കൊവിഡ്: സംസ്ഥാനത്ത് സമ്പൂര്‍ണ ലോക്ക്ഡൗണ്‍ ഏര്‍പ്പെടുത്തില്ലെന്ന് തമിഴ്‌നാട്
സാമ്പത്തിക രംഗത്തെ പ്രതികൂലമായി ബാധിക്കുന്ന നടപടികളിലേക്കു നീങ്ങില്ലെന്ന് ആരോഗ്യമന്ത്രി പറഞ്ഞു.
ചെന്നൈ: കൊവിഡ് വ്യാപന പശ്ചാത്തലത്തില്‍ സംസ്ഥാനത്ത് സമ്പൂര്‍ണ ലോക്ക് ഡൗണ്‍ ഏര്‍പ്പെടുത്തില്ലെന്ന് തമിഴ്‌നാട് ആരോഗ്യമന്ത്രി മാ സുബ്രഹ്മണ്യന്‍. സാമ്പത്തിക രംഗത്തെ പ്രതികൂലമായി ബാധിക്കുന്ന നടപടികളിലേക്കു നീങ്ങില്ലെന്ന് ആരോഗ്യമന്ത്രി പറഞ്ഞു.
സാമ്പത്തിക പ്രത്യാഘാതങ്ങള്‍ ഉണ്ടാക്കുന്ന നടപടികള്‍ വേണ്ടെന്ന് മുഖ്യമന്ത്രി എംകെ സ്റ്റാലിന്‍ നിര്‍ദേശിച്ചിട്ടുണ്ട്. നിലവില്‍ സമ്പൂര്‍ണ ലോക്ക്ഡൗണ്‍ ഏര്‍പ്പെടുത്തേണ്ട കാര്യമില്ല. നിയന്ത്രിതമായ ലോക്ക് ഡൗണ്‍ മതിയാവുമെന്ന് ആരോഗ്യമന്ത്രി പറഞ്ഞു.
അതേസമയം, രാജ്യത്ത് ഇന്നലെയും ഒന്നരലക്ഷത്തിന് മുകളില്‍ കോവിഡ് ബാധിതര്‍. 24 മണിക്കൂറിനിടെ 1,68,063 പേര്‍ക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. ഈസമയത്ത് 69,959 പേര്‍ രോഗമുക്തി നേടിയതായും കേന്ദ്ര ആരോഗ്യമന്ത്രാലയത്തിന്റെ കണക്കുകള്‍ വ്യക്തമാക്കുന്നു. നിലവില്‍ ഏതാനും ദിവസമായി ഒന്നരലക്ഷത്തിന് മുകളിലാണ് പ്രതിദിന കോവിഡ് ബാധിതര്‍.
ഇന്നലെ 277 പേരാണ് കോവിഡ് ബാധിച്ച് മരിച്ചത്. നിലവില്‍ 8,21,446 പേരാണ് ചികിത്സയില്‍ കഴിയുന്നത്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് പത്തിന് മുകളിലാണ്. 10.64 ശതമാനമാണ് ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക്. ഒമൈക്രോണ്‍ കേസുകള്‍ 4461 ആയി ഉയര്‍ന്നതായും സര്‍ക്കാര്‍ കണക്കുകള്‍ വ്യക്തമാക്കുന്നു.
തമിഴ്‌നാട്ടില്‍ ഇന്നലെ 13,990 പേര്‍ക്കാണ് വൈറസ് ബാധ സ്ഥിരീകരിച്ചത്. 2,547 പേര്‍ രോഗമുക്തി നേടി. പതിനൊന്ന് പേര്‍ മരിച്ചു. ചികിത്സയിലുള്ളവരുടെ എണ്ണം 62,767 ആയി.
നീണ്ട ഇടവേളയ്ക്ക് ശേഷം കര്‍ണാടകത്തിലും ഇന്നലെ കോവിഡ് രോഗികളും എണ്ണം ഉയര്‍ന്നു. 11,698 പേര്‍ക്കാണ് പുതുതായി രോഗം സ്ഥിരീകരിച്ചത്. 1148 പേര്‍ രോഗമുക്തി നേടി. നാല് പേര്‍ മരിച്ചു. സംസ്ഥാനത്ത് നിലവില്‍ ചികിത്സയിലുള്ളവര്‍ 60,148 പേരാണ്.