കൊവിഡ് മരണം നാല് ലക്ഷം കടന്നു; രോഗബാധിതര്‍ കൂടുതല്‍ അമേരിക്കയില്‍
6,966,412 പേര്‍ക്ക് നാളിതുവരെ രോഗം ബാധിച്ചുകഴിഞ്ഞു. 3,404,415 പേര്‍ രോഗമുക്തി നേടി.
വാഷിംഗ്ടണ്‍: വിവിധ രാജ്യങ്ങളില്‍ ലോക്ക് ഡൗണ്‍ നിയന്ത്രണങ്ങളില്‍ ഇളവുകള്‍ പ്രഖ്യാപിക്കുമ്പോഴും രോഗ വ്യാപനം നിയനന്ത്രണ വിധേയമായിട്ടില്ല. ലോകത്ത് ഇതുവരെ കൊവിഡ് മരണം നാല് ലക്ഷം കടന്നു. വേള്‍ഡോ മീറ്ററിന്റെ കണക്കുപ്രകാരം 401,607 പേരാണ് ഇതുവരെ മരണപ്പെട്ടത്. രോഗബാധിതരുടെ എണ്ണം 70 ലക്ഷത്തിലേക്ക് അടുക്കുകയാണ്. 6,966,412 പേര്‍ക്ക് നാളിതുവരെ രോഗം ബാധിച്ചുകഴിഞ്ഞു. 3,404,415 പേര്‍ രോഗമുക്തി നേടി.
അമേരിക്കയിലാണ് ഏറ്റവുമധികം രോഗബാധിതര്‍. ഇവിടെ കൊവിഡ് രോഗികളുടെ എണ്ണം 20 ലക്ഷത്തോട് അടുക്കുകയാണ്. കൃത്യമായി പറഞ്ഞാല്‍ 1,988,461 പേര്‍ക്ക് രോഗം പിടിപെട്ടു. മരണം 112,096ല്‍ എത്തിനില്‍ക്കുന്നു. ഇന്നലെ മാത്രം 706 പേര്‍ മരണപ്പെട്ടു. ലാറ്റിനമേരിക്കയില്‍ കനത്ത ആശങ്ക വിതയ്ക്കുന്ന ബ്രസീലില്‍ 673,587 പേര്‍ക്ക് രോഗബാധയുണ്ടായി. കഴിഞ്ഞ 24 മണിക്കൂറിനിടെ 27,581പേര്‍ക്ക് രോഗം സ്ഥിരീകരിച്ചപ്പോള്‍ 910 മരണവും റിപ്പോര്‍ട്ട് ചെയ്തു. റഷ്യയില്‍ മരണം 5,725 ആയി.