കണ്ണൂര്‍: കൊവിഡുമായി ബന്ധപ്പെട്ട് ക്വാറന്റൈനില്‍ കഴിയുന്നവരെ നിരീക്ഷിക്കാനായി തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളില്‍ പ്രവര്‍ത്തിക്കുന്ന ജാഗ്രതാ സമിതികളില്‍ അധ്യാപകരുടെ സേവനം കൂടി ഉറപ്പുവരുത്താന്‍ ജില്ലാ കലക്ടര്‍ ഉത്തരവിട്ടു. വാര്‍ഡ് തല ജാഗ്രതാ സമിതി, ഫസ്റ്റ് ലൈന്‍ ട്രീറ്റ്‌മെന്റ് സെന്റര്‍ എന്നിവയുടെ പ്രവര്‍ത്തനങ്ങള്‍ക്കും കൂടുതല്‍ അധ്യാപകരെയും ജീവനക്കാരെയും ഡ്യൂട്ടിക്ക് നിയോഗിക്കാനാണ് തീരുമാനം. ഇത് സംബന്ധിച്ച് തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ സെക്രട്ടറിമര്‍ക്ക് കലക്ടര്‍ നിര്‍ദേശം നല്‍കി. ഡ്യൂട്ടിക്ക് നിയോഗിക്കപ്പെട്ട അധ്യാപകരുടെ എണ്ണം എതെങ്കിലും തദ്ദേശ സ്വയംഭരണ സ്ഥാപന പരിധിയില്‍ കൂടുതല്‍ ആണെങ്കില്‍ അവരെ ആവശ്യമായ മറ്റിടങ്ങളിലേക്ക് വിന്യസിക്കാന്‍ ജില്ലാ പഞ്ചായത്ത് സെക്രട്ടറിയും പഞ്ചായത്ത് ഉപഡയറക്ടറും കൂടിയാലോചിച്ച് തീരുമാനമെടുക്കണമെന്നും കലക്ടര്‍ നിര്‍ദേശിച്ചു.
ഡ്യൂട്ടിക്ക് നിയോഗിക്കപ്പെട്ട അധ്യാപകര്‍ ജോലിയില്‍ വീഴ്ച വരുത്തുന്ന പക്ഷം അവരുടെ വിശദവിവരങ്ങള്‍ അതാത് തദ്ദേശ സ്ഥാപന സെക്രട്ടറിമാര്‍ കലക്ടറെ അറിയിക്കണമെന്നും നിര്‍ദേശമുണ്ട്. ക്വാറന്റൈന്‍ ലംഘനം സംബന്ധിച്ചും കൊവിഡ് പ്രോട്ടോക്കോള്‍ ലംഘനം സംബന്ധിച്ചും ഒരോ ദിവസത്തെയും പ്രവര്‍ത്തന റിപോര്‍ട്ട് ഗ്രാമപ്പഞ്ചായത്ത് സെക്രട്ടറിമാര്‍ പഞ്ചായത്ത് ഉപഡയറക്ടര്‍ക്കും, മുനിസിപ്പല്‍ സെക്രട്ടറിമാര്‍ ജില്ലാ പഞ്ചായത്ത് സെക്രട്ടറിക്കും അതാത് ദിവസം വൈകീട്ട് അഞ്ചിനു മുമ്പ് സമര്‍പ്പിക്കണം. റിപോര്‍ട്ട് ജില്ലാ പഞ്ചായത്ത് സെക്രട്ടറിയും പഞ്ചായത്ത് ഉപഡയറക്ടറും അന്നേ ദിവസം തന്നെ കലക്ടറേറ്റില്‍ അറിയിക്കേണ്ടതാണെന്നും ജില്ല കലക്ടര്‍ ഉത്തരവില്‍ വ്യക്തമാക്കി.
Covid: Teachers on vigilance committees