കുവൈറ്റില്‍ 1,371 പുതിയ കൊവിഡ് രോഗികള്‍; 12 മരണങ്ങള്‍

Update: 2021-04-21 14:33 GMT

കുവൈത്ത് സിറ്റി: കുവൈറ്റില്‍ കൊവിഡ് 19 രോഗ ബാധിതരുടെ എണ്ണത്തില്‍ കുതിപ്പ് തുടരുന്നു. ആകെ നടത്തിയ 8,405 പരിശോധനകളില്‍ നിന്ന് രോഗം സ്ഥിരീകരിച്ച 1,371 പേര്‍ ഉള്‍പ്പെടെ കുവൈറ്റില്‍ കൊവിഡ്19 രോഗികളുടെ എണ്ണം 259,868 ആയി. ഇതില്‍ 248 രോഗികളുടെ നില ഗുരുതരമാണ്.അതോടൊപ്പം 12 കോവിഡ് മരണങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. ഇതോടെ ആകെ മരിച്ചവരുടെ എണ്ണം 1,468 ആയി.

രാജ്യത്ത് രോഗ വിമുക്തി നേടിയവരുടെ എണ്ണം 243,046 ആയി. 15,344 പേര്‍ നിലവില്‍ ചികില്‍സയില്‍ ആണ്.

ഇതിനിടയില്‍ കുവൈത്തില്‍ ഒമ്പതു ലക്ഷത്തിലധികം പേര്‍ ഇതുവരെ കൊവിഡ് പ്രതിരോധ വാക്‌സിന്‍ സ്വീകരിച്ചു.

കുവൈത്തില്‍ താമസിക്കുന്ന എല്ലാവരും വാക്‌സിന്‍ രജിസ്‌ട്രേഷന് മുന്നോട്ടുവരണമെന്നും ഭൂരിഭാഗം പേരും കുത്തിവെപ്പ് എടുക്കുന്നതിലൂടെ മാത്രമേ കൊവിഡ് മഹാമാരിയെ തുരത്താന്‍ കഴിയുകയുള്ളൂ എന്നും ആരോഗ്യ മന്ത്രാലയം വ്യക്തമാക്കി.

കൊവിഡ് ബാധിച്ച് തീവ്രപരിചരണ വിഭാഗത്തില്‍ കഴിയുന്നവരില്‍ കൂടുതലും പ്രതിരോധ കുത്തിവെപ്പെടുക്കാത്ത വിദേശികളാണ്. കുത്തിവെപ്പിന് രജിസ്റ്റര്‍ ചെയ്തവരില്‍ 65 വയസ്സിനു മുകളിലുള്ളവരുടെ കുത്തിവെപ്പ് പൂര്‍ത്തിയാക്കിയിട്ടുണ്ട്. പ്രായം കൂടിയവരെയാണ് മുന്‍ഗണന പട്ടികയില്‍ ആദ്യം ഉള്‍പ്പെടുത്തിയിരുന്നത്. ബാക്കിയുള്ളക്ക് മുന്‍ഗണന പട്ടിക അനുസരിച്ച് വാക്‌സിന്‍ നല്‍കിക്കൊണ്ടിരിക്കുകയാണ്.

പരമാവധി പേര്‍ക്ക് പെട്ടെന്ന് കൊവിഡ് വാക്‌സിന്‍ നല്‍കാനാണ് ആരോഗ്യ മന്ത്രാലയം ശ്രമിക്കുന്നത്. വാക്‌സിന്‍ക്ഷാമം ഒരു പരിധിവരെ പരിഹരിക്കപ്പെട്ടതോടെ കൂടുതല്‍ കേന്ദ്രങ്ങള്‍ തുറന്ന് കുത്തിവെപ്പ് ദൗത്യം വേഗത്തിലാക്കാനാണ് നീക്കം. സെപ്റ്റംബറോടെ ഭൂരിഭാഗം പേര്‍ക്കും വാക്‌സിന്‍ നല്‍കാന്‍ കഴിയുമെന്നാണ് അധികൃതരുടെ വിലയിരുത്തല്‍.

Tags:    

Similar News