കൊവിഡ് മരണം: മൃതദേഹം പള്ളിപ്പറമ്പില്‍ സംസ്‌കരിക്കാന്‍ അനുവദിക്കാതെ പള്ളി കമ്മിറ്റിയും പ്രദേശവാസികളും
ഇടവക പള്ളിയായ തച്ചുടപറമ്പ് സെന്റ് സെബാസ്റ്റ്യന്‍ പള്ളിയില്‍ തന്നെ മൃതദേഹം സംസ്‌കരിക്കണം എന്നാണ് കുടുംബത്തിന്റെ ആവശ്യം.
തൃശൂര്‍: ചാലക്കുടിയില്‍ കൊവിഡ് ബാധിച്ച് മരിച്ച ഡെനി ചാക്കോയുടെ മൃതദേഹം പള്ളിപ്പറമ്പില്‍ സംസ്‌കരിക്കാന്‍ അനുവദിക്കാതെ പള്ളി കമ്മിറ്റിയും പ്രദേശവാസികളും. ഇടവക പള്ളിയായ തച്ചുടപറമ്പ് സെന്റ് സെബാസ്റ്റ്യന്‍ പള്ളിയില്‍ തന്നെ മൃതദേഹം സംസ്‌കരിക്കണം എന്നാണ് കുടുംബത്തിന്റെ ആവശ്യം. എന്നാല്‍ കോണ്‍ക്രീറ്റ് അറകള്‍ ഉള്ള സെമിത്തേരി ആയതിനാല്‍ കൊവിഡ് പ്രോട്ടോകോള്‍ പ്രകാരം സംസ്‌കാരം നടത്താന്‍ കഴിയില്ല. പള്ളിപ്പറമ്പില്‍ കുഴിയെടുത്ത് സംസ്‌കാരം നടത്താന്‍ അധികൃതര്‍ ഒരുക്കമാണ്. എന്നാല്‍, പള്ളി കമ്മിറ്റിയും പ്രദേശവാസികളും ഇതിന് എതിരാണ്. ചതുപ്പുള്ള പ്രദേശമായതിനാല്‍ അഞ്ച് അടി കുഴി എടുക്കുമ്പോഴേക്കും വെള്ളം കാണുമെന്നും മാലിന്യം സമീപത്തെ കിണറുകളിലേക്ക് പടരുമെന്നുമാണ് ഇവരുടെ ആശങ്ക.
എന്നാല്‍, പള്ളിയില്‍ തന്നെ സംസ്‌കരിക്കണം എന്നാണ് ഡെനിയുടെ കുടുംബത്തിന്റെ നിലപാട്. നഗരസഭ ശ്മശാനത്തില്‍ സംസ്‌കരിച്ച ശേഷം അവശേഷിപ്പുകള്‍ കല്ലറയില്‍ വൈക്കം എന്ന നിര്‍ദേശം കുടുംബം തള്ളി. ഇരു വിഭാഗങ്ങളുടെയും നിലപാട് ചാലക്കുടി തഹസില്‍ദാര്‍ തൃശൂര്‍ ജില്ല കളക്ടറെ അറിയിച്ചിട്ടുണ്ട്. ഇക്കാര്യത്തില്‍ സര്‍ക്കാര്‍ അന്തിമ തീരുമാനം കൈക്കൊണ്ടിട്ടില്ല. കഴിഞ്ഞ ദിവസമാണ് ഡെനി തൃശൂര്‍ മെഡിക്കല്‍ കോളജില്‍ കൊവിഡ് ബാധിച്ച് മരിച്ചത്. മൃതദേഹം മെഡിക്കല്‍ കോളജ് മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുകയാണ്.