ഗോമൂത്രം മനുഷ്യര്‍ക്ക് ഹാനികരം; അപകടകരമായ ബാക്ടീരിയകളുണ്ടെന്ന് യുപിയിലെ ഗവേഷണ സ്ഥാപനം
ഗോമൂത്രം കുടിച്ചാല്‍ പനിക്കും വയറിളക്കത്തിനും കാരണമാവുകയും വൃക്ക തകരാറിലാകുകയും ചെയ്യുന്ന അണുബാധയുണ്ടാവും.
ലഖ്‌നോ: ഗോമൂത്രം മനുഷ്യര്‍ക്ക് ഹാനികരമാണെന്നും അപകടകരമായ ബാക്ടീരിയകള്‍ അടങ്ങിയിട്ടുണ്ടെന്നും രാജ്യത്തെ പ്രമുഖ സ്ഥാപനമായ ഇന്ത്യന്‍ വെറ്ററിനറി റിസര്‍ച്ച് ഇന്‍സ്റ്റിറ്റിയൂട്ടിന്റെ ഗവേഷണ റിപോര്‍ട്ട്. പശുക്കളുടെയും കാളകളുടെയും മൂത്രത്തിന്റെ സാംപിളുകളില്‍ നടത്തിയ പഠനത്തിലാണ് കുറഞ്ഞത് 14 തരം ഹാനികരമായ ബാക്ടീരിയകളെങ്കിലും കണ്ടെത്തിയത്. ഗോമൂത്രം അടക്കം ഒരു കന്നുകാലിയുടെ മൂത്രവും മനുഷ്യര്‍ കുടിക്കരുതെന്ന മുന്നറിയിപ്പും ഉത്തര്‍പ്രദേശിലെ ബറേലി കേന്ദ്രമായുള്ള ഗവേഷക സ്ഥാപനമായ ഐവിആര്‍ഐ നല്‍കിയിട്ടുണ്ട്.
ഗോമൂത്രം പ്രോല്‍സാഹിപ്പിക്കുന്ന ബിജെപി ഉള്‍പ്പെടെയുള്ള ഹിന്ദുത്വ ശക്തികള്‍ക്ക് കനത്ത തിരിച്ചടിയാണ് ഇന്ത്യയിലെ ഏറ്റവും മികച്ച ഗവേഷക സ്ഥാപനത്തിന്റെ ഗവേഷണ റിപോര്‍ട്ട്. പശുവിന്റെ മൂത്രത്തേക്കാള്‍ താരതമ്യേന മെച്ചം പോത്തിന്റെ മൂത്രമാണെങ്കിലും ഒരു കാലിയുടെ മൂത്രവും മനുഷ്യന് കുടിക്കാന്‍ അനുയോജ്യമല്ലെന്നും ഗവേഷകര്‍ അടിവരയിട്ട് പറയുന്നുണ്ട്. ഭക്ഷ്യസുരക്ഷാ മാനദണ്ഡങ്ങളൊന്നും പാലിക്കാതെ ഗോമൂത്രം ഇന്ത്യന്‍ വിപണിയില്‍ വ്യാപകമായി വിറ്റഴിക്കുന്നതിനിടയിലാണ് ഗവേഷകരുടെ കണ്ടെത്തല്‍ പുറത്തുവന്നത്. ഇന്‍സ്റ്റിറ്റിയൂട്ടിലെ സാംക്രമിക രോഗ ചികില്‍സാ ശാസ്ത്ര വകുപ്പ് തലവന്‍ ഭോജ് രാജ് സിങ്ങിന്റെ നേതൃത്വത്തില്‍ മൂന്ന് ഗവേഷക വിദ്യാര്‍ഥികള്‍ നടത്തിയ ഗവേഷണത്തിന്റെ റിപോര്‍ട്ട് 'റിസര്‍ച്ച് ഗേറ്റ്' ആണ് പ്രസിദ്ധീകരിച്ചത്. 2022 ജൂണിനും നവംബറിനുമിടയില്‍ മികച്ച ആരോഗ്യമുള്ള പശുക്കളുടെയും പോത്തുകളുടെയും 73 മൂത്ര സാംപിളുകള്‍ ശേഖരിച്ചാണ് ഗവേഷണം നടത്തിയത്. ഗോമൂത്രം കുടിച്ചാല്‍ പനിക്കും വയറിളക്കത്തിനും കാരണമാവുകയും വൃക്ക തകരാറിലാകുകയും ചെയ്യുന്ന അണുബാധയുണ്ടാവും. എന്നാല്‍, ബാക്ടീരിയക്കെതിരെ പ്രവര്‍ത്തിക്കാനുളള ശേഷി പശുവിനേക്കാള്‍ എരുമയുടെ മൂത്രത്തിനുണ്ടെങ്കിലും ഒരു കാരണവശാലും കന്നുകാലികളുടെ മൂത്രം മനുഷ്യന്‍ കുടിക്കരുതെന്ന് വ്യക്തമാക്കുന്നുണ്ട്. പ്രാദേശിക ഡയറി ഫാമുകളില്‍ നിന്നുള്ള സഹിവാള്‍, തര്‍പാര്‍ക്കര്‍, വിന്ദവാനി എന്നീ മൂന്ന് തരം പശുകളെക്കുറിച്ചാണ് ഗവേഷണം നടത്തിയച്. മനുഷ്യരില്‍ നിന്നും എരുമകളില്‍ നിന്നുമുള്ള സാംപിളുകളും പഠനത്തിനായി പരിഗണിച്ചു. അതേസമയം, പുതിയ ഗോമൂത്രത്തില്‍ നിന്ന് വ്യത്യസ്തമായി 'വാറ്റിയെടുത്ത' ഗോമൂത്രത്തില്‍ സാംക്രമിക ബാക്ടീരിയകള്‍ ഇല്ലെന്ന് വ്യാപകമായ വിശ്വാസത്തെ കുറിച്ചുള്ള ചോദ്യത്തിന് അതേക്കുറിച്ചുള്ള ഗവേഷണം ഇപ്പോഴും തുടരുകയാണെന്ന് ഭോജ് രാജ് സിങ് പറഞ്ഞു. എന്നിരുന്നാലും, ഗോമൂത്രത്തിന് ബാക്ടീരിയയെ പ്രതിരോധിക്കാനുള്ള ഗുണങ്ങളുണ്ടെന്ന് സാമാന്യവല്‍ക്കരിക്കാന്‍ കഴിയില്ലെന്ന് അദ്ദേഹം ആവര്‍ത്തിച്ചു. അതേസമയം, ഐവിആര്‍ഐയുടെ മുന്‍ ഡയറക്ടര്‍ ആര്‍ എസ് ചൗഹാന്‍ ഗവേഷണത്തെ ചോദ്യം ചെയ്തു. 'ഞാന്‍ 25 വര്‍ഷമായി ഗോമൂത്രത്തെക്കുറിച്ച് ഗവേഷണം നടത്തുകയാണെന്നും വാറ്റിയെടുത്ത ഗോമൂത്രം മനുഷ്യന്റെ പ്രതിരോധശേഷി മെച്ചപ്പെടുത്തുകയും കാന്‍സറിനും കൊവിഡിനും എതിരെ സഹായിക്കുകയും ചെയ്യുന്നുവെന്ന് ഞങ്ങള്‍ കണ്ടെത്തിയതായും അദ്ദേഹം പറഞ്ഞു. ഫുഡ് സേഫ്റ്റി ആന്‍ഡ് സ്റ്റാന്‍ഡേര്‍ഡ് അതോറിറ്റി ഓഫ് ഇന്ത്യയുടെ വ്യാപാരമുദ്ര പോലുമില്ലാതെ നിരവധി രോഗങ്ങള്‍ക്കുള്ള മരുന്നെന്നു പറഞ്ഞ് ഗോമൂത്രം രാജ്യത്ത് വ്യാപകമായി വിറ്റഴിക്കപ്പെടുന്നുണ്ട്. അതിനാല്‍ തന്നെ ഗവേഷകരുടെ കണ്ടെത്തലുകള്‍ക്ക് വലിയ പ്രാധാന്യമുണ്ടെന്നാണ് വിലയിരുത്തപ്പെടുന്നത്. ഹിന്ദു മതത്തില്‍ പശുക്കള്‍ക്കും അവയുടെ ഉല്‍പന്നങ്ങള്‍ക്കും മതപരമായ പവിത്രത നല്‍കുന്നതിനാല്‍ ഇതിന്റെ വിപണന സാധ്യതയും വലുതാണ്. ബിജെപി സര്‍ക്കാരുകള്‍ക്കു കീഴില്‍ ഗോമൂത്രവും ചാണകവും നിരവധി രോഗങ്ങള്‍ക്കുള്ള പ്രതിവിധിയായി വന്‍തോതില്‍ പ്രചരിപ്പിക്കപ്പെടുന്നുണ്ട്. നിരവധി കേന്ദ്രസംസ്ഥാന മന്ത്രിമാരും ഉന്നത ബിജെപി നേതാക്കളും ഹിന്ദുത്വ സംഘടനകളുമാണ് ഇത്തരം അവകാശവാദങ്ങള്‍ക്കു പിന്നിലുള്ളത്. കൊവിഡ് മഹാമാരിക്കിടെ പോലും ഗോമൂത്രം കൊറോണ വൈറസിനെ അകറ്റുമെന്ന് ചില ബിജെപി നേതാക്കള്‍ അവകാശപ്പെട്ടിരുന്നു. ചില ഹിന്ദുത്വ സംഘടനകള്‍ കൊവിഡ് കാലയളവില്‍ ഗോമൂത്രം കുടിക്കുന്ന പരിപാടികള്‍ പോലും നടത്തിയിരുന്നു.