കോഴിക്കോട് ജില്ലയിലെ കൊവിഡ് വ്യാപനം; മുന്നറിയിപ്പുമായി ജില്ലാ ആരോഗ്യവകുപ്പ്

ആരോഗ്യ വകുപ്പിന്റെ നിര്‍ദേശങ്ങള്‍ പൂര്‍ണമായി അനുസരിക്കണം. കണ്ടൈന്‍മെന്റ് സോണിനകത്തുള്ള അയല്‍ വീടുകള്‍, ബന്ധുവീടുകള്‍ എന്നിവിടങ്ങളിലും സന്ദര്‍ശനം കര്‍ശനമായി ഒഴിവാക്കണം.

Update: 2020-07-16 15:39 GMT

കോഴിക്കോട്: ജില്ലയില്‍ വിവിധഭാഗങ്ങളില്‍ നിന്നും കൂടുതല്‍ കൊവിഡ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യുന്ന സാഹചര്യത്തില്‍ ജനങ്ങള്‍ അതീവ ജാഗ്രത പാലിക്കണമെന്ന് ജില്ലാ മെഡിക്കല്‍ ഓഫിസര്‍ ഡോ. ജയശ്രീ വി അറിയിച്ചു. ജനങ്ങള്‍ നിര്‍ബന്ധമായും പാലിക്കേണ്ട കാര്യങ്ങളെക്കുറിച്ച് ജില്ലാ ആരോഗ്യ വകുപ്പ് നിര്‍ദേശങ്ങള്‍ പുറപ്പെടുവിച്ചു.

അത്യാവശ്യ കാര്യങ്ങള്‍ക്ക് മാത്രമേ പുറത്തിറങ്ങാന്‍ പാടുള്ളു. യാത്ര കഴിയുന്നതും ഒഴിവാക്കണം. ആളുകള്‍ കൂട്ടംകൂടുന്ന സാഹചര്യങ്ങള്‍ ഒഴിവാക്കണമെന്നും ജില്ലാ മെഡിക്കല്‍ ഓഫിസര്‍ അറിയിച്ചു.

ഗര്‍ഭിണികളും കുട്ടികളും മുതിര്‍ന്ന പൗരന്മാരും വീടിനു പുറത്തിറങ്ങാന്‍ പാടില്ല. പൊതുസ്ഥലങ്ങളിലും തൊഴില്‍ ഇടങ്ങളിലും മൂക്കും വായും പൂര്‍ണമായും മറയത്തക്ക വിധം മാസ്‌ക് ധരിക്കണം. സോപ്പ് അല്ലെങ്കില്‍ സാനിറ്റൈസര്‍ ഉപയോഗിച്ച് ഇടയ്ക്കിടെ കൈകള്‍ വൃത്തിയാക്കണം. ജനങ്ങള്‍ കൂടുന്ന മാര്‍ക്കറ്റുകള്‍ വ്യാപാര സ്ഥാപനങ്ങള്‍ മുതലായ ഇടങ്ങളില്‍ സാമൂഹിക അകലം ഉറപ്പുവരുത്താന്‍ വ്യാപാരികളും ജനങ്ങളും ശ്രദ്ധിക്കണം. ആരോഗ്യപ്രവര്‍ത്തകരുടെ നിര്‍ദ്ദേശങ്ങള്‍ കൃത്യമായി പാലിക്കണമെന്നും അവര്‍ പറഞ്ഞു.

