കൊവിഡ് 19: പ്രവാസികളുടെ സുരക്ഷ ഉറപ്പാക്കാന്‍ യുദ്ധകാലാടിസ്ഥാനത്തില്‍ നടപടിയെടുക്കണം-പോപുലര്‍ ഫ്രണ്ട്

Update: 2020-04-10 13:14 GMT

കോഴിക്കോട്: ഗള്‍ഫ് രാജ്യങ്ങളില്‍ കൊവിഡ് ബാധ വ്യാപകമായ സാഹചര്യത്തില്‍ മലയാളികള്‍ അടക്കമുള്ള പ്രവാസികളുടെ സുരക്ഷ ഉറപ്പാക്കാനുള്ള നടപടികള്‍ യുദ്ധകാലാടിസ്ഥാനത്തില്‍ സ്വീകരിക്കണമെന്ന് പോപുലര്‍ ഫ്രണ്ട് ഓഫ് ഇന്ത്യ സംസ്ഥാന ജനറല്‍ സെക്രട്ടറി എ അബദുല്‍ സത്താര്‍ അവശ്യപ്പെട്ടു. പ്രവാസികളില്‍ പകുതിയിലധികവും സാധാരണക്കാരായ തൊഴിലാളികളാണ്. തുച്ഛ വരുമാനക്കാരായ ഇവര്‍ പരിമിതമായ സൗകര്യങ്ങളിലാണ് കഴിയുന്നത്. വൈറസ് ബാധിതരുടെ എണ്ണം വര്‍ധിച്ചുവരുന്ന സാഹചര്യത്തില്‍ ക്വാറന്റൈന്‍ നിര്‍ദേശിക്കുന്ന പ്രവാസികള്‍ക്ക് അതിന് പര്യാപ്തമായ സൗകര്യങ്ങള്‍ ലഭ്യമാവാത്ത സാഹചര്യമാണ് നിലവിലുള്ളത്. ഇത് പ്രവാസികള്‍ക്കിടയില്‍ ഭീതിയും മാനസിക സമ്മര്‍ദ്ദവും വര്‍ധിപ്പിച്ചിരിക്കുകയാണ്. ഇത്തരം അടിസ്ഥാന പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ എംബസികളുടെ അടിയന്തര ഇടപെടല്‍ ഉണ്ടാവണം. പ്രവാസികളുടെ സുരക്ഷ മുന്‍നിര്‍ത്തി പ്രത്യേക മെഡിക്കല്‍ സംഘത്തെ അയയ്ക്കാന്‍ കേന്ദ്രത്തോട് സംസ്ഥാന സര്‍ക്കാര്‍ ആവശ്യപ്പെടണം. ഇത്തരം ഘട്ടത്തില്‍ പ്രവാസികളുടെ ക്ഷേമത്തിനായി എംബസികളും കോണ്‍സുലേറ്റുകളും വഴി ശേഖരിച്ചിട്ടുള്ള ഫണ്ട് ചികില്‍സയും സുരക്ഷാ സൗകര്യങ്ങളും ഒരുക്കാനായി ചെലവഴിക്കണം.

    വൈറസ് ബാധ വ്യാപകമായതോടെ മറ്റു പല രാജ്യങ്ങളും ഗള്‍ഫിലുള്ള തങ്ങളുടെ പൗരന്‍മാരുടെ സുരക്ഷ ഉറപ്പാക്കാന്‍ ഫലപ്രദമാല ഇടപെടലുകള്‍ ഇതിനകം നടത്തിയിട്ടുണ്ട്. ഈ മാതൃകയില്‍ നമ്മുടെ എംബസികളും കോണ്‍സുലേറ്റുകളും സജീവമായി ഇടപെടണം. നാട്ടിലെത്തിച്ച് വിദഗ്ധ ചികില്‍സയും പ്രത്യേക പരിചരണവും ലഭ്യമാക്കേണ്ടവര്‍ ഉണ്ടെങ്കില്‍ അതിനുള്ള സംവിധാനം ഒരുക്കണം. ഇതിനുവേണ്ടി പ്രത്യേക വിമാന സര്‍വീസ് ഏര്‍പ്പെടുത്തണം. അത്തരക്കാര്‍ക്ക് ആവശ്യമായ ചികല്‍സയും പ്രത്യേക ഐസൊലേഷന്‍ സംവിധാനവും അതത് സംസ്ഥാനങ്ങളില്‍ ക്രമീകരിക്കണമെന്നും അദ്ദേഹം വാര്‍ത്താക്കുറിപ്പില്‍ ആവശ്യപ്പെട്ടു.



Tags:    

Similar News