എംബിബിഎസ് പ്രാക്ടിക്കല്‍ പരീക്ഷകള്‍ നടത്താനുള്ള തീരുമാനം; മെഡിക്കല്‍ വിദ്യാര്‍ഥികള്‍ ആശങ്കയില്‍

പല ഹോസ്റ്റലുകളും നിലവില്‍ ക്വാറന്റൈന്‍ കേന്ദ്രങ്ങളാണ്. അങ്ങനെയൊരു അവസ്ഥയില്‍ ഹോസ്റ്റലില്‍ താമസിച്ച് പരീക്ഷയെഴുതാന്‍ വിദ്യാര്‍ത്ഥികള്‍ക്ക് കഴിയില്ല.

Update: 2020-07-03 09:52 GMT

കോഴിക്കോട്: രണ്ടാം വര്‍ഷ എംബിബിഎസ് പ്രാക്ടിക്കല്‍ പരീക്ഷകള്‍ ഈ മാസം നടത്താനുള്ള ആരോഗ്യ സര്‍വ്വകലാശാലയുടെ തീരുമാനത്തില്‍ മെഡിക്കല്‍ വിദ്യാര്‍ഥികള്‍ ആശങ്ക പ്രകടിപ്പിച്ചു. കേളത്തില്‍ കൊവിഡ് 19 വ്യാപിക്കുന്ന സാഹചര്യത്തില്‍ ആരോഗ്യ സര്‍വകലാശാലയുടെ തീരുമാനം പുന:പരിശോധിക്കണമെന്നാണ് വിദ്യാര്‍ഥികളുടേയും രക്ഷിതാക്കളുടേയും ആവശ്യം.

വിദ്യാര്‍ഥികളില്‍ നല്ലൊരു ശതമാനവും ദൂരദിക്കുകളില്‍ നിന്നുള്ളവരാണ്. യാത്രാ സൗകര്യങ്ങളും പൊതു ഗതാഗത സംവിധാനവും സാധാരണ നിലയിലാവാത്ത സാഹചര്യത്തില്‍ കൃത്യസമയത്ത് പരീക്ഷ സെന്ററുകളില്‍ എത്തിച്ചേരുകയെന്നത് പ്രയാസം സൃഷ്ടിക്കും. പല വിദ്യാര്‍ഥികളും കണ്ടയ്ന്‍മെന്റ് സോണുകളില്‍ നിന്നും ഹോട്ട് സ്‌പോട്ടുകളില്‍ നിന്നുമാണ് എത്തുന്നത്. മിക്ക വീടുകളിലും കുട്ടികളോ പ്രായമായവരോ ഗര്‍ഭിണികളോ രോഗികളോ ഉണ്ടാവാന്‍ സാധ്യതയുണ്ട്. വിവിധ പ്രദേശങ്ങളില്‍ നിന്ന് എത്തുന്നവര്‍ ഒരുമിച്ച് കഴിഞ്ഞതിന് ശേഷം വീടുകളില്‍ എത്തുന്നത് രോഗ വ്യാപനത്തിന് ഇടയാക്കുമെന്നും വിദ്യാര്‍ഥികള്‍ ആശങ്ക പ്രകടിപ്പിച്ചു.

കൊവിഡ് പടരുന്ന സാഹചര്യത്തില്‍ അരക്ഷിതമായ മാനസികാവസ്ഥ നിലനില്‍ക്കുന്ന പശ്ചാത്തലത്തില്‍ വിദ്യാര്‍ഥികളില്‍ മാനസിക സമ്മര്‍ദ്ദത്തിനിടയാക്കുകയും പരീക്ഷാ പെര്‍ഫോര്‍മന്‍സിനെ ബാധിക്കുമെന്നും രക്ഷിതാക്കള്‍ പറയുന്നു.

