സംസ്ഥാനത്ത് സമ്പര്‍ക്കത്തിലൂടെ രോഗ വ്യാപനം കൂടുന്നു; ഒരാഴ്ച്ചക്കിടെ 56 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെ കൊവിഡ്

സമ്പര്‍ക്കത്തിലൂടെ രോഗം പടര്‍ന്ന മേഖലകള്‍ കണ്ടയ്ന്‍മെന്റ് സോണുകളായി തിരിച്ച് പോലിസ് പരിശോധനയും നിയന്ത്രണവും ശക്തമാക്കിയിട്ടുണ്ട്. എട്ട് ദിവസത്തിനിടെ നിരവധി ആരോഗ്യ പ്രവര്‍ത്തകര്‍ക്കും രോഗമുണ്ടായിട്ടുണ്ട്.

Update: 2020-06-27 01:44 GMT

കോഴിക്കോട്: ലോക്ക് ഡൗണ്‍ നിയന്ത്രണങ്ങള്‍ ഒഴിവാക്കിയതോടെ സംസ്ഥാനത്ത് സമ്പര്‍ക്കത്തിലൂടെയുള്ള രോഗ വ്യാപനം വര്‍ദ്ധിക്കുന്നതായി കണക്കുകള്‍. കഴിഞ്ഞ ഒരാഴ്ച്ചക്കിടെ 56 പേര്‍ക്കാണ് സമ്പര്‍ക്കത്തിലൂടെ കൊവിഡ് പടര്‍ന്നത്. രോഗികളുടെ എണ്ണം കുത്തനെ ഉയര്‍ന്നതോടെ കൂടുതല്‍ രോഗബാധയുള്ള മേഖലകളില്‍ കര്‍ശന നിയന്ത്രങ്ങള്‍ ഏര്‍പ്പെടുത്താന്‍ സര്‍ക്കാര്‍ ആലോചിക്കുന്നുണ്ട്.

സമ്പര്‍ക്കത്തിലൂടെ രോഗം പടര്‍ന്ന മേഖലകള്‍ കണ്ടയ്ന്‍മെന്റ് സോണുകളായി തിരിച്ച് പോലിസ് പരിശോധനയും നിയന്ത്രണവും ശക്തമാക്കിയിട്ടുണ്ട്. എട്ട് ദിവസത്തിനിടെ നിരവധി ആരോഗ്യ പ്രവര്‍ത്തകര്‍ക്കും രോഗമുണ്ടായിട്ടുണ്ട്. തൃശൂര്‍ കോര്‍പറേഷനിലും ചാവക്കാട് നഗരസഭയിലും ആരോഗ്യ പ്രവര്‍ത്തകര്‍ക്ക് സമ്പര്‍ക്കത്തിലൂടെ കൊവിഡ് ബാധിച്ചു.

സംസ്ഥാനത്ത് കഴിഞ്ഞ എട്ട് ദിവസത്തിനിടെ കൊവിഡ് 19 സ്ഥിരീകരിച്ചത് 1081 പേര്‍ക്ക്. ഇതില്‍ 673 പേര്‍ വിദേശങ്ങളില്‍ നിന്നും 339 പേര്‍ മറ്റ് സംസ്ഥാനങ്ങളില്‍ നിന്നും വന്നതാണ്.

ജൂണ്‍ 19 മുതല്‍ ഇന്നലെ വരെ എല്ലാ ദിവസവും നൂറിന് മുകളിലാണ് പോസിറ്റീവ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തത്. 19ആം തിയ്യതി 118 പേര്‍ക്ക് രോഗം ബാധിച്ചപ്പോള്‍ 20ന് 127 പേര്‍ക്ക് രോഗമുണ്ടായി. 21ന് 133 പേര്‍ക്കും 22ന് 138 പേര്‍ക്കും കോവിഡ് 19 സ്ഥിരീകരിച്ചു. 23ന് 141 പേര്‍ക്കും 24ന് 151 പേര്‍ക്കും 25ന് 123 പേര്‍ക്കും രോഗം സ്ഥിരീകരിച്ചു. ഇന്നലെ വീണ്ടും 150 പേര്‍ക്ക് രോഗമുണ്ടായി.

അതേസമയം എട്ട് ദിവസത്തിനിടെ 593 പേരുടെ രോഗം മാറിയിട്ടുണ്ട്. മറ്റ് രാജ്യങ്ങളില്‍ നിന്നും സംസ്ഥാനങ്ങളില്‍ നിന്നും കൂടുതല്‍ പേര്‍ എത്തുന്നത് കൊണ്ട് വരും ദിവസങ്ങളിലും കൂടുതല്‍ രോഗികള്‍ ഉണ്ടാകുമെന്ന് തന്നെയാണ് ആരോഗ്യ വകുപ്പിന്റെ കണക്ക് കൂട്ടല്‍. 

Tags:    

Similar News