രോഗികള്‍ മരിച്ച സംഭവം: കളമശ്ശേരി മെഡിക്കല്‍ കോളജ് അധികൃതരുടെ വാദം തള്ളി ഡോ. നജ്മ
കൊച്ചി: ചികില്‍സയിലിരിക്കെ രോഗികള്‍ മരിച്ച സംഭവത്തില്‍ കളമശ്ശേരി മെഡിക്കല്‍ കോളജ് അധികൃതരുടെ വാദം തള്ളി ഡോക്ടര്‍ നജ്മ. ഹാരിസും ബൈഹക്കിയും ജമീലയും ചികില്‍സയിലുണ്ടായിരുന്ന ദിവസങ്ങളില്‍ താന്‍ ഡ്യൂട്ടിയിലുണ്ടായിരുന്നുവെന്ന് അനാസ്ഥയെ കുറിച്ച് സൂപ്രണ്ടിനേയും ആര്‍എംഒയെയും അറിയിച്ചെങ്കിലും അവര്‍ പ്രതികരിച്ചില്ലെന്നും ഡോ. നജ്മ പറഞ്ഞു. മൂന്നുപേരെയും കണ്ടിട്ടുണ്ട്. എന്നാല്‍, ഇവരൊന്നും മരണപ്പെടുന്ന സമയത്ത് താന്‍ ഡ്യൂട്ടിയില്‍ ഉണ്ടായിരുന്നില്ല. ജമീലയുടേയും ബൈഹക്കിയുടേയും കാര്യത്തില്‍ അനാസ്ഥയുണ്ടായതായി കണ്ടിരുന്നു. അത് സിസ്റ്റര്‍മാരോട് പറഞ്ഞിരുന്നതായും ഡോ. നജ്മ കൂട്ടിച്ചേര്‍ത്തു. ജമീലയ്ക്ക് മാസ്‌ക് വച്ചിരുന്നുവെങ്കിലും വെന്റിലേറ്റര്‍ ഓഫായിരുന്നു. രോഗി വേഗം ശ്വസിക്കുന്ന ശബ്ദം കേട്ട് ചെന്നു നോക്കിയപ്പോഴാണ് ഇത് ശ്രദ്ധയില്‍പ്പെട്ടത്. വെന്റിലേറ്റര്‍ താന്‍ തന്നെ ഓണാക്കിയ ശേഷം സിസ്റ്ററോട് കാര്യങ്ങള്‍ പറഞ്ഞ് മനസ്സിലാക്കി. ബൈഹക്കിയുടേത് വെന്റിലേറ്റര്‍ എടുത്തുകൊണ്ടുവരാനുള്ള താമസമായിരുന്നു. നേരത്തെയും എവിടെയും പരാതി എഴുതി നല്‍കാറുണ്ടായിരുന്നില്ല. വാക്കാല്‍ പരാതിപ്പെടുകയായിരുന്നു. അതെല്ലാം പരിഹരിച്ചിട്ടുണ്ട്. 19ന് പുലര്‍ച്ചെ ആര്‍എംഒയ്ക്കും സൂപ്രണ്ടിനും അനാസ്ഥ ചൂണ്ടിക്കാട്ടി ശബ്ദ സന്ദേശം അയച്ചിരുന്നു. ഹൈബി ഈഡന്റെ കത്ത് ശ്രദ്ധയില്‍പ്പെട്ടതിനെ തുടര്‍ന്നാണ് ഇങ്ങനെ ചെയ്തത്. എന്നാല്‍, അതിന് ശേഷം അതേക്കുറിച്ച് അന്വേഷണം ഉണ്ടായിട്ടില്ലെന്നും ഡോ. നജ്മ ആരോപിച്ചു.
നേരത്തേ, ജൂനിയര്‍ ഡോക്ടറാണ് ഐഎസിയു പ്രവര്‍ത്തിപ്പിക്കുന്നതെന്ന് ആരോപണം ഉന്നയിച്ച ജൂനിയര്‍ ഡോക്ടര്‍ മരിച്ച രോഗിയെ കണ്ടിട്ടില്ലെന്നും സംശയാസ്പദമായ കാര്യങ്ങളാണ് അവര്‍ ഉന്നയിക്കുന്നതെന്നുമായിരുന്നു കളമശ്ശേരി മെഡിക്കല്‍ കോളജ് അധികൃതര്‍ വ്യക്തമാക്കിയിരുന്നത്.
Covid Patient's Death: Dr. Najma against Kalamassery Medical College