കൊവിഡ് 19: കുവൈത്തില്‍ നിന്ന് മലപ്പുറം ജില്ലയില്‍ തിരിച്ചെത്തിയ ഗര്‍ഭിണിക്കും മകനും വൈറസ് ബാധ
രോഗബാധ തിരൂര്‍ ബിപി അങ്ങാടി സ്വദേശി 27 കാരിയ്ക്കും മൂന്ന് വയസ്സുള്ള മകനും.
മലപ്പുറം: കുവൈത്തില്‍ നിന്ന് മലപ്പുറം ജില്ലയില്‍ തിരിച്ചെത്തിയ അമ്മക്കും മകനും കൊവിഡ് 19 സ്ഥിരീകരിച്ചു. മെയ് ഒമ്പതിന് കുവൈത്തില്‍ നിന്ന് കൊച്ചി വഴി ജില്ലയിലെത്തിയ തിരൂര്‍ ബിപി അങ്ങാടി സ്വദേശി 27 കാരിയായ ഗര്‍ഭിണിയ്ക്കും ഇവരുടെ മൂന്ന് വയസ്സുള്ള മകനുമാണ് രോഗബാധയെന്ന് ജില്ലാ കലക്ടര്‍ ജാഫര്‍ മലിക് അറിയിച്ചു. ഇവര്‍ മഞ്ചേരി ഗവ. മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സയിലാണ്. ഇതോടെ ഗള്‍ഫില്‍ നിന്ന് സംസ്ഥാനത്ത് തിരിച്ചെത്തി കൊവിഡ് സ്ഥിരീകരിച്ച മലപ്പുറം സ്വദേശികളുടെ എണ്ണം ആറായി. കഴിഞ്ഞ ദിവസം വൈറസ് ബാധ സ്ഥിരീകരിച്ചിരുന്ന അബുദബിയില്‍ നിന്നെത്തിയ അങ്ങാടിപ്പുറം സ്വദേശിയും കുവൈത്തില്‍ നിന്നെത്തിയ കരുളായി പാലേങ്കര സ്വദേശിയും മഞ്ചേരി ഗവ. മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ഐസൊലേഷനിലുണ്ട്. ദുബായില്‍ നിന്നെത്തിയ കോട്ടക്കല്‍ ചാപ്പനങ്ങാടി സ്വദേശി കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയിലും അബുദബിയില്‍ നിന്നെത്തിയ എടപ്പാള്‍ നടുവട്ടം സ്വദേശി കളമശ്ശേരി ഗവ. മെഡിക്കല്‍ കോളജ് ആശുപത്രിയിലും ചികിത്സയില്‍ തുടരുകയാണ്.
കുവൈത്തിലെ അബ്ബാസിയയില്‍ ഭര്‍ത്താവിനും ഭര്‍ത്തൃ പിതാവിനുമൊപ്പമായിരുന്നു ഇപ്പോള്‍ രോഗം സ്ഥിരീകരിച്ച തിരൂര്‍ ബിപി അങ്ങാടി സ്വദേശി 27 കാരിയും മകനും. ഏപ്രില്‍ 30 ന് കൊവിഡ് സ്ഥിരീകരിച്ച് ഇവരുടെ ഭര്‍ത്തൃ പിതാവ് കുവൈത്തില്‍ ചികിത്സയിലായിരുന്നു. തുടര്‍ന്ന് മെയ് ഏഴിന് ഇവര്‍ക്കും ഭര്‍ത്താവിനും മകനും കൊവിഡ് പരിശോധന നടത്തി. ഗര്‍ഭിണിയായതിനാല്‍ മൂന്ന് വയസുകാരനായ മകനൊപ്പം മെയ് ഒമ്പതിന് രാത്രി 9.30 ന് ഐ.എക്‌സ് 396 എയര്‍ ഇന്ത്യ എക്‌സ്പ്രസ് വിമാനത്തില്‍ നെടുമ്പാശ്ശേരി വിമാനത്താവളത്തിലെത്തി. വിമാനത്താവളത്തിലെ പരിശോധനകളില്‍ കാര്യമായ ആരോഗ്യ പ്രശ്‌നങ്ങള്‍ ഇല്ലാത്തതിനെ തുടര്‍ന്ന് രാത്രി 11.30 ന് വീട്ടില്‍ നിന്നെത്തിയ ഭര്‍ത്തൃ മാതാവിനും ഭര്‍ത്തൃ സഹോദരനുമൊപ്പം സ്വന്തം കാറില്‍ വീട്ടിലേയ്ക്ക് മടങ്ങി. ആരോഗ്യ വകുപ്പിന്റെ നിര്‍ദ്ദേശപ്രകാരം വീട്ടില്‍ പ്രത്യേക നിരീക്ഷണം ആരംഭിച്ചു.
