സിപിഎം സമ്മര്‍ദ്ദം; ബാലുശ്ശേരി അക്രമക്കേസ് പ്രതിപ്പട്ടികയില്‍ നിന്ന് ഡിവൈഎഫ്‌ഐ പ്രവര്‍ത്തകനെ ഒഴിവാക്കി പോലിസ്
ഡിവൈഎഫ്‌ഐ പ്രവര്‍ത്തകനായ നജാഫ് ഹാരിസിനെയും സിപിഎം അനുഭാവി ഷാലിദിനെയുമാണ് സിപിഎം സമ്മര്‍ദ്ദത്തെ തുടര്‍ന്ന് പോലിസ് പ്രതി പട്ടികയില്‍ നിന്ന് ഒഴിവാക്കിയിരിക്കുന്നത്
കോഴിക്കോട്: ബാലുശ്ശേരിയില്‍ ഡിവൈഎഫ്‌ഐ പ്രവര്‍ത്തകനായ ജിഷ്ണുവിനെ സംഘം ചേര്‍ന്ന് മര്‍ദിച്ച കേസില്‍ പ്രതികളായ ഡിവൈഎഫ്‌ഐ പ്രവര്‍ത്തകനെയും പാര്‍ട്ടി അനുഭാവിയേയും പ്രതിപ്പട്ടികയില്‍ നിന്ന് ഒഴിവാക്കി പോലിസിന്റെ റിമാന്‍ഡ് റിപോര്‍ട്ട്.ഡിവൈഎഫ്‌ഐ പ്രവര്‍ത്തകനായ നജാഫ് ഹാരിസിനെയും സിപിഎം അനുഭാവി ഷാലിദിനെയുമാണ് സിപിഎം സമ്മര്‍ദ്ദത്തെ തുടര്‍ന്ന് പോലിസ് പ്രതി പട്ടികയില്‍ നിന്ന് ഒഴിവാക്കിയിരിക്കുന്നത്.
കേസിലെ 11,12 പ്രതികളാണ് നജാഫും,ഷാലിദും.പ്രതികളുടെ ജാമ്യാപേക്ഷ കോടതിയില്‍ എത്തിയതോടെയാണ് റിമാന്‍ഡ് റിപോര്‍ട്ട് പുറത്തായത്. കേസില്‍ ഇരുവരേയും കസ്റ്റഡിയിലെടുത്തത് മുതല്‍ ഇവരെ പ്രതിപ്പട്ടികയില്‍ ഉള്‍പ്പെടുത്താതിരിക്കാന്‍ പോലിസിന് സിപിഎമ്മില്‍ നിന്ന് കടുത്ത സമ്മര്‍ദം ഉണ്ടായിരുന്നു.
പോസ്റ്റര്‍ നശിപ്പിച്ചതായി സമ്മതിക്കണമെന്ന് ആവശ്യപ്പെട്ട് എസ്ഡിപിഐയും, ലീഗ് പ്രവര്‍ത്തകരും ചേര്‍ന്ന് ജിഷ്ണുവിനെ ക്രൂരമായി ആക്രമിച്ചു എന്നാണ് റിമാന്‍ഡ് റിപ്പോര്‍ട്ടിലുള്ളത്.സംഭവത്തില്‍ 29 പേര്‍ക്കെതിരെ ജാമ്യമില്ലാ വകുപ്പ് ചുമത്തി പോലിസ് കേസെടുത്തിരുന്നു. ഒന്നുമുതല്‍ പത്തുവരെയുള്ള പ്രതികള്‍ അടക്കം കണ്ടാലറിയാവുന്ന ഇരുപതോളം പേര്‍ ചേര്‍ന്നാണ് ആക്രമണം നടത്തിയതെന്നാണ് പോലിസ് ഭാഷ്യം.
1,2,3 പ്രതികള്‍ ജിഷ്ണുവിന്റെ ബൈക്ക് തടഞ്ഞുവെച്ച് ജിഷ്ണുവിനെ കൂട്ടിക്കൊണ്ടുപോയി. 4,5,6,7 പ്രതികള്‍ ചേര്‍ന്ന് ക്രൂരമായി മര്‍ദിച്ചു.പോസ്റ്റര്‍ നശിപ്പിച്ചതായി സമ്മതിക്കാന്‍ ജിഷ്ണു കൂട്ടാക്കാത്തതിനാല്‍ തൊട്ടടുത്ത വയലിലേക്ക് വലിച്ചുകൊണ്ടുപോയി തല വെള്ളത്തില്‍ മുക്കി കൊലപ്പെടുത്താന്‍ ശ്രമിച്ചതായും റിപോര്‍ട്ടില്‍ പറയുന്നു. മറ്റ് പ്രതികളുടെ രാഷ്ട്രീയ പാര്‍ട്ടികള്‍ റിമാന്‍ഡ് റിപോര്‍ട്ടില്‍ വ്യക്തമായി പറയുന്നുണ്ട്.എന്നാല്‍ 11, 12 പ്രതികളായ ഡിവൈഎഫ്‌ഐ പ്രവര്‍ത്തകന്റെയും,സിപിഎം അനുഭാവിയുടേയും പാര്‍ട്ടി വ്യക്തമാക്കുന്ന യാതൊന്നും തന്നെ പോലിസിന്റെ റിപോര്‍ട്ടില്‍ ഇല്ല.
അക്രമത്തിന് ശേഷം നജാഫ് ഹാരിസ് ഉള്‍പ്പടെയുള്ള പ്രതികളാണ് ജിഷ്ണുവിനെ പോലിസിന് കൈമാറിയത്. നജാഫ് ഫാരിസിന്റെ മൊഴിയുടെ അടിസ്ഥാനത്തിലാണ് ജിഷ്ണുവിനെതിരെ ആയുധ നിയമപ്രകാരം പോലിസ് കേസെടുത്തിരുന്നത്.എന്നാല്‍ ഈ പ്രതികളെ സംരക്ഷിച്ചുകൊണ്ടാണ് പോലീിസ് റിമാന്‍ഡ് റിപോര്‍ട്ട് നല്‍കിയിരിക്കുന്നത്.