കണ്ണൂര്‍ ജില്ലയില്‍ കൊവിഡ് വാക്‌സിനേഷന്‍ തുടങ്ങി; ആദ്യദിനം കുത്തിവയ്‌പെടുത്തത് 706 പേര്‍
കണ്ണൂര്‍: കൊവിഡ് വാക്‌സിന്റെ ആദ്യഘട്ട കുത്തിവയ്പ്പ് ജില്ലയില്‍ തുടങ്ങി. ജില്ലയില്‍ ആദ്യദിനത്തില്‍ 706 പേരാണ് കുത്തിവയ്‌പെടുത്തത്. ജില്ലാ ആശുപത്രിയിലെ വാക്‌സിനേഷന്‍ കേന്ദ്രത്തില്‍ മലബാര്‍ കാന്‍സര്‍ സെന്റര്‍ ഡയറക്ടര്‍ ഡോ. സതീശന്‍ ബാലസുബ്രഹ്മണ്യം വാക്‌സിന്‍ കുത്തിവെയ്‌പ്പെടുത്തതോടെയാണ് ജില്ലയിലെ കൊവിഡ് വാക്‌സിനേഷന് തുടക്കമായത്. മറ്റ് കേന്ദ്രങ്ങളില്‍ കൊവിന്‍ ആപ്പ് അനുസരിച്ചുള്ള പട്ടികയനുസരിച്ചാണ് കുത്തിവയ്പിനായി ആളുകളെ തിരഞ്ഞെടുത്തത്. ആരോഗ്യ മന്ത്രി കെ കെ ശൈലജ കേന്ദ്രം സന്ദര്‍ശിച്ച് ഒരുക്കങ്ങള്‍ വിലയിരുത്തി.
രാവിലെ 11.15ഓടെയാണ് വാക്‌സിനേഷന്‍ ആരംഭിച്ചത്.പട്ടികയനുസരിച്ച് ആളുകളുടെ തിരിച്ചറിയല്‍ രേഖകള്‍ പരിശോധിച്ചാണ് കൊവിഡ് മാനദണ്ഡങ്ങള്‍ പാലിച്ച് ആളുകളെ വാക്‌സിനേഷന്‍ മുറിയിലേക്ക് കടത്തിവിട്ടത്. 0.5 മില്ലീ ലിറ്റര്‍ ഡോസ് വീതമാണ് ആദ്യഘട്ടത്തില്‍ നല്‍കിയത്. ഇവരെ അരമണിക്കൂര്‍ നേരം നിരീക്ഷിച്ച ശേഷം വിട്ടയച്ചു. കൊവിഡ് രോഗികളെ പരിചരിക്കുന്ന ആരോഗ്യ പ്രവര്‍ത്തകര്‍ക്കാണ് വാക്‌സിന്‍ നല്‍കിയത്. പരിയാരം ഗവ. മെഡിക്കല്‍ കോളജ്(63), ജില്ലാ ആശുപത്രി(74), പാനൂര്‍ താലൂക്ക് ആശുപത്രി(79), ഇരിട്ടി താലൂക്ക് ആശുപത്രി(79) താലൂക്ക് ആശുപത്രികള്‍, മയ്യില്‍ സാമൂഹിക ആരോഗ്യ കേന്ദ്രം(86), തേര്‍ത്തല്ലി(85), കൊട്ടിയൂര്‍(81), കതിരൂര്‍(80) കുടുംബാരോഗ്യ കേന്ദ്രങ്ങള്‍, ചെറുകുന്ന് ഗവ. ആയുര്‍വേദ ആശുപത്രി(79) എന്നീ ഒമ്പത് കേന്ദ്രങ്ങളിലായിരുന്നു വാക്‌സിനേഷന്‍ നടന്നത്.
