കൊവിഡ് പരിശോധന നടത്താതെ മൃതദേഹം സംസ്‌കരിച്ച സംഭവം: അന്വേഷണത്തിന് ഉത്തരവ്

മൃതദേഹം അനുമതി കൂടാതെ നാട്ടിലെത്തിച്ചതും കൊവിഡ് പരിശോധന കൂടാതെ സംസ്‌കരിച്ചതും ആശങ്കയ്ക്ക് ഇടയാക്കിയിട്ടുണ്ട്.

Update: 2020-06-11 04:28 GMT

പാലക്കാട്: ചെന്നൈയില്‍ മരിച്ച അമ്പത്തിരണ്ടുകാരന്റെ മൃതദേഹം കൊവിഡ് പരിശോധന നടത്താതെ പാലക്കാട് സംസ്‌കരിച്ചതായി പരാതി. മരിച്ച വ്യക്തിയുടെ ഭാര്യയ്ക്ക് പിന്നീട് കൊറോണ വൈറസ് സ്ഥിരീകരിച്ചിരുന്നു. സംഭവത്തെ തുടര്‍ന്ന് പാലക്കാട് കലക്ടര്‍ അന്വേഷണത്തിന് ഉത്തരവിട്ടു.

ചെന്നൈയില്‍ ചായക്കട നടത്തിയിരുന്ന വ്യക്തി മെയ് 22 നാണ് മരിച്ചത്. അന്ന് തന്നെ മൃതദേഹം രാത്രി പതിനൊന്നരയോടെ പാലക്കാട് എത്തിച്ചു എലവഞ്ചേരിയിലെ ശ്മശാനത്തില്‍ സംസ്‌കാരം നടത്തിയിരുന്നു. വാളയാര്‍ വഴി ആംബുലന്‍സിലാണ് മൃതദേഹം എത്തിച്ചത്. മകനും ഭാര്യയും ആംബുലന്‍സില്‍ ഒപ്പമുണ്ടായിരുന്നു. എന്നാല്‍ ചെന്നൈയില്‍ നിന്നും മൃതദേഹം കൊണ്ട് വരുന്നതിന് അനുമതി ഉണ്ടായിരുന്നില്ല. എലവഞ്ചേരി സാമൂഹികാരോഗ്യ കേന്ദ്രത്തിലെ ഡോക്ടറുടെ എതിര്‍പ്പിനെ തുടര്‍ന്നാണ് മൃതദേഹം വീട്ടില്‍ കയറ്റാതെ ശ്മശാനത്തിലേക്ക് കൊണ്ടുപോയത്.

അതിര്‍ത്തി കടന്നെത്തുന്നവര്‍ 14 ദിവസം ക്വാറന്റീനില്‍ കഴിയണമെന്നിരിക്കെ സംസ്‌കാരത്തിന് ശേഷം പരേതന്റെ ഭാര്യ വടക്കഞ്ചേരി അഞ്ചുമൂര്‍ത്തി മംഗലത്തെ ബന്ധുവീട്ടിലേക്ക് പോയി. തുടര്‍ന്നാണ് ഇവര്‍ക്ക് കൊവിഡ് സ്ഥിരീകരിക്കുന്നത്. ഇതോടെ, എലവഞ്ചേരിയിലെ ശ്മശാനം അടച്ചു. സംസ്‌കാര സമയത്ത് ശ്മശാനത്തില്‍ ഉണ്ടായിരുന്ന 16 പേരെ നിരീക്ഷണത്തിലാക്കി. ആരോഗ്യപ്രവര്‍ത്തകര്‍, പോലിസുകാര്‍, ബന്ധുക്കള്‍, പഞ്ചായത്തംഗം, ആംബുലന്‍സ് ഡ്രൈവര്‍ തുടങ്ങിയവരാണ് നിരീക്ഷണത്തിലായത്.

മൃതദേഹം അനുമതി കൂടാതെ നാട്ടിലെത്തിച്ചതും കൊവിഡ് പരിശോധന കൂടാതെ സംസ്‌കരിച്ചതും ആശങ്കയ്ക്ക് ഇടയാക്കിയിട്ടുണ്ട്. സംഭവത്തെക്കുറിച്ച് വിശദമായ അന്വേഷണം നടത്തി റിപോര്‍ട്ട് സമര്‍പ്പിക്കാന്‍ ജില്ല മെഡിക്കല്‍ ഓഫിസറോട് ജില്ലാ കലക്ടര്‍ നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. അന്തര്‍ സംസ്ഥാനത്ത് നിന്നും വാളയാര്‍ വഴി ഒരുപാട് പേരാണ് അതിര്‍ത്തി കടന്ന് കേരളത്തില്‍ എത്തുന്നത്.



Tags:    

Similar News