ഒരു പ്രദേശത്ത് കൊവിഡ് രോഗവ്യാപന സാദ്ധ്യത കൂടുതലാണ് എന്ന് കണ്ടെത്തുമ്പോള്‍ അതിനെ പ്രതിരോധിക്കുന്നതിന് ഫലപ്രദവും ശാസ്ത്രീയവുമായ മാര്‍ഗമാണ് ഒരു പ്രദേശത്തെ കണ്ടൈന്‍മെന്റ് സോണ്‍ ആയി പ്രഖ്യാപിച്ച് നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തുന്നത്. ഇവിടുങ്ങളില്‍ ഇപ്പോള്‍ ഏര്‍പ്പെടുത്തിയിരിക്കുന്ന നിയന്ത്രണങ്ങള്‍ താത്ക്കാലികമാണ്. ഇവിടങ്ങളിലെ സഞ്ചാരവും, ജനങ്ങള്‍ തമ്മിലുള്ള സമ്പര്‍ക്കവും പരമാവധി ഒഴിവാക്കി രോഗ പകര്‍ച്ച കൂടുതല്‍ പേരിലേക്കും, പ്രദേശങ്ങളിലേക്കും വ്യാപിക്കുന്നത് തടയുകയാണ് ഇതിന്റെ ലക്ഷ്യം. ഇത് കൈവരിക്കുന്നതിന് പ്രദേശത്തെ ജനങ്ങളുടെ പൂര്‍ണ സഹകരണം അത്യാവശ്യമാണ്. പ്രദേശത്തിന് പുറത്തേക്ക് മാത്രമല്ല, പ്രദേശത്തിനകത്ത് തന്നെയും സമ്പര്‍ക്കം തീര്‍ത്തും ഒഴിവാക്കണം. വീടുകളിലുള്ള കുട്ടികള്‍, പ്രായമായവര്‍, ഗര്‍ഭിണികള്‍ എന്നിവരുടെ കാര്യത്തില്‍ പ്രത്യേക കരുതല്‍ വേണം.

ആരോഗ്യ വകുപ്പിന്റെ നിര്‍ദേശങ്ങള്‍ പൂര്‍ണമായി അനുസരിക്കണം. കണ്ടൈന്‍മെന്റ് സോണിനകത്തുള്ള അയല്‍ വീടുകള്‍, ബന്ധുവീടുകള്‍ എന്നിവിടങ്ങളിലും സന്ദര്‍ശനം കര്‍ശനമായി ഒഴിവാക്കണം.

കുട്ടികളും യുവാക്കളും സംഘം ചേര്‍ന്ന് വിനോദങ്ങളിലും കളികളിലും ഏര്‍പ്പെടുന്നത് രോഗ പ്രതിരോധ പ്രവര്‍ത്തനങ്ങളെ പ്രതികൂലമായി ബാധിക്കും. അത്തരം പ്രവര്‍ത്തനങ്ങള്‍ കര്‍ശനമായി ഒഴിവാക്കണം. അടിയന്തിര സേവന വിഭാഗങ്ങളില്‍ പ്രവര്‍ത്തിക്കുന്നവരൊഴികെയുള്ളവര്‍ ജോലിക്കായി പുറത്തു പോകരുത്. രോഗവ്യാപനം കണ്ടെത്തുന്നതിനായി ആരോഗ്യ വകുപ്പ് നടത്തുന്ന പരിശോധനകളുമായി ആളുകള്‍ സഹകരിക്കണം. കൈകള്‍ ഇടയ്ക്കിടെ സോപ്പുപയോഗിച്ചു 20 സെക്കന്‍ഡ് നേരമെങ്കിലും കഴുകുക. പനി, തൊണ്ടവേദന, ശ്വാസംമുട്ട് തുടങ്ങിയ രോഗലക്ഷണങ്ങള്‍ അനുഭവപ്പെട്ടാല്‍ പ്രാദേശിക ആരോഗ്യ പ്രവര്‍ത്തകരെയോ, അല്ലെങ്കില്‍ 1056, 0471 2552056 ദിശ നമ്പറിലോ, ജില്ലാ കൊറോണ നിയന്ത്രണ സെല്‍ നമ്പറായ 04952376063, 2371471 എന്നിവയിലോ ഫോണ്‍ മുഖേന അറിയിച്ച ശേഷം അവരുടെ നിര്‍ദേശപ്രകാരം പ്രവര്‍ത്തിക്കണമെന്നും മെഡിക്കല്‍ ഓഫീസര്‍ അറിയിച്ചു. 

Tags:    

Similar News