കണ്ണൂരില്‍ സിപിഎം പ്രവര്‍ത്തകനെ വെട്ടിക്കൊന്നു; പിന്നില്‍ ആര്‍എസ്എസ് എന്ന് ആരോപണം

Update: 2022-02-21 00:55 GMT

കണ്ണൂര്‍: കണ്ണൂര്‍ തലശ്ശേരി ന്യൂമാഹിയിയില്‍ സിപിഎം പ്രവര്‍ത്തകനെ വെട്ടിക്കൊന്നു. പുന്നോല്‍ സ്വദേശി ഹരിദാസനാ (54)ണ് കൊല്ലപ്പെട്ടത്. സംഭവത്തിന് പിന്നില്‍ ആര്‍എസ്എസ് എന്നാണ് സിപിഎം പ്രാദേശിക നേതൃത്വത്തിന്റെ ആരോപണം. തലശ്ശേരി ന്യൂ മാഹിക്ക് സമീപം തിങ്കളാഴ്ച പുലര്‍ച്ചെ രണ്ടോടെയാണ് സംഭവം. മല്‍സ്യബന്ധനത്തൊഴിലാളിയായ ഹരിദാസന്‍ ജോലികഴിഞ്ഞ് മടങ്ങുമ്പോളായിരുന്നു വെട്ടേറ്റത്. വീടിന് അടുത്ത് വച്ച് ബന്ധുക്കളുടെ മുന്നില്‍ വച്ചായിരുന്നു ആക്രമണം. രണ്ട് ബൈക്കുകളിലായെത്തിയ സംഘമാണ് കൊല നടത്തിയത്. ഇവരെ തടയാന്‍ ശ്രമിച്ച സഹോദരന്‍ സുരനും വെട്ടേറ്റു. സുരനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

വെട്ടേറ്റ ഹരിദാസന്റെ കാല്‍ പൂര്‍ണമായും അറ്റുപോയ നിലയിലായിരുന്നു. ശരീരത്തിലുടനീളം ആഴത്തിലുള്ള മുറിവുകളുണ്ട്. ഹരിദാസന്റെ മൃതദേഹം തലശ്ശേരി സഹകരണ ആശുപത്രി മോര്‍ച്ചറിയിലാണ്. ഒരാഴ്ച മുമ്പ് പുന്നോലില്‍ സിപിഎം-ബിജെപി സംഘര്‍ഷമുണ്ടായിരുന്നു. ഉല്‍സവവുമായി ബന്ധപ്പെട്ടായിരുന്നു സംഘര്‍ഷം. ഇതിന്റെ പിന്നാലെയാണ് ഹരിദാസനു നേരേ ആക്രമണമുണ്ടായത്. തലശ്ശേരി കൊമ്മല്‍ വാര്‍ഡിലെ കൗണ്‍സിലറുടെ പ്രസംഗത്തിന് ശേഷമാണ് കൊലപാതകം നടന്നത്. ക്ഷേത്രത്തിലെ ഉല്‍സവത്തിന് പിന്നാലെ നടത്തിയ പ്രതിഷേധ യോഗത്തില്‍ നടത്തിയത് പ്രകോപനപരമായ പ്രസംഗമാണെന്ന് സിപിഎം കണ്ണൂര്‍ ജില്ലാ സെക്രട്ടറി എം വി ജയരാജന്‍ പ്രതികരിച്ചു.

അക്രമം നടന്ന സ്ഥലത്തും പ്രദേശത്തുമായി സുരക്ഷയ്ക്കായി കൂടുതല്‍ പോലിസിനെ വിന്യസിച്ചിട്ടുണ്ട്. അതേസമയം, സിപിഎം പ്രവര്‍ത്തകനായ ഹരിദാസന്റെ കൊലപാതകത്തില്‍ പ്രതിഷേധിച്ച് തലശ്ശേരി നഗരസഭ, ന്യൂ മാഹി പഞ്ചായത്ത് എന്നിവിടങ്ങളില്‍ സിപിഎം ഹര്‍ത്താലിന് ആഹ്വാനം ചെയ്തു. രാവിലെ ആറ് മണിക്ക് തുടങ്ങിയ ഹര്‍ത്താല്‍ വൈകീട്ട് ആറ് മണിവരെ നീളും. കൊലപാതകം നടത്തിയവരെ കണ്ടെത്താനുള്ള ശ്രമം പോലിസ് ഊര്‍ജിതമാക്കി. ബന്ധുക്കളുടെ മൊഴിയെടുത്ത പോലിസ് അക്രമികളുടെ ബൈക്ക് കേന്ദ്രീകരിച്ച് അന്വേഷണം തുടങ്ങി. പരേതനായ ഫല്‍ഗുനന്റെയും ചിത്രാംഗിയുടെയും മകനാണ്. ഭാര്യ: മിനി. മക്കള്‍: ചിന്നു, നന്ദന. മരുമകന്‍: കലേഷ്. സഹോദരങ്ങള്‍: ഹരീന്ദ്രന്‍, സുരേന്ദ്രന്‍ (ഓട്ടോ ഡ്രൈവര്‍), സുരേഷ് (സിപിഎം പുന്നോല്‍ ഈസ്റ്റ് ബ്രാഞ്ച് അംഗം), സുജിത, സുചിത്ര.

Tags:    

Similar News