സ്വര്‍ണക്കടത്ത് കേസ് അട്ടിമറിക്കാന്‍ സിപിഎം-ബിജെപി ധാരണ: മുല്ലപ്പള്ളി

Update: 2020-07-27 15:32 GMT

തിരുവനന്തപുരം: സ്വര്‍ണ കള്ളക്കടത്ത് കേസ് അട്ടിമറിക്കാന്‍ സിപിഎമ്മും ബിജെപിയും ധാരണയിലെത്തിയതായി ഉറച്ചുവിശ്വസിക്കുന്നുവെന്ന് കെപിസിസി അധ്യക്ഷന്‍ മുല്ലപ്പള്ളി രാമചന്ദ്രന്‍. രാജ്യദ്രോഹ കേസിന്റെ അന്വേഷണം മുഖ്യമന്ത്രിയുടെ ഓഫിസിലാണ് എത്തിനില്‍ക്കുന്നത്. മുഖ്യമന്ത്രിയുടെ വിശ്വസ്തരിലേക്കാണ് സംശയത്തിന്റെ വിരല്‍ നീളുന്നത്. മുഖ്യമന്ത്രിയുടെ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി എം ശിവശങ്കറിനെതിരേ വ്യക്തമായ തെളിവുകളാണ് പുറത്ത് വന്നുകൊണ്ടിരിക്കുന്നത്. എന്നാല്‍ കേസ് അനന്തമായി നീട്ടിക്കൊണ്ടുപോവാനുള്ള ശ്രമവും നടക്കുന്നു. അന്വേഷണ ഉദ്യോഗസ്ഥര്‍ ആരുടെയോ ഉത്തരവിനായി കാത്തു നില്‍ക്കുന്ന അവസ്ഥയാണുള്ളത്. നിര്‍ഭയമായി പ്രവര്‍ത്തിക്കാന്‍ ഉദ്യോഗസ്ഥര്‍ക്കാവുന്നില്ല. പ്രധാനമന്ത്രിയും അമിത് ഷായും അജിത് ദോവലുമടങ്ങുന്ന മൂവര്‍ സംഘമാണ് ഡല്‍ഹിയില്‍ നിന്നു കേസ് നിയന്ത്രിക്കുന്നത്.

    ബിജെപിയും സിപിഎമ്മും തമ്മിലുള്ള രാഷ്ട്രീയ നീക്കുപോക്ക് നിയമസഭാ തിരഞ്ഞെടുപ്പിന് മുമ്പ് നടക്കാനുള്ള എല്ലാ സാധ്യതയുമുണ്ട്. അന്വേഷണത്തില്‍ ഭയപ്പാടില്ലെങ്കില്‍ എന്തുകൊണ്ട് മുഖ്യമന്ത്രി സിബിഐ അന്വേഷണം കാബിനറ്റിലൂടെ ആവശ്യപ്പെടുന്നില്ല. സിബിഐ അന്വേഷണം നടത്താന്‍ കേന്ദ്ര സര്‍ക്കാരിനും താല്‍പ്പര്യമില്ല. ഉന്നതങ്ങളിലെ അഴിമതി പുറത്തുകൊണ്ടുവരാന്‍ സിബിഐ അന്വേഷണത്തിലൂടെ മാത്രമേ സാധിക്കൂ. കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകളുടെ ഇന്റലിജന്‍സ് സംവിധാനത്തെ നോക്കുകുത്തിയാക്കിയാണ് സ്വര്‍ണകള്ളക്കടത്ത് കേസില്‍ സംശയ നിഴലിലുള്ള യുഎഇ അറ്റാഷെ ഇന്ത്യയില്‍ നിന്നത് രക്ഷപ്പെട്ടത്. ഇത് നാണക്കേടാണ്. വിദേശമന്ത്രാലയത്തിനും കേന്ദ്ര ഇന്റലിജന്‍സ് ഏജന്‍സികള്‍ക്കും ഇക്കാര്യത്തിലുണ്ടായ വീഴ്ച ചെറുതല്ല. സ്വര്‍ണക്കടത്തുമായി ബന്ധപ്പെട്ട തീവ്രവാദ ബന്ധത്തോടൊപ്പം രാഷ്ട്രീയ അഴിമതിയും തുറന്നുകാട്ടാന്‍ താല്‍പ്പര്യമുണ്ടെങ്കില്‍ ബിജെപിയും സിബിഐ അന്വേഷണം ആവശ്യപ്പെടാന്‍ തയ്യാറാവണം. സ്വര്‍ണക്കടത്തിന്റെ യഥാര്‍ഥ ഗൂഢാലോചന പുറത്ത് കൊണ്ടുവരാന്‍ മുഖ്യമന്ത്രി ഉള്‍പ്പെടെയുള്ളവരുടെ വിദേശയാത്രകളെ കുറിച്ചും അന്വേഷിക്കണം.

    ആരെയും സ്വീകരിക്കാന്‍ തയ്യാറായി നില്‍ക്കുകയാണ് സിപിഎമ്മും എല്‍ഡിഎഫും. കേരള കോണ്‍ഗ്രസിനേയും മുസ് ലിംലീഗിനേയും അവര്‍ സ്വാഗതം ചെയ്യുന്നു. ത്രീവ്രനിലപാടുകളുടെ സംഘടനകളായ എസ് ഡിപിഐ, പിഡിപി, വെല്‍ഫെയര്‍ പാര്‍ട്ടി തുടങ്ങിയവരുമായി സിപിഎം ഒളിഞ്ഞും തെളിഞ്ഞും ധാരണയുണ്ടാക്കി. സിപിഎമ്മിന്റെ ജീര്‍ണത, മുതലാളിത്ത ചങ്ങാത്തം, ഇന്ത്യയില്‍ സിപിഎമ്മിന് ഉണ്ടായ അപചയം എന്നിവയെ കുറിച്ച് സത്യസന്ധമായ ഒരു ചര്‍ച്ചയും സിപിഎം കേന്ദ്ര നേതൃത്വം നടത്തുന്നില്ല. കേരളത്തിലെ കഴിഞ്ഞ നാലുവര്‍ഷത്തെ ഭരണം ഒരു യഥാര്‍ത്ഥ കമ്മ്യൂണിസ്റ്റുകാരന് അപമാനമാണ്. അഴിമതിയുടെ തുടര്‍ക്കഥകളാണ് ഓരോ ദിവസവും പുറത്ത് വരുന്നതെന്നും മുല്ലപ്പള്ളി പറഞ്ഞു. 

CPM-BJP pact to sabotage gold smuggling case: Mullappally

Tags:    

Similar News