കൊവിഡ് പ്രതിരോധത്തില്‍ പുതിയ വഴിത്തിരിവാണ് പ്രതിരോധ വാക്‌സിന്‍ കണ്ടുപിടുത്തമെന്നും കൊവിഡിനോട് പോരാടാന്‍ വാക്‌സിന്‍ പുത്തനുണര്‍വ്വ് നല്‍കുമെന്നും ജില്ലയില്‍ ആദ്യമായി വാക്‌സിന്‍ സ്വീകരിച്ച എംസിസി ഡയറക്ടര്‍ ഡോ. സതീശന്‍ ബാലസുബ്രഹ്മണ്യം പറഞ്ഞു. വേദനയോ മറ്റ് ബുദ്ധിമുട്ടുകളോ വാക്‌സിനെടുത്തപ്പോള്‍ ഉണ്ടായില്ലെന്നും വാക്‌സിന്‍ സ്വീകരിക്കാന്‍ എല്ലാവരും തയ്യാറാവണമെന്നും അദ്ദേഹം അഭ്യര്‍ഥിച്ചു.
32150 ഡോസ് കൊവി ഷീല്‍ഡ് വാക്‌സിനാണ് കഴിഞ്ഞദിവസം ജില്ലയിലെത്തിയത്. ആദ്യഘട്ടത്തില്‍ 14000 പേര്‍ക്ക് വാക്‌സിന്‍ നല്‍കുകയാണ് ലക്ഷ്യം. രണ്ട് ഡോസുകള്‍ വീതം നല്‍കാനുള്ള വാക്‌സിനാണ് നിലവില്‍ എത്തിയിട്ടുള്ളത്. സര്‍ക്കാര്‍ മേഖലയില്‍ പ്രവര്‍ത്തിക്കുന്ന 10563 ഉം സ്വകാര്യ മേഖലയിലെ 10670 ഉം ആരോഗ്യ പ്രവര്‍ത്തകരടക്കം ആകെ 27233 പേരാണ് വാക്‌സിനേഷനായി രജിസ്റ്റര്‍ ചെയ്തത്. കൊവിഡ് രോഗലക്ഷണങ്ങളുള്ളവരും കൊവിഡ് പോസിറ്റീവായി ചികില്‍സയില്‍ കഴിയുന്നവരും വാക്‌സിനേഷന് ഹാജരാവേണ്ടതില്ലെന്ന് നിര്‍ദേശം നല്‍കിയിരുന്നു. കൊവിഡ് നെഗറ്റീവായി 28 ദിവസത്തിനു ശേഷം മാത്രമേ അവര്‍ക്ക് കുത്തിവയ്പ് നല്‍കൂ. ഗര്‍ഭിണികള്‍, മുലയൂട്ടുന്ന അമ്മമാര്‍, 18 വയസ്സില്‍ താഴെയുള്ളവര്‍, മുമ്പ് ഏതെങ്കിലും കുത്തിവയ്പ് എടുത്തതിനാല്‍ അലര്‍ജി ഉണ്ടായിട്ടുള്ളവര്‍ എന്നിവര്‍ക്ക് കുത്തിവയ്പ് നല്‍കില്ല. ആദ്യ ഡോസ് എടുത്തുകഴിഞ്ഞാലും കൊവിഡ് മാനദണ്ഡങ്ങള്‍ കര്‍ശനമായി പാലിക്കണം. ആദ്യ കുത്തിവയ്പ് കഴിഞ്ഞ് 28 ദിവസത്തിന് ശേഷമാണ് അടുത്ത ഡോസ് നല്‍കുക.
ജില്ലാ കലക്ടര്‍ ടി വി സുഭാഷ്, ജില്ലാ മെഡിക്കല്‍ ഓഫിസര്‍ ഇന്‍ ചാര്‍ജ് ഡോ. എം പ്രീത, ഡെപ്യൂട്ടി ജില്ലാ മെഡിക്കല്‍ ഓഫിസര്‍ ഡോ. എം കെ ഷാജ്, ജില്ലാ പ്രോഗ്രാം മാനേജര്‍ ഡോ. പി കെ അനില്‍കുമാര്‍, ജില്ലാ ആര്‍സിഎച്ച് ഓഫിസര്‍ ഡോ. ബി സന്തോഷ്, ജില്ലാ ആശുപത്രി സൂപ്രണ്ട് ഡോ. വി കെ രാജീവന്‍ പങ്കെടുത്തു.