കണ്ണൂരില്‍ പോക്‌സോ കേസില്‍ പുറത്താക്കിയ സിപിഎം ബ്രാഞ്ച് സെക്രട്ടറി കോഴിക്കോട്ട് തൂങ്ങിമരിച്ച നിലയില്‍
കണ്ണൂര്‍: കണ്ണൂരിലെ തളിപ്പറമ്പില്‍ പോക്‌സോ കേസില്‍ പുറത്താക്കിയ സിപിഎം ബ്രാഞ്ച് സെക്രട്ടറി കോഴിക്കോട്ട് തൂങ്ങിമരിച്ച നിലയില്‍. സിപിഎം മുയ്യം ബ്രാഞ്ച് സെക്രട്ടറിയായിരുന്ന അനീഷിനെയാണ് തൊണ്ടയാടിനും ചേവായൂരിനും ഇടയിലുള്ള കാവ് ബസ്‌റ്റോപ്പിന് സമീപത്തെ പറമ്പില്‍ തൂങ്ങിയ നിലയില്‍ കണ്ടെത്തിയത്. പ്ലസ് വണ്‍ വിദ്യാര്‍ഥിയെ പ്രകൃതിവിരുദ്ധ പീഡനത്തിന് ഇരയാക്കിയെന്ന പരാതിയില്‍ കഴിഞ്ഞ ദിവസമാണ് അനീഷിനും മുയ്യം പടിഞ്ഞാറ് ബ്രാഞ്ച് സെക്രട്ടറി സി രമേശനുമെതിരേ പോക്‌സോ നിയമപ്രകാരം കേസെടുത്തത്. കഴിഞ്ഞ ദിവസങ്ങളില്‍ നടന്ന ബ്രാഞ്ച് സമ്മേളനങ്ങളില്‍ ബ്രാഞ്ച് സെക്രട്ടറിമാരായി തിരഞ്ഞെടുക്കപ്പെട്ടവരാണ് ഇരുവരും. കേസെടുത്തതോടെ സിപിഎം സിപിഎം പ്രാഥമിക അംഗത്വത്തില്‍ നിന്ന് പുറത്താക്കിയിരുന്നു. ഇതിനുശേഷം അനീഷ് ഒളിവിലായിരുന്നു.
ഇക്കഴിഞ്ഞ ഞായറാഴ്ച വൈകീട്ട് വിദ്യാര്‍ഥിയെ രമേശന്‍ ആളൊഴിഞ്ഞ പറമ്പിലേക്ക് വിളിച്ചുകൊണ്ടുപോയി പീഡിപ്പിച്ചെന്നായിരുന്നു പരാതി. അവശനായ വിദ്യാര്‍ഥി കൂട്ടുകാരോട് ഇക്കാര്യം പറഞ്ഞു. എന്നാല്‍, ഇവരില്‍ ചിലരെയും രമേശന്‍ പീഡിപ്പിച്ചതായി അറിയിച്ചു. തുടര്‍ന്ന് കൂട്ടുകാര്‍ രമേശനെ പീഡനത്തിനിരയായ വിദ്യാര്‍ഥിയെക്കൊണ്ട് ഫോണില്‍ വിളിപ്പിച്ച് സംഭവം നടന്ന സ്ഥലത്തെത്താന്‍ ആവശ്യപ്പെട്ടു. രമേശന്‍ തന്റെ കൂട്ടുകാരന്‍ കൂടിയായ മുയ്യം ബ്രാഞ്ച് സെക്രട്ടറി അനീഷിനെയും ഫോണില്‍ വിളിച്ച് സ്ഥലത്തെത്താന്‍ ആവശ്യപ്പെട്ടു. ഇരുവരും സ്ഥലത്തെത്തിയപ്പോള്‍ രമേശനെ കുട്ടികള്‍ പിടികൂടി രക്ഷിതാക്കളെ അറിയിച്ചു. സ്ഥലത്തുനിന്ന് അനീഷ് ഓടി രക്ഷപ്പെട്ടു. രക്ഷിതാക്കളും നാട്ടുകാരുമാണ് രമേശനെ പോലിസില്‍ ഏല്‍പ്പിച്ചത്. 17 കാരനെ പീഡിപ്പിച്ചതിന് രമേശനെതിരെയും മറ്റൊരു ആണ്‍കുട്ടിയെ പീഡിപ്പിച്ചതിനു രമേശനും അനീഷിനുമെതിരെയും കേസെടുത്തിരുന്നു.