പട്ടാമ്പി കൊവിഡ് ക്ലസ്റ്റര്‍ ആയി; കര്‍ശന നിയന്ത്രണം ഏര്‍പ്പെടുത്തി

കഴിഞ്ഞ രണ്ട് ദിവസങ്ങളിലായി 895 പേരെ പരിശോധനയ്ക്ക് വിധേയരാക്കി. പരിശോധനയില്‍ പിഞ്ചു കുഞ്ഞ് ഉള്‍പ്പെടെ 106 പേര്‍ക്ക് രോഗം കണ്ടെത്തി.

Update: 2020-07-20 09:41 GMT

പാലക്കാട്: പട്ടാമ്പി നഗരസഭാ മല്‍സ്യ മാര്‍ക്കറ്റിലൂടെ കൊവിഡ് വ്യാപിച്ചതിനെ തുടര്‍ന്ന് പട്ടാമ്പി താലൂക്കിലും നെല്ലായ പഞ്ചായത്തിലും ലോക്ക്ഡൗണ്‍ പ്രഖ്യാപിക്കുകയാണെന്ന് മന്ത്രി എ കെ ബാലന്‍.

പട്ടാമ്പി കൊവിഡ് ക്ലസ്റ്ററായി മാറിക്കഴിഞ്ഞു. പട്ടാമ്പി മാര്‍ക്കറ്റുമായി ബന്ധപ്പെട്ടാണ് ഈ ക്ലസ്റ്റര്‍ പ്രകടമായത്. ഇത് മറ്റ് സ്ഥലങ്ങളിലേക്ക് വ്യാപിക്കാതിരിക്കണമെങ്കില്‍ പട്ടാമ്പിയില്‍ കണ്ടെയ്ന്‍മെന്റ് നിര്‍ബന്ധമായി പാലിച്ചേ മതിയാകൂ. പോലിസ്, ഫയര്‍ ഫോഴ്‌സ്, ആശുപത്രി, സര്‍ക്കാര്‍ ഓഫീസുകള്‍,അവശ്യ സര്‍വീസുകള്‍ എന്നിവ മാത്രമേ പ്രവര്‍ത്തിക്കാന്‍ അനുവദിക്കൂ.

മറ്റ് സ്ഥലങ്ങളെ കുറിച്ച് പിന്നീട് പരിശോധിച്ച് ആവശ്യമായ നടപടികള്‍ സ്വീകരിക്കും. മുതുമല, തൃത്താല, തുടങ്ങിയ സമീപ പഞ്ചായത്തുകളിലും ആളുകളില്‍ കൊവിഡ് ലക്ഷണങ്ങള്‍ കണ്ടുവരുന്നുണ്ട്. ഇവിടങ്ങളില്‍ കൂടുതല്‍ റാപ്പിഡ് ടെസ്റ്റ് നടത്തി പിന്നീട് പ്രഖ്യാപിക്കുന്നതായിരിക്കുമെന്നും മന്ത്രി പറഞ്ഞു.

ലോക്ക് ഡൗണ്‍ പ്രഖ്യാപിച്ച സ്ഥലങ്ങളില്‍ കര്‍ശന നിയന്ത്രണങ്ങള്‍ പാലിച്ചേ മതിയാകൂ. ഒരു ക്ലസ്റ്റര്‍ പ്രദേശത്തെ രോഗികളില്‍നിന്ന് മറ്റൊരിടത്തേക്ക് വ്യാപിക്കാതിരിക്കണമെങ്കില്‍, ക്ലസ്റ്റര്‍ മേഖലയില്‍ രോഗത്തെ പിടിച്ചുനിര്‍ത്തുവെന്ന് ഉറപ്പാക്കണമെന്നും മന്ത്രി പറഞ്ഞു.

ആവശ്യത്തിനു മാത്രമേ ആളുകള്‍ പുറത്തിറങ്ങാവൂ. പൊതുഗതാഗതം പാടില്ല. മേഖലയിലൂടെ കടന്നുപോകുന്ന വാഹനങ്ങള്‍ അവിടങ്ങളില്‍ ആളുകളെ ഇറക്കാനോ കയറ്റാനോ പാടില്ല. ക്ലസ്റ്ററുകള്‍ രൂപപ്പെട്ട് സൂപ്പര്‍ സ്‌പ്രെഡിലേക്കും കമ്യൂണിറ്റി സ്‌പ്രെഡിലേക്കും പോകാന്‍ സാധ്യതയുണ്ട് എന്നതിനാലാണ് നിയന്ത്രണങ്ങള്‍ സ്വീകരിക്കാന്‍ ജില്ല ഭരണകൂടം തീരുമാനിച്ചത്.

4500 റാപ്പിഡ് ആന്റിജന്‍ ടെസ്റ്റുകള്‍ നടത്തുമെന്നും അതിലൂടെ എന്താണ് ജില്ലയുടെ സ്ഥിതിയെന്ന് മനസ്സിലാക്കാന്‍ സാധിക്കുമെന്നും മന്ത്രി പറഞ്ഞു. രണ്ട് മുന്‍സിപ്പാലിറ്റികള്‍ അടക്കം 47 കേന്ദ്രങ്ങളിലാണ് പരിശോധന നടത്തുക. ഇതില്‍ 28 എണ്ണം കണ്ടെയ്ന്‍മെന്റ് സോണുകളാണെന്നും മന്ത്രി പറഞ്ഞു.