കുവൈത്തില്‍ നടത്തിയ പരിശോധനയില്‍ ഇരുവര്‍ക്കും കൊവിഡ് ബാധയുണ്ടെന്ന വിവരത്തെ തുടര്‍ന്ന് ഏപ്രില്‍ 11 ന് ആരോഗ്യ വകുപ്പുമായി ഫോണില്‍ ബന്ധപ്പെട്ടു. തുടര്‍ന്ന് രാവിലെ ഇരുവരേയും പ്രത്യേകം ഏര്‍പ്പെടുത്തിയ 108 ആംബുലന്‍സില്‍ മഞ്ചേരി ഗവ. മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ഐസൊലേഷനില്‍ പ്രവേശിപ്പിച്ച് സാമ്പിളെടുത്ത് പരിശോധനയ്ക്ക് അയച്ചു. ഇന്ന് അമ്മയ്ക്കും മകനും രോഗബാധ സ്ഥിരീകരിച്ചു. വൈറസ് ബാധിതര്‍ ഗര്‍ഭിണിയും മൂന്ന് വയസ്സുകാരനുമായതിനാല്‍ പ്രത്യേക പരിചരണവും ചികിത്സയുമാണ് ആശുപത്രിയില്‍ നല്‍കുന്നതെന്ന് ജില്ലാ മെഡിക്കല്‍ ഓഫിസര്‍ ഡോ. കെ. സക്കീന അറിയിച്ചു. ഇവരുമായി നേരിട്ട് സമ്പര്‍ക്കമുണ്ടായ ഭര്‍ത്തൃ മാതാവ്, ഭര്‍ത്തൃ സഹോദരന്‍ എന്നിവരേയും കോവിഡ് പ്രത്യേക ചികിത്സാ കേന്ദ്രമായ മഞ്ചേരി ഗവ. മെഡിക്കല്‍ കോളജ് ആശുപത്രിയിലെ ഐസൊലേഷന്‍ കേന്ദ്രത്തിലെത്തിച്ച് പ്രത്യേക നിരീക്ഷണം ആരംഭിച്ചിട്ടുണ്ട്.
ഇവര്‍ക്കൊപ്പം യാത്ര ചെയ്‌തെത്തിയ കരുളായി പാലേങ്കര സ്വദേശിയ്ക്കും കഴിഞ്ഞ ദിവസം കൊവിഡ് സ്ഥിരീകരിച്ചിരുന്നു. ഇവര്‍ക്കൊപ്പം കുവൈത്തില്‍ നിന്ന് ഐഎക്‌സ് 396 എയര്‍ ഇന്ത്യ എക്‌സ്പ്രസ് വിമാനത്തില്‍ നെടുമ്പാശ്ശേരിയിലെത്തിയവരെല്ലാംആരോഗ്യ വകുപ്പിന്റെ പ്രത്യേക നിര്‍ദേശപ്രകാരം കര്‍ശന നിരീക്ഷണത്തിലാണ്. എങ്കിലും പൊതു സമ്പര്‍ക്കമില്ലാതെ ആരോഗ്യ ജാഗ്രത കര്‍ശനമായി പാലിക്കണമെന്ന് ജില്ലാ കലക്ടര്‍ ജാഫര്‍ മലിക് അറിയിച്ചു. ഗര്‍ഭിണികള്‍ ഉള്‍പ്പെടെയുള്ളവര്‍ എന്തെങ്കിലും ആരോഗ്യ പ്രശ്‌നങ്ങള്‍ അനുഭവപ്പെട്ടാല്‍ ഒരു കാരണവശാലും നേരിട്ട് ആശുപത്രികളില്‍ പോകരുത്. ജില്ലാതല കണ്‍ട്രോള്‍ സെല്ലില്‍ വിളിച്ച് ലഭിക്കുന്ന നിര്‍ദേശങ്ങള്‍ പൂര്‍ണ്ണമായും പാലിക്കണം. ജില്ലാതല കണ്‍ട്രോള്‍ സെല്‍ 0483 273 7858, 273 7857, 273 3251, 273 3252, 273 3253.