കൊവിഡ് 19: കേരളത്തില്‍ ജാഗ്രത തുടരുന്നു; പ്രത്യേക മന്ത്രിസഭാ യോഗം ഇന്ന്

Update: 2020-03-10 03:17 GMT

തിരുവനന്തപുരം: കൊവിഡ് 19 പടരുന്ന സാഹചര്യത്തില്‍ കേരളത്തില്‍ ജാഗ്രത തുടരുന്നു. പത്തനംതിട്ടയില്‍ അഞ്ചുപേര്‍ക്ക് രോഗം സ്ഥിരീകരിച്ച പശ്ചാത്തലത്തില്‍ ഇന്ന് പ്രത്യേക മന്ത്രിസഭാ യോഗം ചേരും. മുഖ്യമന്ത്രി പിണറായി വിജയന്‍ ഡിഎംഒമാരുമായി വീഡിയോ കോണ്‍ഫറന്‍സ് വഴി ആശയവിനിമയം നടത്തും. അഞ്ച് പേര്‍ക്ക് കോവിഡ് 19 സ്ഥിരീകരിച്ച പത്തനംതിട്ടയില്‍ രോഗികളുമായി സമ്പര്‍ക്കം പുലര്‍ത്തിയവരുടെ പട്ടിക തയ്യാറാക്കിയിട്ടുണ്ട്. രണ്ട് മെഡിക്കല്‍ സംഘങ്ങള്‍ സ്ഥാപനങ്ങള്‍ കേന്ദ്രീകരിച്ചും നാലു സംഘങ്ങള്‍ വീടുകള്‍ കേന്ദ്രീകരിച്ചുമാണ് പ്രവര്‍ത്തിക്കുന്നത്. രണ്ടുസംഘങ്ങള്‍ വീടുകളില്‍ നിരീക്ഷണത്തില്‍ കഴിയുന്നവരുടെ വിവരങ്ങള്‍ ശേഖരിച്ചിട്ടുണ്ട്. 19 പേരുടെ സാംപിള്‍ പരിശോധനാ ഫലം ലഭിക്കാനുണ്ട്. പ്രാഥമിക സമ്പര്‍ക്ക പട്ടികയിലുള്ള രണ്ടു വിദ്യാര്‍ഥികള്‍ക്ക് എസ്എസ്എല്‍സി പരീക്ഷയെഴുതാന്‍ പ്രത്യേക സൗകര്യം ഏര്‍പ്പെടുത്തുമെന്ന് അധികൃതര്‍ അറിയിച്ചു. ഇവര്‍ക്കായി പ്രത്യേക മുറി ഒരുക്കാനാണ് നിര്‍ദേശം. ഇറ്റലിയില്‍ നിന്നെത്തിയുവരുമായി സമ്പര്‍ക്കം പുലര്‍ത്തിയ ഇരുവരെയും പ്രത്യേകം വാഹനത്തില്‍ പരീക്ഷാകേന്ദ്രത്തിലെത്തിക്കാനും നിര്‍ദേശിച്ചിട്ടുണ്ട്. ആകെ 719 പേരാണ് ഇറ്റലിയില്‍ നിന്ന് എത്തിയവരുമായി നേരിട്ടോ അല്ലാതെയോ ഇടപഴകിയതെന്നാണ് കണ്ടെത്തല്‍.



Tags:    

Similar News