സംസ്ഥാനത്ത് കൊവിഡ് ബാധിച്ച് ഒരാള്‍കൂടി മരിച്ചു
കൊവിഡ് ബാധയെ തുടര്‍ന്ന് മഞ്ചേരി ഗവ. മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സയിലായിരുന്ന തേഞ്ഞിപ്പലം സ്വദേശി കുട്ടിഹസ്സനാണ് (67) മരിച്ചത്.
മലപ്പുറം: സംസ്ഥാനത്ത് കൊവിഡ് ബാധിച്ച് ഒരാള്‍കൂടി മരിച്ചു. കൊവിഡ് ബാധയെ തുടര്‍ന്ന് മഞ്ചേരി ഗവ. മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സയിലായിരുന്ന തേഞ്ഞിപ്പലം സ്വദേശി കുട്ടിഹസ്സനാണ് (67) മരിച്ചത്. ഇതോടെ ജില്ലയില്‍ കൊവിഡ് ബാധിച്ച് മരണമടഞ്ഞവരുടെ എണ്ണം പത്തായി. ഹൃദയാഘാതമുണ്ടാവുകയും ഹൃദയത്തിന്റെ പമ്പിങ് കുറയുകയും ചെയ്തതിനെ തുടര്‍ന്ന് ഇയാള്‍ തീവ്ര പരിചരണ വിഭാഗത്തില്‍ ചികിത്സയിലായിരുന്നു.
ഛര്‍ദ്ദിയും ശ്വാസ തടസ്സവും അനുഭവപ്പെട്ടതിനെ തുടര്‍ന്ന് ജൂലൈ 24 നാണ് ഇയാളെ കോഴിക്കോട് സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നത്. മകന്‍ കൊവിഡ് ബാധിതനായതിനാല്‍ കുട്ടിഹസ്സന്റെ സ്രവം പരിശോധനയ്ക്ക് അയക്കുകയും കൊവിഡ് സ്ഥിരീകരിക്കുകയും ചെയ്തു. തുടര്‍ന്ന് ജൂലൈ 25 ന് മഞ്ചേരി ഗവ. മെഡിക്കല്‍ കോളജ് ആശുപത്രിയിലെ തീവ്ര പരിചരണ വിഭാഗത്തില്‍ പ്രവേശിപ്പിക്കുകയും കൊവിഡ് പ്രോട്ടോക്കോള്‍ പ്രകാരം ചികിത്സ നല്‍കിയതോടെ രോഗാവസ്ഥയില്‍ നേരിയ പുരോഗതി ഉണ്ടായിരുന്നു. നേരത്തെ പ്രമേഹം, രക്താതിസമ്മര്‍ദ്ദം, ഹൃദ്രോഗം എന്നിവയുള്ളതിനാല്‍ മെഡിക്കല്‍ ബോര്‍ഡ് നിര്‍ദേശപ്രകാരം എന്‍ഐവി ചികിത്സ നല്‍കുകകയും ചെയ്തു. തുടര്‍ന്ന് ആരോഗ്യ നിലയില്‍ പുരോഗതിയുണ്ടായെങ്കിലും ജൂലൈ 28 ന് വീണ്ടും ആരോഗ്യനില മോശമായതിനെ തുടര്‍ന്ന് നടത്തിയ പരിശോധനയില്‍ ഹൃദയാഘാതം സ്ഥിരീകരിക്കുകയും ഹൃദയത്തിന്റെ പമ്പിങ് കുറവാണെന്ന് കണ്ടെത്തുകയും ചെയ്തു. തുടര്‍ന്ന്് അതിനുള്ള ചികിത്സ നല്‍കുകയും ചെയ്തു. എന്നാല്‍ ഇന്ന് രാവിലെ എട്ടിന് ഹൃദയസ്തംഭനമുണ്ടായതോടെ എസിഎല്‍എസ് പ്രോട്ടോകോള്‍ പ്രകാരം ചികിത്സ നല്‍കിയെങ്കിലും ചികിത്സയോട് പ്രതികരിക്കാതെ രാവിലെ 9.40ന് രോഗി മരണത്തിന് കീഴടങ്ങുകയായിരുന്നു.