കൊവിഡ് പ്രതിസന്ധിക്കിടെ പരീക്ഷ നടത്താന്‍ തീരുമാനിച്ചത് വലിയ എതിര്‍പ്പുകള്‍ക്കിടയാക്കിയിരുന്നു. പരീക്ഷാ അറിയിപ്പ് വളരെ താമസിച്ചാണ് ലഭിച്ചതെന്ന് വിദ്യാര്‍ത്ഥികള്‍ പരാതി പറയുന്നു.

ഹോസ്റ്റല്‍ സൗകര്യം ഇല്ലാത്തതും വലിയ പ്രതിസന്ധിയ്ക്കിടയാക്കിയിട്ടുണ്ട്. പല ഹോസ്റ്റലുകളും നിലവില്‍ ക്വാറന്റൈന്‍ കേന്ദ്രങ്ങളാണ്. അങ്ങനെയൊരു അവസ്ഥയില്‍ ഹോസ്റ്റലില്‍ താമസിച്ച് പരീക്ഷയെഴുതാന്‍ വിദ്യാര്‍ത്ഥികള്‍ക്ക് കഴിയില്ല. പലരുടെയും പുസ്തകങ്ങളും പഠനസാമഗ്രികളും ഉള്‍പ്പടെയുള്ളവ ഹോസ്റ്റല്‍ മുറികളിലായിപ്പോയിട്ടുണ്ടെന്നും വിദ്യാര്‍ത്ഥികള്‍ പറയുന്നു. രണ്ടാം വര്‍ഷ എംബിബിഎസ് വിദ്യാര്‍ത്ഥികളില്‍ പലരുടെയും പ്രാക്ടിക്കല്‍ പരീക്ഷകള്‍ നേരത്തെ നടന്നിരുന്നില്ല. വളരെക്കുറച്ച് വിദ്യാര്‍ത്ഥികള്‍ മാത്രമായതിനാല്‍ പരീക്ഷ ഇപ്പോള്‍ നടത്താമെന്നാണ് സര്‍വ്വകലാശാല തീരുമാനിച്ചത്. ഇക്കാര്യം വിവിധ കോളജ് പ്രിന്‍സിപ്പാളുമാരുമായും ചര്‍ച്ച ചെയ്തിരുന്നെന്നും അവര്‍ അനുകൂല നിലപാട് സ്വീകരിച്ചെന്നുമാണ് വിസി പറയുന്നത്.

പരീക്ഷ പ്രഖ്യാപിച്ച തിയ്യതികളില്‍ തന്നെ നടത്തുമെന്ന് ആരോഗ്യ സര്‍വകലാശാല അധികൃതര്‍ തേജസ് ന്യൂസിനോട് പറഞ്ഞു. അതേസമയം, ആവശ്യമെങ്കില്‍ ആരോഗ്യസര്‍വ്വകലാശാല വിദ്യാര്‍ത്ഥികളുടെ പരീക്ഷകള്‍ മാറ്റിവെക്കുമെന്ന് കഴിഞ്ഞ ദിവസം വൈസ് ചാന്‍സിലര്‍ ഡോ. മോഹന്‍ കുന്നുമ്മല്‍ പറഞ്ഞിരുന്നു. ഒരു ചാനല്‍ ചര്‍ച്ചയിലാണ് വിസി ഇക്കാര്യത്തില്‍ ഉറപ്പ് നല്‍കിയത്. ക്വാറന്റൈന്‍ കേന്ദ്രങ്ങളായ ഹോസ്റ്റലുകള്‍ ഒഴിപ്പിച്ച് അണുനശീകരണം നടത്തിയ ശേഷമേ പരീക്ഷകള്‍ നടത്തൂ. അതിന് കഴിഞ്ഞില്ലെങ്കില്‍ പരീക്ഷ നടത്തില്ല എന്നാണ് വിസി പറഞ്ഞത്. എന്നാല്‍, പരീക്ഷകള്‍ മാറ്റേണ്ടതില്ലെന്നാണ് സര്‍വകലാശാല അധികൃതരുടെ ഇപ്പോഴത്തെ തീരുമാനം. 

Tags:    

Similar News