സൗദിയില്‍ കൊവിഡ് ബാധിച്ച് ഒരു ഇന്ത്യക്കാരന്‍ കൂടി മരിച്ചു

സൗദിയില്‍ ഇന്ത്യക്കാര്‍ക്കിടയില്‍ കൊവിഡ് 19 വ്യാപകമാണ്. രണ്ട് മലയാളികള്‍ ഉള്‍പ്പടെ 11 പേരാണ് ഇതുവരെ മരിച്ചത്.

Update: 2020-04-23 07:38 GMT

ദമ്മാം: കൊവിഡ് ബാധിച്ച് സൗദിയിലെ ദമ്മാമില്‍ ഒരു ഇന്ത്യക്കാരന്‍ കൂടി മരിച്ചു. മഹാരാഷ്ട്ര സ്വദേശി ശൈഖ് ഉബൈദുല്ലയാണ് മരിച്ചത്. ഇതോടെ സൗദിയില്‍ ആകെ കൊറോണ ബാധിച്ച് മരിച്ച ഇന്ത്യക്കാരുടെ എണ്ണം പതിനൊന്നായി.

മരിച്ചവരില്‍ രണ്ട് പേര്‍ മലയാളികളാണ്. റിയാദില്‍ മരിച്ച മലപ്പുറം തിരൂരങ്ങാടി ചെമ്മാട് സ്വദേശി നടമ്മല്‍ പുതിയകത്ത് സഫ്വാനും മദീനയില്‍ മരിച്ച കണ്ണൂര്‍ പാനൂര്‍ കാട്ടി മുക്കിലെ ഷബ്‌നാസുമാണ് കൊവിഡ് ബാധിച്ച് മരിച്ച രണ്ടു മലയാളികള്‍.

സൗദിയില്‍ ഇന്ത്യക്കാര്‍ക്കിടയില്‍ കൊവിഡ് 19 വ്യാപകമാണ്. രണ്ട് എന്‍ജീനീയര്‍മാര്‍ ഉള്‍പ്പടെ 11 പേരാണ് ഇതുവരെ മരിച്ചത്. മദീനയില്‍ നാല് പേരും, മക്കയില്‍ മൂന്ന് പേരും, ജിദ്ദയില്‍ രണ്ട് പേരും, റിയാദിലും ദമ്മാമിലും ഓരോരുത്തരുമാണ് മരിച്ചത്.

മക്കയിലെ ഇലക്ട്രിക്കല്‍ എന്‍ജീനീയറായ ഉത്തര്‍പ്രദേശ് മീററ്റ് സ്വദേശി മുഹമ്മദ് അസ് ലം ഖാന്‍(51), മക്ക ഹറമിലെ പവര്‍ സ്റ്റേഷന്‍ എന്‍ജീനീയറായ തെലങ്കാന സ്വദേശി അസമുല്ല ഖാന്‍(65) എന്നിവരാണ് നേരത്തെ മരണപ്പെട്ട ഇന്ത്യന്‍ എന്‍ജിനീയര്‍മാര്‍.

സൗദിയില്‍ 26 ലക്ഷം ഇന്ത്യക്കാരാണുള്ളത്. ഇവരില്‍ 13 ലക്ഷവും മലയാളികളാണ്. ലേബര്‍ ക്യാംപുകളില്‍ കഴിയുന്ന ഇന്ത്യക്കാര്‍ക്ക് മരുന്നുംഭക്ഷണവും എത്തിക്കാന്‍ ഇന്ത്യന്‍ എംബസിയുടെ ഹെല്‍പ് ലൈന്‍ പ്രവര്‍ത്തിക്കുന്നുണ്ട്. ഹെല്‍പ് ലൈനില്‍വിളിച്ചാല്‍ ഭക്ഷണം ക്യാംപുകളില്‍ എത്തിക്കാനുള്ള സൗകര്യം ഒരുക്കിയിട്ടുണ്ട്.ഹെല്‍പ് ലൈനില്‍ ബന്ധപ്പെടുന്ന മുറക്ക് ആംബുലന്‍സ് അടക്കമുള്ള സഹായങ്ങള്‍ ലഭിക്കും.

സാമൂഹ്യ സന്നദ്ധ സംഘടനകളുടെയും ഡോക്ടര്‍മാരുടെയും പ്രത്യേക വാട്‌സാപ് ഗ്രൂപ്പുകള്‍ തയ്യാറാക്കിയിട്ടുണ്ട്. ഹെല്‍പ് ലൈനില്‍ വിളിക്കുന്നവര്‍ക്ക് ഡോക്ടര്‍മാരുമായി ബന്ധപ്പെട്ട് മാര്‍ഗനിര്‍ദേശങ്ങള്‍ സ്വീകരിക്കാം. 

Tags:    

Similar News