തിയിരുന്നു. ഈ സാഹചര്യത്തിലാണ് പൂരം നടത്തിപ്പിന് പ്രത്യേക മാര്‍ഗനിര്‍ദേശമിറക്കണമെന്ന് ജില്ലാ കലക്ടര്‍ കത്തിലൂടെ ആവശ്യപ്പെട്ടത്.
അതേസമയം, പൂരം നടത്തിപ്പില്‍ നിന്ന് സര്‍ക്കാര്‍ പിന്മാറില്ലെന്ന് മന്ത്രി വി എസ് സുനില്‍കുമാര്‍ വ്യക്തമാക്കി. 'പൂരം നടത്തിപ്പില്‍ ആശങ്കയില്ല' 'ഒരുക്കങ്ങള്‍ അന്തിമഘട്ടത്തില്‍' 'ആളുകളെ നിയന്ത്രിക്കുന്നതില്‍ പൂരം നടത്തിപ്പ് കമ്മിറ്റി തീരുമാനമെടുക്കും'. മന്ത്രി പറഞ്ഞു.
പൂരം നടത്തുന്നതോടെ കൂടുതല്‍ പേര്‍ക്ക് രോഗം വരുമെന്ന ആരോഗ്യ വകുപ്പിന്റെ കണക്ക് മനസിലാകുന്നില്ലെന്ന് പാറമേക്കാവ് ദേവസ്വം സെക്രട്ടറി രാജേഷ് പറഞ്ഞു. പൂരത്തിനുള്ള എല്ലാ ഒരുക്കങ്ങളും പൂര്‍ത്തിയായതായും പാറമേക്കാവ് തിരുവമ്പാടി ദേവസ്വംബോര്‍ഡുകള്‍ വ്യക്തമാക്കി. പൂരത്തിന്റെ മുഖ്യ ആകര്‍ഷണമായ കുടമാറ്റത്തിന്റെ സമയം കുറയ്ക്കാന്‍ ഇരു ദേവസ്വങ്ങളും തീരുമാനിച്ചിട്ടുണ്ട്.