കര്‍ണാടകയില്‍ സ്ഥിതി ഗുരുതരം

കഴിഞ്ഞ ഒരാഴ്ചക്കിടെ മാത്രം 18,004 പേര്‍ക്കാണ് കര്‍ണാടകത്തില്‍ രോഗം സ്ഥിരീകരിച്ചത്. ഇന്നലെ മാത്രം 4169 പേര്‍ക്ക് രോഗം ബാധിച്ചു.

Update: 2020-07-17 02:34 GMT

ബെംഗളൂരു: 24 മണിക്കൂറിനിടെ നാലായിരത്തിലധികം പേര്‍ക്ക് കൊവിഡ് ബാധിച്ച് കര്‍ണാടകയില്‍ സ്ഥിതി ഗുരുതരമാകുന്നു. രാജ്യത്ത് ഏറ്റവും കൂടുതല്‍ പ്രതിദിന രോഗബാധയുണ്ടാകുന്ന സംസ്ഥാനങ്ങളിലൊന്നായി കര്‍ണാടക മാറുന്നതായാണ് റിപോര്‍ട്ട്. ഇതുവരെ രോഗം ബാധിച്ചു മരിച്ചവരുടെയണ്ണം ആയിരം കടന്നു. കഴിഞ്ഞ ഒരാഴ്ചക്കിടെ മാത്രം 18,004 പേര്‍ക്കാണ് കര്‍ണാടകത്തില്‍ രോഗം സ്ഥിരീകരിച്ചത്. ഇന്നലെ മാത്രം 4169 പേര്‍ക്ക് രോഗം ബാധിച്ചു.

ഭൂരിഭാഗം രോഗികളും ബെംഗളൂരു നഗരത്തിലാണ്. ഐടി നഗരത്തില്‍ പ്രതിദിന രോഗബാധ രണ്ടായിരം കടന്നു. ഇന്നലെ മാത്രം 2344 രോഗികള്‍. ആദ്യമായി പ്രതിദിന മരണം സംസ്ഥാനത്ത് നൂറ് കടക്കുകയും ചെയ്തു. 104 പേര്‍ക്കാണ് ഇന്നലെ മാത്രം ജീവന്‍ നഷ്ടമായത്. ഇതോടെ സംസ്ഥാനത്ത് രോഗം ബാധിച്ചു മരിച്ചവരുടെ എണ്ണം 1032 ആയി.

ബെംഗളൂരു നഗരത്തിന് പിന്നാലെ ദക്ഷിണ കന്നഡ, ധാര്‍വാഡ, മൈസൂരു, വിജയപുര ജില്ലകളിലും രോഗം വ്യാപിക്കുകയാണ്. കേരളത്തോട് അതിര്‍ത്തി പങ്കിടുന്ന ദക്ഷിണ കന്നഡയില്‍ ഇന്നലെമാത്രം 238 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. ഏഴ് ശതമാനമാണ് ഇപ്പോള്‍ സംസ്ഥാനത്തെ രോഗ വ്യാപന നിരക്ക്. കര്‍ണാടകയില്‍ ഇതുവരെ 51422 പേര്‍ക്കാണ് ആകെ രോഗം ബാധിച്ചത്. രോഗമുക്തി നിരക്ക് 40 ശതമാനമാണ്. രോഗമുക്തി നേടിയവരുടെയെണ്ണം 20,000 അടുക്കുന്നതാണ് ആശ്വാസമേകുന്ന ഘടകം.ബെംഗളൂരു അര്‍ബന്‍ റൂറല്‍ ജില്ലകള്‍ കൂടാതെ ധാര്‍വാഡ് ദക്ഷിണ കന്നഡ ജില്ലകളിലും ലോക്ഡൗണ്‍ നിലവില്‍വന്നു. 

Tags:    

Similar News