കോഴിക്കോട്ട് ഇന്ന് കൊവിഡ് സ്ഥിരീകരിച്ചത് നെഗറ്റീവായതിനെ തുടര്‍ന്ന് ഇന്നലെ ഡിസ്ചാര്‍ജ് ചെയ്ത 67 കാരന്

ഏപ്രില്‍ രണ്ടിന് അയച്ച ഇയാളുടെ സാമ്പിള്‍ നെഗറ്റീവ് ആയിരുന്നു. ഇതേ തുടര്‍ന്ന് ഏപ്രില്‍10 ന് ഡിസ്ചാര്‍ജ് ചെയ്തു. ഡിസ്ചാര്‍ജ് ചെയ്യുന്ന സമയത്ത് മെഡിക്കല്‍ ബോര്‍ഡിന്റെ തീരുമാനപ്രകാരം അയച്ച സാംപിളാണ് ഇന്ന് പോസിറ്റീവ് ആയി സ്ഥിരീകരിച്ചത്.

Update: 2020-04-11 14:32 GMT

കോഴിക്കോട്: ജില്ലയില്‍ ഇന്ന് ഒരാള്‍ക്ക് കൂടി കൊവിഡ് ബാധ സ്ഥിരീകരിച്ചു. ഇതോടെ ജില്ലയില്‍ രോഗം ബാധിച്ചവരുടെ എണ്ണം 14 ആയി. ഇതില്‍ ആറു പേരുടെ അന്തിമ ഫലം നെഗറ്റീവ് ആയി വീടുകളിലേക്കയച്ചു.

വടകര എടച്ചേരി സ്വദേശിയായ 67 കാരനാണ് ഇന്ന് രോഗം സ്ഥിരീകരിച്ചത്. ഇദ്ദേഹം കോഴിക്കോട് സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. ഇദ്ദേഹത്തിന്റെ മക്കള്‍ രണ്ടുപേരും മാര്‍ച്ച് 18 ന് ദുബായില്‍ നിന്ന് വരികയും വീട്ടില്‍ നിരീക്ഷണത്തില്‍ കഴിയുകയുമായിരുന്നു.

ഏപ്രില്‍ രണ്ടിന് അയച്ച ഇയാളുടെ സാമ്പിള്‍ നെഗറ്റീവ് ആയിരുന്നു. ഇതേ തുടര്‍ന്ന് ഏപ്രില്‍10 ന് ഡിസ്ചാര്‍ജ് ചെയ്തു. ഡിസ്ചാര്‍ജ് ചെയ്യുന്ന സമയത്ത് മെഡിക്കല്‍ ബോര്‍ഡിന്റെ തീരുമാനപ്രകാരം അയച്ച സാംപിളാണ് ഇന്ന് പോസിറ്റീവ് ആയി സ്ഥിരീകരിച്ചത്.

ഇദ്ദേഹത്തിന്റെ രോഗ ബാധ സ്ഥിരീകരിച്ചതോടെ ആരോഗ്യ വകുപ്പ് കൂടുതല്‍ ജാഗ്രതയിലാണ്. രോഗിയുമായി അടുത്ത സമ്പര്‍ക്കം പുലര്‍ത്തിയ കുടുംബാംഗങ്ങളെ കൂടി പരിശോധനകള്‍ക്കായി ഇന്ന് കോഴിക്കോട് മെഡിക്കല്‍ കോളജിലേക്ക് മാറ്റി. ജില്ലയില്‍ എട്ടു പേരാണ് ഇപ്പോള്‍ രോഗ ബാധിതരായി ചികിത്സയിലുള്ളത്.

മെഡിക്കല്‍ കോളജില്‍ ചികില്‍സയിലുള്ള രണ്ട് കാസര്‍ഗോഡ് സ്വദേശികള്‍ക്ക് രോഗം ഭേദമായി. ഒരു കണ്ണൂര്‍ സ്വദേശി ചികിത്സയിലുണ്ട്. ജില്ലയില്‍ ഇന്ന് 437 പേര്‍ കൂടി വീടുകളില്‍ നിരീക്ഷണം പൂര്‍ത്തിയാക്കി. ഇതോടെ നിരീക്ഷണ കാലയളവ് പൂര്‍ത്തിയാക്കിയവരുടെ ആകെ എണ്ണം 5286 ആയി. നിലവില്‍ ആകെ 17,387 പേരാണ് നിരീക്ഷണത്തിലുള്ളത്. പുതുതായി വന്ന 4 പേര്‍ ഉള്‍പ്പെടെ 23 പേര്‍ ആണ് ആശുപത്രി നിരീക്ഷണത്തിലുണ്ട്. നിരീക്ഷണത്തിലായിരുന്ന 11 പേരെ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ നിന്ന് ഇന്ന് ഡിസ്ചാര്‍ജ്ജ് ചെയ്തു.

ഇന്ന് 21 സ്രവസാംപിള്‍ പരിശോധനയ്ക്ക് അയച്ചു.ആകെ 484 സ്രവ സാംപിളുകള്‍ അയച്ചതില്‍ 460 എണ്ണത്തിന്റെ ഫലം ലഭിച്ചു. ഇതില്‍ 444 എണ്ണം നെഗറ്റീവ് ആണ്. 24 പേരുടെ ഫലം ലഭിക്കാനുണ്ട്.

Tags:    

Similar News