അതേസമയം, നഗരസഭാമല്‍സ്യ മാര്‍ക്കറ്റിലെ തൊഴിലാളിക്ക് കൊവിഡ് സ്ഥിരീകരിച്ചതിനെ തുടര്‍ന്ന് ആരോഗ്യവകുപ്പിന്റെയും പട്ടാമ്പി നഗരസഭയുടേയും നേതൃത്വത്തില്‍ നടക്കുന്ന റാപ്പിഡ് ആന്റിജന്‍ ടെസ്റ്റ് തുടരുന്നു. മാര്‍ക്കറ്റിലെ തൊഴിലാളികള്‍ക്കും, അവരുടെ കുടുംബത്തില്‍പ്പെട്ടവര്‍ക്കും, മാര്‍ക്കറ്റുമായി കൂടുതല്‍ ഇടപഴകുന്നവര്‍ക്കുമാണ് ടെസ്റ്റ് നടത്തിയത്. കഴിഞ്ഞ രണ്ട് ദിവസങ്ങളിലായി 895 പേരെ പരിശോധനയ്ക്ക് വിധേയരാക്കി. പരിശോധനയില്‍ പിഞ്ചു കുഞ്ഞ് ഉള്‍പ്പെടെ 106 പേര്‍ക്ക് രോഗം കണ്ടെത്തി. പ്രാഥമികമായി രോഗം കണ്ടെത്തിയവരെ വിദഗ്ധ കൊവിഡ് പരിശോധനക്കായി സ്രവം ശേഖരിക്കുന്നതിന് ജില്ലയിലെ മറ്റ് സര്‍ക്കാര്‍ ആശുപത്രിയിലേക്ക് മാറ്റി.

പോസിറ്റീവ് കേസുകള്‍ വര്‍ദ്ധിച്ചതോടെ കൊവിഡ് പരിശോധന തുടരാനാണ് അധികൃതരുടെ തീരുമാനം. സമൂഹ വ്യാപനം വര്‍ദ്ധിച്ചതോടെ പട്ടാമ്പിയിലും പരിസര പഞ്ചായത്തുകളിലും ഭീതിജനകമായ സ്ഥിതിയാണ് നിലവിലുള്ളത്. കൊവിഡ് സ്ഥിരീകരിച്ച തൊഴിലാളിക്ക് രോഗം ബാധിച്ച ഉറവിടം അറിയാത്തത് വലിയ ആശങ്കക്ക് ഇടയാക്കുന്നുണ്ട്. ദിനേന ആയിരകണക്കിന് ആളുകള്‍ വന്നുപോകുന്ന മാര്‍ക്കറ്റിലെ തൊഴിലാളിക്ക് രോഗം സ്ഥിരീകരിച്ചതോടെയാണ് ജനങ്ങള്‍ ഭീതിയിലായത്.

പട്ടാമ്പിയിലും, ഓങ്ങല്ലൂരിലും കൊവിഡ് രോഗികള്‍ വര്‍ദ്ധിച്ചതിനെ തുടര്‍ന്ന് കണ്ടയ്ന്‍മെന്റ് കണ്‍ട്രോള്‍ സെല്‍ ആരംഭിക്കുവാന്‍ തീരുമാനിച്ചു. കൊപ്പം പിഎച്ച്‌സിയിലെ മെഡിക്കല്‍ ഓഫിസര്‍ ഡോക്ടര്‍ സിദ്ദിഖിനെ നോഡല്‍ ഓഫിസറായി ചുമതലപ്പെടുത്തി. പട്ടാമ്പി ബ്ലോക്ക് , മുനിസിപ്പാലിറ്റി പരിധിയില്‍ രോഗത്തിന്റെ വ്യാപനം തടയുക എന്നതാണ് ചുമതല.

പട്ടാമ്പി മുനിസിപ്പാലിറ്റി പരിധിയില്‍ വിപുലമായി വൈറസ് രോഗ ബാധിതരെ കണ്ടെത്താനുള്ള പദ്ധതികള്‍ ആസൂത്രണം ചെയ്തു.

എല്ലാ വാര്‍ഡുകളിലും റാപ്പിഡ് റെസ്‌പോണ്‍സ് ടീം സജീവമാക്കി വീട് കയറി ഡാറ്റ കലക്ട് ചെയ്യും. അതാതു ജെപിഎച്ച് മാര്‍ക്കും വാര്‍ഡ് മെമ്പര്‍ / കൗണ്‍സിലന്മാര്‍ക്കുമാണ് ആര്‍ആര്‍ടിയുടെ ചുമതല.

പ്രത്യേകം തയ്യാറാക്കിയ ചോദ്യാവലിയോടെ വീടുകള്‍ കയറി വിവരങ്ങള്‍ ശേഖരിക്കും, രോഗലക്ഷണം പ്രകടിപ്പിക്കുന്നവരെ ഉടന്‍ ഐസോലെറ്റ് ചെയ്ത് ടെസ്റ്റ് ചെയ്യാനുള്ള സൗകര്യം ചെയ്യും. നിലവില്‍ പോസിറ്റീവായ ആളുകളുടെ സമ്പര്‍ക്ക പട്ടിക മുഴുവന്‍ തയ്യാറാക്കി ടെസ്റ്റ് ചെയ്യും. ആശുപത്രികളില്‍ രോഗ ലക്ഷണവുമായി എത്തുന്ന ആളുകളെ റിപ്പോര്‍ട്ട് ചെയ്ത് അവരെ ടെസ്റ്റ് ചെയ്യും. പോസിറ്റീവ് ആവുന്നതിന് അനുസരിച്ച് ക്ലസ്റ്റര്‍ ഉണ്ടാക്കി നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തും.

Tags:    

Similar News